പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടില്‍നിന്ന് ഇരുപത്തിയൊന്നായി ഉയര്‍ത്താനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുകയാണ്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഈ ബില്ല് നിയമമാകുന്നതോടെ ആധുനിക ഭാരതത്തിന്റെ ചരിത്രത്തില്‍ വനിതാ ശാക്തീകരണത്തിന്റെ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുകയാണ്. പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതു സംബന്ധിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട ജയ ജെറ്റ്ലി കമ്മീഷന് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 2020 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലും, ഇതേ വര്‍ഷം ഒക്ടോബറില്‍ രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴും പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച നിയമം ഭേദഗതി ചെയ്യുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുകയാണെന്നും, ഇക്കാര്യത്തിലുള്ള തീരുമാനം ഉടനുണ്ടാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ഈ ഉറപ്പ് കേന്ദ്രസര്‍ക്കാര്‍ പാലിച്ചിരിക്കുകയാണ്. ബില്ല് പാര്‍ലമെന്റ് പാസാക്കുന്നതോടെ പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും നിയമപരമായ വിവാഹപ്രായം ഇരുപത്തിയൊന്നായി മാറും. ആണ്‍കുട്ടികളുടെ വിവാഹപ്രായം ഇരുപത്തിയൊന്നും പെണ്‍കുട്ടികളുടേത് പതിനെട്ടുമാക്കി വ്യവസ്ഥ ചെയ്തിട്ടുള്ള 2006 ലെ ശൈശവവിവാഹ നിരോധന നിയമം, 1872 ലെ ഇന്ത്യന്‍ ക്രൈസ്തവ വിവാഹ നിയമം, 1936 ലെ പാഴ്സി വിവാഹ-വിവാഹമോചന നിയമം, 1937 ലെ മുസ്ലിം വ്യക്തിനിയമം, 1969 ലെ വിദേശവിവാഹ നിയമം തുടങ്ങിയവയില്‍ ഭേദഗതി ചെയ്യുന്ന ബില്ലാണ് പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ പോകുന്നത്.
പെണ്‍കുട്ടികളുടെ വിവാഹപ്രായം ആണ്‍കുട്ടികളുടേതിന് തുല്യമാക്കുന്നതോടെ ലിംഗസമത്വത്തിന്റെ കാര്യത്തില്‍ വലിയൊരു കുതിച്ചുചാട്ടമാണ് സമൂഹത്തില്‍ ഉണ്ടാവുക. സ്ത്രീസമൂഹത്തിന്റെ സമഗ്രമായ പുരോഗതിക്കും സ്വയംപര്യാപ്തതക്കും മോചനത്തിനും വഴിതുറക്കുന്നതാണ് ഈ തീരുമാനം. പതിനെട്ടാമത്തെ വയസ്സില്‍ വിവാഹക്കമ്പോളത്തിലേക്ക് എടുത്തെറിയപ്പെടുന്നതിലൂടെ പെണ്‍കുട്ടികളുടെ ജീവിതം പല നിലകളില്‍ ദുസ്സഹമാവുകയാണ്. വളരെ ചെറിയ പ്രായത്തില്‍ വിവാഹിതരാവുന്നതിനാല്‍ പല പെണ്‍കുട്ടികളുടെയും വിദ്യാഭ്യാസം അതോടെ അവസാനിക്കുന്നു. മതിയായ വിദ്യാഭ്യാസം ലഭിക്കാത്തതിനാല്‍ ജോലി നിഷേധിക്കപ്പെടുന്നു. സ്വന്തമായി സമ്പാദിച്ച് സ്വയംപര്യാപ്തത നേടാനുള്ള അവസരവും അന്യമാവും. പതിനെട്ട് വയസ്സ് എന്നത് മാനസികമായി മാത്രമല്ല, ശാരീരികമായും പക്വതയെത്താത്ത പ്രായമാണ്. ഈ പ്രായത്തില്‍ ഭാര്യയും അമ്മയുമൊക്കെ ആവുന്നത് സ്ത്രീകളുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. പ്രസവത്തോടെയുള്ള മാതൃമരണ നിരക്കും ശിശുമരണ നിരക്കും വര്‍ധിക്കാനിടവരുത്തുന്നു. നിയമപരമായ വിവാഹപ്രായം 21 വയസ്സാകുന്നതോടെ ഇതിന് വലിയതോതില്‍ മാറ്റം വരുമെന്ന് തീര്‍ച്ചയാണ്. വിദ്യാര്‍ത്ഥികളായ പെണ്‍കുട്ടികള്‍ വിവാഹത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്ന രീതിക്ക് മാറ്റമുണ്ടാവും. ദാമ്പത്യജീവിതത്തിന്റെ തുടക്കത്തില്‍ത്തന്നെ വിവാഹമോചനം നേടേണ്ട അവസ്ഥ ഇല്ലാതാവുന്നു. 30-ാമത്തെ വയസ്സില്‍ മൂന്നും നാലും കുട്ടികളുടെ അമ്മയാകുകയും, പേരക്കുട്ടികളുടെ അമ്മൂമ്മയാവുകയും ചെയ്യുന്ന സ്ഥിതിവിശേഷം ഒഴിവാക്കാനാവും.
കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിന് വലിയ പിന്തുണയാണ് സ്ത്രീസമൂഹത്തില്‍നിന്ന് ലഭിക്കുന്നത്. ബില്ലിനെ സംബന്ധിച്ച ചര്‍ച്ചകളില്‍ വിവിധ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ ഒറ്റക്കെട്ടായി അതിനെ സ്വാഗതം ചെയ്യുകയുണ്ടായി. എന്നാല്‍ പതിവുപോലെ ഒരു വിഭാഗം മതമൗലികവാദികള്‍ എതിര്‍പ്പുമായി രംഗത്തുവന്നിട്ടുണ്ട്. മുത്തലാഖ് കുറ്റകരമാക്കിക്കൊണ്ടുള്ള നിയമനിര്‍മാണത്തെ എതിര്‍ത്ത വിഭാഗംതന്നെയാണിത്. സ്ത്രീകളെ എക്കാലവും സ്വന്തം അധീശത്വത്തിനു കീഴില്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന ഇക്കൂട്ടര്‍ കേട്ടാലറയ്ക്കുന്ന അസംബന്ധങ്ങളാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്ന ബില്ലിനെതിരെ വിളിച്ചുപറയുന്നത്. സംഘടിത വോട്ടുബാങ്കിനെ പ്രീണിപ്പിക്കാന്‍ പുരോഗമനത്തിന്റെ മുഖംമൂടിയണിഞ്ഞ ചിലരും ഇവര്‍ക്കൊപ്പം ഒച്ചവയ്ക്കുകയാണ്. കുട്ടികളെ പ്രസവിക്കുന്ന യന്ത്രങ്ങളായി മാത്രം സ്ത്രീകളെ കാണുന്ന ഇവര്‍ ഈ സ്ഥിതിക്ക് മാറ്റം വരുന്നതിനെ അനുകൂലിക്കുന്നില്ല. ജനപ്പെരുപ്പം ഒരു പ്രശ്നമായല്ല, സ്വന്തം മതത്തിന്റെ വിലപേശല്‍ ശക്തി വര്‍ധിപ്പിക്കുന്ന ഒന്നായാണ് മതമൗലികവാദികള്‍ കാണുന്നത്. വിവാഹപ്രായം ഉയര്‍ത്തിയാല്‍ ലൈംഗിക ബന്ധത്തില്‍ കാലതാമസം നേരിടുമെന്നും, ഇത് കൂടുതല്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് വഴിവയ്ക്കുമെന്നുമൊക്കെയാണ് ഇവര്‍ വാദിക്കുന്നത്. ഇനിയും നേരം പുലര്‍ന്നിട്ടില്ലാത്ത ഇവരുടെ കോലാഹലങ്ങള്‍ക്ക് സ്ത്രീസമൂഹം വിലകല്‍പ്പിക്കില്ലെന്നു വ്യക്തമാണ്. അവര്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഐതിഹാസികമായ തീരുമാനത്തിനൊപ്പം നില്ക്കും. ഇന്ത്യയിലെ സ്ത്രീസമൂഹത്തിന്പുതിയ ഭൂമിയും പുതിയ ആകാശവും ലഭിക്കുന്നതില്‍ ഏവര്‍ക്കും സന്തോഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: