ഡോ. സുകുമാര്‍ കാനഡ
ആത്മീയത ആത്മാന്വേഷണത്തിന്റെ പാതയും മനുഷ്യന്റെ സത്യസാക്ഷാത്ക്കാരത്തിലേക്കുള്ള യജ്ഞവുമാണ്. ശ്രദ്ധാപൂര്‍വ്വം ഒരുവന്‍ചെയ്യുന്ന ഈസാധനയുടെ അനുഭവം അവനെ തികഞ്ഞ വിശ്വാസത്തിലേക്കും ധര്‍മ്മനിഷ്ഠമായ ആസ്തിക്യഭാവത്തിലേക്കും നയിച്ചുവെന്നുവരാം. എന്നാല്‍ അതൊരിക്കലും വേറൊരാള് ചെയ്തുവച്ച സാധനയിലുരുത്തിരിഞ്ഞ വിശ്വാസത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ആയിരിക്കുകയില്ല. അത്, ‘ഒരു ഗ്രന്ഥം, ഒരു ഗുരു, ഒരു പ്രവാചകന്,’ എന്നിവയുടെ അടിസ്ഥാനത്തില്‍ രൂപംകൊണ്ട ഒരുസാക്ഷാത്കാര സംഹിതയെമാത്രം അടിസ്ഥാനമാക്കിയാവുകയില്ല. അതു വര്‍ഗ്ഗവര്‍ണ്ണ, ദേശകാലസംബന്ധികളായ ഒരുപരിമിതികള്ക്കും സ്ഥാനമില്ലാത്ത ഒരുവിശ്വമാനമായ നിയോഗം തന്നെയായിരിക്കും.
സനാതനധര്‍മ്മത്തില്‍ ബഹുസ്വരത നാം സഹിഷ്ണുതയോടെ അംഗീകരിക്കുന്നു. ആഘോഷിക്കുന്നു. മറ്റ് ആത്മാന്വേഷണ മാര്‍ഗ്ഗങ്ങളെ തള്ളിപ്പറയാത്ത എല്ലാ ആത്മീയരീതികളേയും സനാതനധര്‍മ്മം പ്രോത്സാഹിപ്പിക്കുന്നു.
ആത്മാന്വേഷണത്തിനായി ഒരുവന്‍ചെയ്യുന്ന ധ്യാനസപര്യകള്‍ അവനില്‍ പുതിയൊരവബോധം ഉണ്ടാക്കുന്നു. ജീവിതലക്ഷ്യത്തെപ്പറ്റി ഒരു പുതിയകാഴ്ചപ്പാട് അവനില്‍ ഉരുത്തിരിയുകയും ആചിന്താവിശേഷങ്ങള് അവനില്‍ ജീവിതാന്ത്യം വരെ ധന്യത നിറയ്ക്കുകയുംചെയ്യും.
അയ്യപ്പസ്വാമിയിലുള്ള ശ്രദ്ധ മാനസികവും ശാരീരികവുമായ സാധനകളുടെ സംഭാവനയാണെന്ന് ജീവിതത്തിന്റെ പലനിലകളിലും ജീവിക്കുന്നവര്‍ സമ്മതിക്കുന്നു. കാലങ്ങളായി അനുവര്‍ത്തിക്കുന്ന സാധനകളുടെ ഫലമായി ഒരുവനില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ അത്ഭുതാവഹമാണ്. നിത്യവും ചെയ്യുന്ന യോഗാഭ്യാസത്തിന്റെ ഫലമെന്നപോലെയാണത്.വാസ്തവത്തില്അയ്യപ്പയോഗസാധനഒരു മ തന്നെയാണ്.
‘ഒരേയൊരുഈശ്വരന്’ എന്ന സങ്കല്പം നമ്മുടെ സംസ്ക്കാരത്തില്‍ അടിയുറച്ചതാണ്. അതിനെ ‘ബ്രഹ്മം’ എന്ന പദം കൊണ്ടാണ് വേദങ്ങള്സൂചിപ്പിച്ചിരിക്കുന്നത്. എന്നാല്‍ നാം ഓരോരുത്തരുടേയും മനസ്സിന്റെ ശക്തിയും പ്രവണതയും വെവ്വേറെയാണെന്ന് സനാതനധര്‍മ്മം തിരിച്ചറിയുന്നുണ്ട്. ചിലപ്പോള്‍ നമുക്ക് മാതാപിതാക്കളുടെ സ്നേഹമാണ് വേണ്ടത്, ചിലപ്പോള്‍ നമുക്ക് സ്വതന്ത്രരാവണം. ചിലപ്പോള്‍ നല്ലൊരു കൂട്ടാണാവശ്യം. മറ്റു ചിലപ്പോള്‍ അഭയംതേടാന്‍ ഒരിടംവേണം. അങ്ങനെയങ്ങനെ ആത്മനിഷ്ഠമായ പല പ്രവണതകളാണ് നമ്മെ അനുനിമിഷം നയിക്കുന്നത്. ഈശ്വരനുമായി,അല്ലെങ്കില്‍ ഈശ്വരസങ്കല്‍പ്പവുമായി നമുക്ക ്ഓരോരുത്തര്ക്കും ചേര്‍ന്ന മട്ടിലൊരു ബന്ധുത്വമാണ് ആവശ്യം എന്ന്ഹിന്ദുസംസ്ക്കാരം തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണ് ഒരേയൊരു പരംപൊരുളിനെ വിവിധമാര്‍ഗ്ഗങ്ങളില്‍, രൂപങ്ങളില്‍, ഭാവങ്ങളില്‍ നാം കണ്ടെത്തി ബഹുമാനിക്കുന്നത്.
പരമലക്ഷ്യമായ ബ്രഹ്മത്തെ പ്രാപിക്കാന്‍ ചിലര്‍ ഭക്തിയെ ആശ്രയിക്കുന്നു. മറ്റുചിലര്‍ താനുള്‍പ്പെടുന്ന സമുദായത്തെ സര്‍വ്വാത്മനാ സേവിക്കുന്നു. മനുഷ്യകുലത്തെ മാത്രമല്ല, ജന്തുവര്‍ഗ്ഗത്തെയും പ്രകൃതിയെയും സ്നേഹിക്കുന്നു. ഇനിയും ചിലര്‍ ജ്ഞാനമാര്‍ഗ്ഗം അവലംബിക്കുന്നു. ചിലര്‍ യോഗാഭ്യാസവും ധ്യാനവും ചേര്‍ന്ന രാജയോഗം ശീലിക്കുന്നു.
അയ്യപ്പസംസ്ക്കാരം സാധകനെ പരംപൊരുളിനെ സാക്ഷാത്ക്കരിക്കുവാനുള്ള വിവിധമാര്‍ഗ്ഗങ്ങളില്‍ അഭിരമിക്കാന്‍ പര്യാപ്തനാക്കുന്നു. ഒരേസമയം ഭക്തിയും, ജ്ഞാനവും, കര്‍മ്മവും യോഗവും ചെയ്യാന്‍ അയ്യപ്പഭക്തന് ശക്തിയുണ്ടാവുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: