ഭാരത സൈന്യത്തെ ഓര്‍ത്ത് എന്നും അഭിമാനിച്ചിരുന്ന ജനറല്‍ ബിപിന്‍ റാവത്ത് തന്റെ അവസാന സന്ദേശത്തില്‍ പറഞ്ഞതും നമ്മുടെ വീരസൈനികരെക്കുറിച്ച് നമുക്ക് അഭിമാനിക്കാം എന്നാണ്. സൈനികര്ക്കെന്നും ആത്മവിശ്വാസം പകരുന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകള്‍. ഓരോ ഭാരതീയന്റെ ഉള്ളിലും ജനറല്‍ റാവത്ത് ജ്വലിച്ചുയര്‍ന്നു നില്ക്കുന്നു എന്നതിന് തെളിവാണ് ഹെലികോപ്ടര്‍ അപകടം നടന്ന കൂനൂരിലെ നഞ്ചപ്പ സത്രം എന്ന ഗ്രാമത്തിന് റാവത്തിന്റെ പേരിടണമെന്ന ആവശ്യം നാട്ടുകാര്‍ക്കിടയില്‍ നിന്നും ഉയര്‍ന്നത്. പാകിസ്ഥാനെതിരായുള്ള യുദ്ധവിജയത്തിന്റെ അമ്പതാം വാര്‍ഷികമാണ് രാജ്യം ആഘോഷിച്ചത്. സംയുക്ത സൈനിക മേധാവിയായിരിക്കെ അകാലത്തില്‍ അന്തരിച്ച ജനറല്‍ ബിപിന്‍ റാവത്ത് എക്കാലവും ദേശസ്നേഹത്തിന്റെ പ്രതീകമായി നിലനില്ക്കും.
ഭാരതത്തിന്റെ ചരിത്രത്തില്‍ കാലം പോലും നിശ്ചലമായ നിമിഷങ്ങള്‍. രാജ്യത്തെ ആദ്യ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ ദൗര്‍ഭാഗ്യകരവും അകാലത്തിലുള്ള നിര്യാണമാണ് അതിന് ഇടയാക്കിയത്. ജനറല്‍ ബിപിന്‍ റാവത്തിനുണ്ടായ അപകടം എങ്ങനെയാണ് വ്യത്യസ്തപ്പെട്ടിരിക്കുന്നത്?.
ജനറല്‍ റാവത്ത് വ്യത്യസ്തനായിരുന്നു, കാരണം അദ്ദേഹം സംയുക്ത സായുധ സേനയുടെ ആദ്യ മേധാവിയായിരുന്നു. അദ്ദേഹം വ്യത്യസ്തനായിരുന്നു, എന്തെന്നാല്‍ മുന്‍ കാലങ്ങളില്‍ മറ്റൊരു സൈനിക ഉദ്യോഗസ്ഥനും രാഷ്ട്രീയ ഭിന്നിപ്പിനെതിരെ വെടിയുതിര്‍ത്തിട്ടില്ല. അതുകൊണ്ടുതന്നെ നീതിരഹിതമായ, മാന്യതയില്ലാത്ത വിമര്‍ശനങ്ങള്‍ അദ്ദേഹത്തിന് നേരിടേണ്ടിവന്നു. ചിലപ്പോഴൊക്കെ അത് അങ്ങേയറ്റം അപകീര്‍ത്തികരവുമായിരുന്നു. ജനറല്‍ റാവത്തിന്റെ സംസാരവും പ്രവൃത്തിയും രാജ്യതാല്പര്യങ്ങള്ക്ക് ഏറ്റവും ഉചിതമായത് ഏതെന്ന ചിന്തയില്‍ അധിഷ്ഠിതമായിരിന്നു. ഇതാണ് ക്രൂരമായ വിമര്‍ശനങ്ങള്‍ക്ക് അദ്ദേഹം വിധേയനാവാന്‍ കാരണം.
ജനറല്‍ റാവത്തിന് മുന്നേയുണ്ടായിരുന്ന മേധാവിമാരും ദേശീയ താല്പര്യങ്ങള്ക്ക് മറ്റെന്തിനേക്കാളും പ്രാധാന്യം നല്‍കിയിരുന്നു. പക്ഷേ, അവരാരും രാഷ്ട്രീയ നേതാക്കളാലും സ്ഥാപിത തല്‍പ്പരരായ മാധ്യമങ്ങളാലും വേട്ടയാടപ്പെട്ടിട്ടില്ല. അവര്‍ക്ക് വീര പരിവേഷവും ലഭിച്ചു. ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക് ഷയാണ് നമുക്ക് മുന്നിലുള്ള മികച്ച ഉദാഹരണം. അദ്ദേഹത്തിന് സ്വന്തമായി കാഴ്ചപ്പാടുകളുണ്ടായിരുന്നു. അതിന്റെ പേരില്‍ മനേക്ഷാ ബഹുമാനിക്കപ്പെടുകയും ചെയ്തു. എന്നാല്‍ ജനറല്‍ ബിപിന്‍ റാവത്തിന്റെ സ്ഥിതി ഇതായിരുന്നില്ല. അദ്ദേഹത്തെ കടുത്ത ദേശസ്നേഹിയും പരുക്കനും കാര്യങ്ങള്‍ വെട്ടിത്തുറന്ന് സംസാരിക്കുന്ന പ്രകൃതക്കാരനുമായിട്ടാണ് അവര്‍ വിലയിരുത്തിയത്.
റാവത്ത് സൈനിക മേധാവിയായിരുന്നപ്പോള്‍, കര്‍ക്കശക്കാരനെങ്കിലും സമീപനം അബദ്ധജഡിലമായിരുന്നില്ല. ശത്രുക്കള്‍ക്ക് ജനറല്‍ റാവത്ത് തക്ക മറുപടി നല്കി. സൈന്യ
ത്തിന്റെ തലപ്പത്ത് ഇരുന്നപ്പോള്‍ അദ്ദേഹം അത് തെളിയിച്ചിട്ടുമുണ്ട്. ദോക്ലാം വിഷയത്തില്‍ സ്വീകരിച്ച നിലപാടുകള്‍ നിര്‍ണായകവും ദൃഢവുമായിരുന്നു. വടക്കന്‍ അതിര്‍ത്തികളില്‍ നിന്നുള്ള ചൈനയുടെ പിന്മാറ്റം ഇതേത്തുടര്‍ന്നായിരുന്നു. ഇന്ത്യന്‍ സേന ബാലാകോട്ടില്‍ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന് പിന്നിലെ ബുദ്ധികേന്ദ്രം. കിഴക്കന്‍ ലഡാക്കിലെ ചൈനീസ് അതിക്രമങ്ങള്‍ക്കെതിരെ ഇന്ത്യന്‍ സായുധ സേന നടത്തിയ നീക്കങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചതും റാവത്ത് എന്ന സംയുക്ത സൈനിക മേധാവിയായിരുന്നു.
ആ നിലയില്‍, മറ്റാരും സഞ്ചരിക്കാത്ത പാതയിലൂടെ അദ്ദേഹം ചുവടുവച്ചു. വ്യവസ്ഥിതിയെക്കുറിച്ച് നന്നായി മനസ്സിലാക്കിയ വ്യക്തി. രാജ്യതാല്പര്യങ്ങള്ക്ക് നിദ്രയില്‍ പോലും ഇളക്കം തട്ടരുതെന്ന ദൃഢനിശ്ചയം അദ്ദേഹത്തിനുണ്ടായിരുന്നു.
പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യയ്ക്ക് സംയുക്ത സൈനിക മേധാവിയെ ലഭിച്ചത്. മൂന്ന് സേനകള്ക്കിടയിലുമുള്ള അസ്വാരസ്യങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചിരുന്ന വേളയിലാണ് ഈ സേനകളെ മുഴുവന്‍ ഒരൊറ്റ പോരാട്ട വീര്യമായി സമന്വയിപ്പിക്കുക എന്ന ദൗത്യം റാവത്ത് ഏറ്റെടുത്തത്. അദ്ദേഹത്തിന്റെ തുറന്നുപറച്ചിലുകള്‍ക്കെതിരെ സേനയ്ക്കുള്ളില്‍ നിന്നുപോലും വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ റാവത്ത് അതൊന്നും കാര്യമാക്കിയില്ല. രാജ്യമായിരുന്നു അദ്ദേഹത്തിന് മുഖ്യം.
യുവ സൈനികരെ മാധ്യമ വിചാരണകളില്‍ നിന്നും മറ്റും സംരക്ഷിക്കുന്നതില്‍ ജനറല്‍ ബിപിന്‍ റാവത്ത് എന്നും മുന്നിലുണ്ടായിരുന്നു. ദേശതാല്പര്യാര്ത്ഥം അവര്‍ പ്രവര്‍ത്തിക്കുമ്പോള്‍, അവരുടെ സംരക്ഷണം ഉറപ്പുവരുത്തി നിര്‍ലോഭമായ പിന്തുണ അദ്ദേഹം യുവ സൈനികര്‍ക്ക് നല്കി. രാജ്യത്തിന്റെ സംസ്കാരം, പാരമ്പര്യം, വിശിഷ്ടമായ ശക്തി വൈഭവം എന്നിവയില്‍ റാവത്ത് ശക്തമായി വിശ്വസിച്ചു. അദ്ദേഹത്തിന്റെ ഗ്രാമമായ പൗരി ഗര്‍വാളുമായി അടുത്ത ബന്ധം പുലര്‍ത്തി.
സൈനികനാവാന്‍ വേണ്ടി മാത്രം ജനിക്കുന്നവര്‍ വിരളം. ജനറല്‍ ബിപിന്‍ റാവത്ത് അങ്ങനെയൊരാളായിരുന്നു. അദ്ദേഹം പിറന്നു വീണതേ ഒരു സൈനിക കുടംബത്തിലാണ്. സൈനിക കൃത്യനിര്‍വ്വഹണത്തിനിടയിലാണ് അദ്ദേഹം ജീവന് വെടിഞ്ഞതും.
ജോലി സംബന്ധമായി മികവ് പുലര്‍ത്തിയവര്‍ റാവത്തിന് മുമ്പും ഉണ്ടായിട്ടുണ്ട്. അതില്‍ ചിലര്‍ സൈനികരുടെ ജനറല്‍ എന്നറിയപ്പെട്ടു. മറ്റു ചിലര്‍ പുതിയ സിദ്ധാന്തങ്ങളുടേയും യുദ്ധവിജയങ്ങളുടേയും പേരില്‍ അറിയപ്പെട്ടു. എന്നാല്‍ ജനറല്‍ ബിപിന്‍ റാവത്ത് അറിയപ്പെടുക രാജ്യത്തിന്റെ, ഭാരതത്തിന്റെ ജനറല്‍ എന്ന നിലയിലായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: