ബെംഗളൂരു: സംസ്ഥാനത്തെ വര്‍ഗീയ കലാപങ്ങളും സദാചാര പോലീസിംഗും നേരിടാന്‍ കര്‍ണാടക പോലീസിന് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും ബിജെപി സര്‍ക്കാര്‍ ആരെയും സംരക്ഷിക്കുന്നില്ലെന്നും ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. കര്‍ണാടകത്തിന്റെ തീരദേശത്ത് ചില സംഘടനകള്‍ നടത്തുന്ന സദാചാര പോലീസിംഗ് സംഭവങ്ങള്‍ക്കെതിരെ ജില്ലാ പൊലീസ് കണ്ണടച്ചിരിക്കുകയാണെന്ന മംഗലാപുരത്തെ കോണ്‍ഗ്രസ് എംഎല്‍എ യു.ടി. ഖാദറിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.
ദക്ഷിണ കന്നഡയില്‍ സദാചാര പോലീസിംഗ് സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരികയാണെന്നും പോലീസ് കാര്യക്ഷമമല്ലെന്നും ഖാദര്‍ ആരോപിച്ചു. പ്രതികളെ പകല്‍ അറസ്റ്റ് ചെയ്യുകയും വൈകുന്നേരത്തോടെ വിട്ടയക്കുകയും ചെയ്യുന്നതായും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പോലീസിന്റെ നിയന്ത്രണമില്ലായ്മയാണ് മേഖലയില്‍ ക്രമസമാധാന പ്രശ്‌നത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
എന്നാല്‍ സാമൂഹിക വിരുദ്ധരെ പൊലീസ് ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി. ചില പ്രാദേശിക മുസ്ലീം നേതാക്കളെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ഉപ്പിനങ്ങാടി മേഖലയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തി ചാര്‍ജുണ്ടായ സംഭവത്തില്‍ പോലീസ് ശരിയായ നടപടിയാണ് സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെ പോലീസിനെ ആക്രമിച്ച ഒരു കൂട്ടം ആളുകള്‍ക്ക് നേരെയാണ് പോലീസ് ലാത്തി പ്രയോഗിച്ചത്. ഇക്കാര്യം പല നേതാക്കളും തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് ജ്ഞാനേന്ദ്ര ചൂണ്ടിക്കാട്ടി.
ആഭ്യന്തര വകുപ്പ് പോലീസിനെ നടപടികളില്‍ നിന്നും നിയന്ത്രിക്കുന്നില്ല. ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രിയും പോലീസിന്റെ ശരിയായ നടപടികളെ അനുകൂലിക്കുകയാണ് ചെയ്തിട്ടുള്ളത്. സംസ്ഥാനത്തുടനീളം സമാധാനമാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. മാസങ്ങള്‍ക്കുമുമ്പ് നഗരത്തില്‍ ബസില്‍ വച്ച് വ്യത്യസ്ത മതക്കാരായ യുവദമ്പതികളെ ആക്രമിച്ച സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ മംഗളൂരു പോലീസ് സ്വമേധയാ കേസെടുത്തതിന്റെ ഒരു ഉദാഹരണവും അദ്ദേഹം ഉദ്ധരിച്ചു.ചെറിയ സംഭവങ്ങള്‍ പോലും സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്.
ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ സര്‍ക്കാരിന് വേര്‍തിരിവില്ല. പോലീസ് ഈ സംഭവങ്ങളെ നിഷ്‌കരുണം കൈകാര്യം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ദക്ഷിണ കന്നഡയിലെ വര്‍ഗീയ കലാപങ്ങള്‍ 2017ല്‍ 119 ആയിരുന്നത് 2021ല്‍ അഞ്ചായി കുറഞ്ഞുവെന്ന് ആഭ്യന്തരമന്ത്രി അവകാശപ്പെട്ടു. നിയമം കൈയിലെടുക്കുന്നത് തടയാന്‍ പൊലീസ് ശക്തമായ ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: