നമ്മുടെ നാട് ഇതെങ്ങോട്ടാണ് പോകുന്നതെന്ന ഹൈക്കോടതിയുടെ ചോദ്യം ജീവിച്ചിരിക്കുന്ന ഓരോ മലയാളിയും ചോദിക്കാനാഗ്രഹിക്കുന്നതാണ്. തിരുവനന്തപുരത്ത് പോത്തന്‍കോട്ട് ഗുണ്ടാസംഘം വീട്ടില്‍ കയറി യുവാവിനെ കൊലപ്പെടുത്തി കാല് വെട്ടിയെടുത്ത് തെരുവില്‍ വലിച്ചെറിഞ്ഞ സംഭവം ചൂണ്ടിക്കാട്ടിയാണ് കോടതി നടുക്കം രേഖപ്പെടുത്തിയത്. അക്രമികളെല്ലാം ലഹരിക്ക് അടിമകളായിരിക്കുമല്ലോ എന്നു ചോദിച്ച കോടതി, സംസ്ഥാനത്ത് പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ സംഖ്യ വളരെ വലുതായിരിക്കുമ്പോള്‍ ജോലിയില്ലാത്ത ഇവിടുത്തെ ചെറുപ്പക്കാര്‍ ലഹരിയിലേക്കും അക്രമത്തിലേക്കും തിരിയുകയാണെന്നും പറഞ്ഞിരിക്കുന്നു. മറ്റൊരു കേസിന്റെ വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് ദേവന് രാമചന്ദ്രനാണ് വാക്കാല്‍ ഈ പരാമര്‍ശം നടത്തിയതെങ്കിലും അതിന്റെ ഗൗരവം ഒട്ടും കുറച്ചു കാണാനാവില്ല. അക്രമങ്ങള്‍ പൈശാചികതയ്ക്ക് വഴിമാറിയിരിക്കുന്നതാണ് പോത്തന്‍കോട്ടെ സംഭവം തെളിയിക്കുന്നത്. മൃഗീയമായ അക്രമങ്ങള്‍ നടത്തുക മാത്രമല്ല അത് ആഘോഷമാക്കി മാറ്റുകയും ചെയ്യുന്നു. എന്തു പ്രതികാരത്തിന്റെ പേരിലായാലും പട്ടാപ്പകല്‍ ഒരു യുവാവിനെ കൊലപ്പെടുത്തി കാല് വെട്ടിയെടുത്തുകൊണ്ടുവന്ന് നടുറോഡില്‍ വലിച്ചെറിയുക! ഇങ്ങനെയൊരു കാട്ടാളത്തം കേരളത്തിന് സുപരിചിതമല്ല. അതേസമയം ഇത് ഒറ്റപ്പെട്ട സംഭവവുമല്ല. മനഃസാക്ഷിയെ മരവിപ്പിക്കുന്ന അക്രമസംഭവങ്ങളാണ് സംസ്ഥാനത്ത് തുടര്‍ച്ചയായി അരങ്ങേറുന്നത്. നിസ്സാര കാരണങ്ങളാല്‍ മനുഷ്യരെ പച്ചയ്ക്ക് കൊല്ലുക. കൂടപ്പിറപ്പുകളെപ്പോലും നിഷ്കരുണം വകവരുത്തുക. എന്നിട്ട് ഒരു കുറ്റബോധവുമില്ലാതെ പോലീസിന് പിടികൊടുക്കുക. കൂടത്തായി കൂട്ടക്കൊല വെളിപ്പെട്ടതു മുതല്‍ അതിക്രൂരമായ കൊലപാതകങ്ങളുടെ ഒരു നിരതന്നെ കേരളത്തില്‍ സംഭവിച്ചു. സമൂഹമനസ്സില്‍ വലിയ ഭീതിയാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്.
കോടതി സംശയിച്ചത് ശരിയാണ്. കേരളത്തില്‍ അരങ്ങേറുന്ന അക്രമങ്ങളിലും കുറ്റകൃത്യങ്ങളിലും ലഹരിവസ്തുക്കളുടെ ഉപയോഗം വലിയ പങ്കുവഹിക്കുന്നു. പിടിയിലാകുന്നവര്‍ പലരും മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണ്. സ്വബോധത്തോടെയല്ല പലരും അതിക്രൂരമായ ബലാത്സംഗങ്ങളും കൊലപാതകങ്ങളും നടത്തുന്നത്. ലഹരിക്കടിമകളായി മറ്റുള്ളവരെ ആക്രമിച്ച് കൊലപ്പെടുത്തുന്നു. ലഹരി കിട്ടാതാവുമ്പോഴും അക്രമാസക്തരായി കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരുണ്ട്. പോത്തന്‍കോട്ടെ പൈശാചിക സംഭവത്തിനു പിന്നിലും മയക്കുമരുന്ന് ഇടപാടുകളുണ്ടെന്നാണ് മനസ്സിലാകുന്നത്. നഗരങ്ങളില്‍ മാത്രമല്ല, നാട്ടിന്‍പുറങ്ങളിലും ഗുണ്ടാസംഘങ്ങളും ക്വട്ടേഷന്‍ സംഘങ്ങളും തഴച്ചുവളര്‍ന്നിരിക്കുന്നു. ഇവരിലധികം പേരും ലഹരിക്ക് അടിമകളുമാണ്. യുവാക്കള്‍ പ്രതികളാവുന്ന അക്രമങ്ങള്‍ പെരുകുന്നതില്‍ തൊഴിലില്ലായ്മ വലിയൊരു ഘടകമാണ്. യുവാക്കളുടെ മാറിയ മനോഭാവവും ഇതിലൊരു പങ്ക് വഹിക്കുന്നുണ്ട്. അധ്വാനിക്കാതെ പണമുണ്ടാക്കുന്നതിലാണ് പലര്‍ക്കും താല്‍പ്പര്യം. എന്തെങ്കിലും ഒരു ജോലി ചെയ്ത് വരുമാനമുണ്ടാക്കുന്നതിനോ സമ്പാദിക്കുന്നതിനോ യുവാക്കളില്‍ ഗണ്യമായ വിഭാഗം താല്‍പ്പര്യം കാണിക്കുന്നില്ല. പണമുണ്ടാക്കാന്‍ അവര്‍ തേടുന്നത് കുറുക്കുവഴികളാണ്. മയക്കുമരുന്ന് ഇടപാടുകളിലേക്ക് ആകര്‍ഷിക്കപ്പെടാനുള്ള ഒരു കാരണം ഇതാണ്. മോശം വഴികളിലൂടെ പണമുണ്ടാക്കി പെട്ടെന്ന് സമ്പന്നരായവരുടെ തെറ്റായ മാതൃകകളാണ് പലരും പിന്തുടരുന്നത്. നന്മയും കാരുണ്യവുമൊക്കെ ഉള്‍ക്കൊണ്ട് മറ്റുള്ളവരെ സഹായിക്കുന്നതിനു പകരം പണം കിട്ടുമെങ്കില്‍ എന്ത് ഹീനകൃത്യവും ചെയ്യാന്‍ മടിക്കാത്തവര്‍ നമുക്കിടയില്‍ വിലസുകയാണ്. ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കുന്നതേയില്ല. കേസില്‍ പ്രതികളാവുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്താലും ഇക്കൂട്ടര്‍ക്ക് കുറ്റബോധമില്ല.
ഒരു ഗാങ്സ്റ്റര്‍ സ്റ്റേറ്റ് എന്നു വിശേഷിപ്പിക്കാവുന്ന വിധം കേരളം മാറിയിരിക്കുന്നു. ജീവഭയം കൂടാതെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയുന്നില്ല. ഏതു നിമിഷവും ആക്രമിക്കപ്പെടേക്കാമെന്ന അരക്ഷിതാവസ്ഥ. എന്തുകൊണ്ട് ഇങ്ങനെയൊരു സ്ഥിതിവിശേഷം എന്നു ചിന്തിക്കുമ്പോള്‍ ക്രമസമാധാനം നിലനിര്‍ത്താന്‍ ബാധ്യതയുള്ള പോലീസ് പ്രതിക്കൂട്ടില്‍ നില്ക്കുന്നതു കാണാം. ഗുണ്ടാ സംഘങ്ങളെയും ക്വട്ടേഷന്‍ ഗാങ്ങുകളെയും അടിച്ചമര്‍ത്തി ജനങ്ങള്‍ക്ക് സുരക്ഷിതബോധം നല്‍കേണ്ട പോലീസ് സാമൂഹ്യവിരുദ്ധരുമായി കൂട്ടുകെട്ടുണ്ടാക്കുന്നു. ഒരു പ്രദേശത്തെ ഗുണ്ടാസംഘങ്ങള്‍ ആരൊക്കെയെന്ന് പോലീസിന് നന്നായറിയാം. അവരെ അമര്‍ച്ചചെയ്യുന്നതിനു പകരം ഒത്തുകളിക്കുകയാണ്. വലിയ ജനരോഷമുണ്ടാകുമ്പോള്‍ മാത്രമാണ് ഇവര്‍ പിടിക്കപ്പെടുന്നത്. അങ്ങേയറ്റം നിരുത്തരവാദപരവും നിയമവിരുദ്ധവുമാണ് പോലീസിന്റെ സമീപനം. ഇരകള്‍ക്ക് നീതിനിഷേധവും അക്രമികള്‍ക്ക് സംരക്ഷണവുമെന്നത് പോലീസിന്റെ നയമായി മാറുമ്പോള്‍ കേരളം ചോരക്കളമായിത്തീരുന്നു. പോലീസിന്റെ രാഷ്ട്രീയവത്കരണം ഇതിന് സഹായകമാവുന്നു. രാഷ്ട്രീയ പ്രതിയോഗികളെ കൊലചെയ്യാന്‍ ഗുണ്ടാസംഘങ്ങള്‍ക്ക് ക്വട്ടേഷന്‍ കൊടുക്കുന്ന പാര്‍ട്ടികള്‍ പോലീസിനെ ദുരുപയോഗിക്കുന്നു. കാക്കിക്കുള്ളിലെ ക്രിമിനലുകള്‍ ഇത്തരം അവസരം പരമാവധി മുതലെടുക്കുകയും ചെയ്യും. ജയിലുകളില്‍പ്പോലും ഗുണ്ടാസംഘങ്ങള്‍ക്ക് പഞ്ചനക്ഷത്ര സൗകര്യം ഒരുക്കുന്ന ഒരു ഭരണത്തിനു കീഴില്‍ അരാജകത്വവും അരക്ഷിതാവസ്ഥയും സ്വാഭാവികമാണല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: