വടശേരിക്കര: സംസ്ഥാനത്തെ ബിവറേജസ് ഔട്ലെറ്റുകളിലെ സെക്യൂരിറ്റി ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങുന്നു. ഈ മാസം 25 മുതലാണ് നിലവിലെ 630 ഓളം ജീവനക്കാരുടെ സേവനം നിര്‍ത്തലാക്കുന്നത്.
ബിവറേജസ് ഔട്ലെറ്റുകളില് ക്യാമറ സ്ഥാപിക്കുകയും ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് പിരിച്ചു വിടലെന്നാണ് ഏജന്‍സികള്‍ അറിയിച്ചിരിക്കുന്നത്. 2017 മുതലാണ് സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചത്. ഏജന്‍സികള്‍ വഴിയായിരുന്നു നിയമനം.
മാസം 15 ദിവസം 24 മണിക്കൂര്‍ തുടരെ ജോലി ചെയ്യണം. തൊഴില്‍ നിയമങ്ങളനുസരിച്ച് 45 ഡ്യൂട്ടി ഉണ്ട്. ഇതിന് 14,000 രൂപ മാത്രമായിരുന്നു ശമ്പളം നല്‍കിയിരുന്നത്. ഇത് മിനിമം വേതനത്തിന്റെ ലംഘനമായാണ് വിലയിരുത്തപ്പെടുന്നത്. രാത്രി ഡ്യൂട്ടികള്‍ക്ക് നിഷ്കര്‍ഷിക്കുന്ന ആനുകൂല്യങ്ങളൊന്നു ലഭ്യമാക്കിയിരുന്നില്ല. ബോണസ് നല്‍കിയിരുന്നില്ല. അവധി വ്യവസ്ഥകളെല്ലാം ലംഘിച്ചു തുടങ്ങി നിരവധി പരാതികളാണ് ജീവനക്കാര്‍ ഉന്നയിക്കുന്നത്.
ഭരണമുന്നണിയില്പ്പെടാത്ത ചിലരെ നേരത്തെതന്നെ പിരിച്ചു വിട്ടിരുന്നു. പിരിച്ചുവിട്ടവര്‍ക്ക് മുന്‍കൂട്ടിയുള്ള നോട്ടീസ് നല്‍കിയിരുന്നില്ല, നഷ്ട പരിഹാരവും നല്‍കിയിട്ടില്ല. അതിനുപുറമേയാണ് ഇപ്പോള്‍ കൂട്ട പിരിച്ചുവിടലിന് കളമൊരുങ്ങുന്നത്. എല്ലാവരെയും പിരിച്ചു വിട്ട് ഭരണ മുന്നണി യൂണിയന്റെ അംഗങ്ങളെ നിയമിക്കാനുള്ള കുതന്ത്രമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: