കൂനൂര്‍: ജനറല്‍ ബിപിന്‍ റാവത്ത് അടക്കം പതിമൂന്ന് പേരുടെ ജീവനെടുത്ത കോപ്റ്റര്‍ അപകടം നടന്ന കൂനൂരിലെ നഞ്ചപ്പ സത്രം എന്ന ഗ്രാമം കരസേന ഏറ്റെടുത്തു. ഗ്രാമീണര്‍ക്ക് സഹായം നല്‍കുമെന്ന് പറഞ്ഞ ദക്ഷിണ കമാന്‍ഡ് മേധാവി ലഫ്റ്റനന്റ് ജനറല്‍ എ. അരുണ്‍, എല്ലാ മാസവും ഡോക്ടറും നഴ്സുമുള്പ്പെട്ട സംഘം ഗ്രാമീണര്‍ക്ക് സൗജന്യ വൈദ്യ പരിശോധന നടത്തുമെന്ന് കൂട്ടിച്ചേര്‍ത്തു.
നാട്ടുകാര്‍ക്ക് വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിലും ചികിത്സ തേടാം. നഞ്ചപ്പ സത്രം സന്ദര്‍ശിച്ച അദ്ദേഹം ഗ്രാമീണര്‍ക്ക് കമ്പിളിപ്പുതപ്പുകളും സോളാര്‍ എമര്‍ജന്‍സി ലാമ്പുകളും റേഷനും വിതരണം ചെയ്തു. അപകടം ആദ്യം കണ്ടയുടന്‍ പോലീസിനെ വിവരം അറിയിക്കുകയും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങുകയും ചെയ്ത രണ്ടു പേര്‍ക്ക് 5000 രൂപ വീതം നല്കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയ ഫയര്‍ഫോഴ്സ്, പോലീസ് ഉദ്യോഗസ്ഥരെ ആദരിച്ചു.
ഗ്രാമീണരെ മുക്തകണ്ഠം പ്രശംസിച്ച അദ്ദേഹം തീ അണയ്ക്കാനും ദുരന്തത്തില്‍ പെട്ടവരെ രക്ഷിക്കാനും സ്വന്തം വീടുകളില്‍ നിന്നുള്ള ഉപകരണങ്ങളുമായാണ് അവര്‍ ഓടിയെത്തിയതെന്നും ലഫ്റ്റനന്റ് ജനറല്‍ ചൂണ്ടിക്കാട്ടി. ഗ്രാമീണരുടെ സമയോചിത പ്രവര്‍ത്തനം കൊണ്ടാണ് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിനെ രക്ഷിക്കാനായതെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ഗ്രാമത്തിന് ജനറല്‍ ബിപിന്‍ റാവത്തിന്റെ പേരിടണമെന്നഭ്യര്ഥിച്ച് നാട്ടുകാര്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിവേദനം നല്കി. നഞ്ചപ്പ സത്രം എന്ന ഗ്രാമത്തിന് റാവത്തിന്റെ പേരിടണമെന്നാണ് ആവശ്യം. അദ്ദേഹത്തിന് അവിടെ സ്മാരകം നിര്‍മ്മിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ലീന
പ്രതികരിക്കാൻ ഇവിടെ എഴുതുക: