ഡോ. സുകുമാര്‍ കാനഡ
ഒരു ക്ഷേത്രം ചൈതന്യവത്തായി നിലനില്ക്കാന് സമൂഹം അഞ്ച ്പ്രധാനപ്പെട്ട കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഒരാത്മീയ സാധകന്, അല്ലെങ്കില്‍ ഒരുഭക്തന്, ക്ഷേത്രം പ്രചോദനപ്രദമായ ഒരിടമായിത്തീരുകയുള്ളു.
തന്ത്രി, അല്ലെങ്കില്‍ മേല്‍ശാന്തിയായി പൂജ ചെയ്യുന്നയാളുടെ ദേവതാ ആവാഹനവും സമര്‍പ്പണഭാവവുമാണ് ആദ്യത്തെകാര്യം.
പൂജാക്രമങ്ങളിലുള്ള അചഞ്ചലമായ ആചാരനിഷ്ഠയാണ് രണ്ടാമത്. നിത്യേന നടത്തുന്ന വേദശാസ്ത്രപഠനമാണ് മൂന്നാമത്തേത്. നാലാമത്തേത് ക്ഷേത്രവുമായി ബന്ധപ്പെട്ട ഉത്സവങ്ങള്‍ ഭംഗിയായി കൊണ്ടാടുക എന്നതാണ്. അഞ്ചാമത്, ക്ഷേത്രവാസികള്‍ക്കും അതിനുചുറ്റിലും ജീവിക്കുന്നവര്‍ക്കും അന്നദാനം നടത്തുക എന്നതാണ്. മനുഷ്യര്‍ക്ക് മാത്രമല്ല, പക്ഷിമൃഗാദികള്‍ക്കും ഭക്ഷണം നല്‍കണം. വൈശ്വാനരഭാവത്തിലുള്ള ഈശ്വരന് നല്കുന്ന നിവേദ്യമാണ് അന്നം. ഇങ്ങനെയാണ് വിഗ്രഹചൈതന്യം നിലനിര്‍ത്തുന്നത്. ഒരു ദേശത്തിന്റെ ഐശ്വര്യത്തിന് ഈ അഞ്ചുഘടകങ്ങളും ഭംഗിയായി ചെയ്യുന്ന ക്ഷേത്രങ്ങളുടെ സാന്നിദ്ധ്യം അനിവാര്യമാണെന്ന് പണ്ഡിതന്മാര് അഭിപ്രായപ്പെടുന്നു.
സനാതനധര്‍മ്മത്തില്‍ പരംപൊരുള്‍ സര്‍വ്വശക്തനും സര്‍വ്വചരാചരങ്ങളിലും നിറഞ്ഞു നില്ക്കുന്ന സാന്നിദ്ധ്യവുമാണ്. അതുകൊണ്ട് കുറച്ചു മനുഷ്യര്‍ ഒരു ക്ഷേത്രത്തിനകത്ത് ചെയ്യുന്ന ആരാധനയോ മറ്റിടങ്ങളില്‍ ചെയ്യുന്ന അവഹേളന പ്രവര്‍ത്തനങ്ങളോ അനന്തമായ പരംപൊരുളിനെ ഒരുവിധത്തിലും ബാധിക്കാന്‍ പോകുന്നില്ല. എന്നാല്‍ സമൂഹം ആരാധിക്കുന്ന ദേവതാവിഗ്രഹങ്ങള്‍ ചൈതന്യസ്രോതസ്സുകള്‍ എന്ന നിലയ്ക്ക് വര്‍ദ്ധിതവീര്യമാര്‍ജിച്ച് ഭക്തര്‍ക്ക് ആത്മബലം നല്കാന് ഉതകുന്നു എന്നതാണ് വിഗ്രഹാരാധനയുടെ പിറകിലെ മനശാസ്ത്രവും തത്വവും.
പുരാതനക്ഷേത്രങ്ങളുടെ നിര്‍മ്മിതി സമൂഹമേറ്റെടുത്ത സാമൂഹ്യസാമ്പത്തികമായ ഒരുടമ്പടി പോലെയാണ്. പണ്ട് തന്ത്രിയും രാജാവുമായിരുന്നു ഇക്കാര്യങ്ങള്‍ ഏറ്റെടുത്ത് നടത്തിയിരുന്നത്. ഒരുക്ഷേത്രം സ്ഥാപിച്ചുകഴിഞ്ഞാല്‍ അതിന്റെ ചൈതന്യത്തിന് കോട്ടംതട്ടാതെ നോക്കിക്കൊള്ളാമെന്ന സമൂഹ ഉടമ്പടിയുടെ ഭാഗമാണ് നേരത്തേ പറഞ്ഞ അഞ്ച്കാര്യങ്ങള്‍.
വിഗ്രഹചൈതന്യത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ ഭക്തരിലും മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. പരബ്രഹ്മം എന്ന പരമാത്മാവ് സമുദ്രത്തിലെ മീന്‍പോലെയാവുമ്പോള്‍ അക്വേറിയത്തിലെ മത്സ്യം വിഗ്രഹം പോലെയാണ്. എല്ലാവിധ പരിചരണങ്ങളോടെ മാത്രം നിലനില്‍ക്കുന്ന ഒരു പ്രചോദന സ്രോതസ്സ്.
ധര്‍മ്മശാസ്താക്ഷേത്രങ്ങളില്‍ മനുഷ്യജീവിതത്തിന്റെ നാലാശ്രമങ്ങള്‍ക്ക് അനുയോജ്യമായ വിധത്തില്‍ നാലുതരത്തിലാണ് വിഗ്രഹങ്ങള്‍ സ്ഥാപിച്ചിട്ടുള്ളത് എന്ന് നേരത്തെ പറഞ്ഞു. ബ്രഹ്മചാരി, ഗൃഹസ്ഥന്, വാനപ്രസ്ഥന്, സംന്യാസി എന്നീ ഭാവങ്ങളില്‍ ധര്‍മ്മശാസ്താ ക്ഷേത്രവിഗ്രഹങ്ങള്‍ ഉണ്ട്.
ശബരിമലയിലെ വിഗ്രഹം ബ്രഹ്മചര്യവും സംന്യാസവും ചേര്‍ന്ന ഭാവത്തിലാണ് ഒരുക്കിയിട്ടുള്ളത്. നൈഷ്ഠികബ്രഹ്മചാരിയായ ദേവന് ധ്യാനനിമഗ്നനായി ഇരുന്ന് ഭക്തജനങ്ങള്‍ക്ക് പ്രചോദനം നല്കുന്നു. നൂറ്റാണ്ടുകളായി ശബരിമലയില്‍ തുടര്‍ന്നുവരുന്ന ആചാരാനുഷ്ഠാനങ്ങള്‍ ക്ഷേത്രചൈതന്യത്തെ വര്‍ഷംതോറും വര്‍ദ്ധിപ്പിച്ച് കൂടുതല്‍ ഭക്തരെ അങ്ങോട്ടാകര്‍ഷിക്കുന്നു. ഒരുതവണ ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തിയവര്‍ക്ക് ക്ഷേത്രചൈതന്യം അനുഭവമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: