ദേശീയ രാഷ്ട്രീയത്തില്‍ ഒരു കാലത്ത് രണ്ടാമത്തെ കക്ഷിയായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. അങ്ങനെയിരുന്ന കാലത്താണ് മലയാളത്തില്‍ ശക്തമായ മുദ്രാവാക്യമുയര്‍ന്നത്. നെഹ്റുവിനുശേഷം ഇഎംഎസ്. ‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്രത്തില്‍ അധികാരത്തിലെത്തും. ഇ.എം. ശങ്കരന് നമ്പൂതിരിപ്പാട് പ്രധാനമന്ത്രിയാകും. അല്ലെങ്കില്‍ അങ്ങനെയാകണമെന്നാഗ്രഹിച്ചു. പക്ഷേ എല്ലാം അസ്തമിച്ചു. ഇഎംഎസ് രണ്ടുതവണമുഖ്യമന്ത്രിസ്ഥാനത്തെത്തിയെങ്കിലും കാലാവധി പൂര്‍ത്തിയാക്കാന്‍ പോലും രണ്ടുതവണയും കഴിഞ്ഞില്ല. സഖാക്കള്‍ പലരും മുഖ്യമന്ത്രിയായി. രണ്ടാം ഊഴം കിട്ടിയത് പിണറായി വിജയന് മാത്രം. ആ അഹങ്കാരം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കെല്ലാമുണ്ട്. അതിന്റെ പ്രതിഫലനമാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.
സഖാക്കള്‍ ആര് മുഖ്യമന്ത്രിയായാലും അരിശം തീര്‍ക്കുന്നത് ഗവര്‍ണറോടാണ്. നേരത്തെ ഒരു മഹിളാ ഗവര്‍ണര്‍ ഉണ്ടായല്ലോ. രാം ദുലാരി സിന്‍ഹ. അവര്‍ക്കെതിരെ കയര്‍ത്ത് അരിശം തീര്‍ക്കാന്‍ നിയമസഭാ വേദി പോലും ഉപയോഗിച്ചു. അവരുടെ വസ്ത്രധാരണ രീതിയെപ്പോലും പരിഹാസത്തോടെയാണ് വര്‍ണിച്ചത്. ആളും തരവും നോക്കി വിമര്‍ശിക്കുന്ന പതിവ് പലപ്പോഴും കണ്ടിട്ടുണ്ട്. ഇന്നത്തെ ഗവര്‍ണര്‍ വന്നതു മുതല്‍ അരിശം തീര്‍ക്കാന്‍ നോക്കിയിട്ടുണ്ട്. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് രണ്ടാം ഉൗഴം നല്കിയതാണല്ലോ തര്‍ക്കത്തിലെ മുഖ്യ വിഷയം. രണ്ട് വര്‍ഷം മുമ്പ് കണ്ണൂരില്വച്ചുതന്നെ ആരിഫ് മുഹമ്മദ് ഖാന് ആക്ഷേപിക്കപ്പെട്ടതാണ്. ഗവര്‍ണറുടെ ഇറങ്ങിപ്പോക്കിേലക്ക് നയിച്ച സംഭവങ്ങളുടെ തുടക്കം അന്നത്തെ രാജ്യസഭാംഗം കെ.കെ. രാഗേഷിന്റെ പ്രസംഗമാണ്. വിസിയുടെ പുനര്‍നിയമനം മാത്രമല്ല മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയുടെ നിയമന നീക്കവും വിവാദമായി നില്‍ക്കുമ്പോഴാണ് സര്‍വ്വകലാശാലകളിലെ രാഷ്ട്രീയ നിയമനങ്ങള്‍ക്കെതിരെ ഗവര്‍ണര്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങിയത്. ഇതോടെ കണ്ണൂര്‍ സര്‍വ്വകലാശാല വേദിയായ, 2019 ലെ എണ്‍പതാം ചരിത്ര കോണ്‍ഗ്രസിലെ നാടകീയ സംഭവങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.
”നിങ്ങള്‍ വന്നിരിക്കുന്നത് കൃത്യമായ അജണ്ടയോടെയാണ്. ശബ്ദമുയര്‍ത്തി എന്നെ നിശബ്ദനാക്കാമെന്നു കരുതണ്ട.” പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മുഴങ്ങുന്നതിനിടെ അതിലുമുച്ചത്തില് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാക്കുകള്‍. ‘ഇത്തരത്തിലാണ് നിങ്ങള്‍ സംസാരിക്കുന്നതെങ്കില്‍ ഗാന്ധിജിയെ അല്ല ഗോഡ്സെയെ ഉദ്ധരിച്ചു സംസാരിക്കൂ.’ പ്രസംഗപീഠത്തിനരികിലെത്തി ഇടതു ചരിത്രകാരന് പ്രൊഫ. ഇര്ഫാന് ഹബീബിന്റെ മറുപടി. സദസ്സില്‍നിന്നു ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യങ്ങള്‍, ഗോ ബാക്ക് വിളികള്‍, പ്ലക്കാര്‍ഡുകള്‍. ക്ഷണിച്ചുവരുത്തിയ ഉദ്ഘാടകനെതിരെ സംഘാടകര്‍ തന്നെ പ്രതിഷേധം സംഘടിപ്പിച്ച അപൂര്‍വ സംഭവം.
പ്രസംഗം പൂര്‍ത്തിയാക്കാന്‍ പോലും നില്‍ക്കാതെ ഗവര്‍ണര്‍ വേദി വിട്ടിറങ്ങി. ഇതെല്ലാം നടക്കുമ്പോള്‍ പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന് ഒന്നും ചെയ്യാതെ നിശബ്ദനായി വേദിയില്‍ ഇരിക്കുകയായിരുന്നു മുഖ്യസംഘാടകനായ വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്. അടിമുടി നാടകീയ രംഗങ്ങള്‍ക്കാണ് ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് എണ്‍പതാം പതിപ്പിന്റെ ഉദ്ഘാടനച്ചടങ്ങ് സാക്ഷ്യം വഹിച്ചത്. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനത്തിനെതിരെ സര്‍ക്കാരുമായി നേരിട്ടു യുദ്ധം പ്രഖ്യാപിക്കുമ്പോള്‍ ഈ അപമാനത്തിന്റെ മുറിവ് ഗവര്‍ണറുടെ മനസിലുണ്ടാകുന്നത് സ്വാഭാവികം.
പൗരത്വഭേദഗതി നിയമത്തെച്ചൊല്ലിയുള്ള വിവാദം കത്തിനില്‍ക്കുന്ന സമയത്താണ് 2019 ഡിസംബര്‍ 28, 29 തീയതികളില്‍ ഇന്ത്യന്ചരിത്ര കോണ്‍ഗ്രസിന്റെ എണ്‍പതാം പതിപ്പിന് കണ്ണൂര്‍ വേദിയായത്. സര്‍വ്വകലാശാല ആതിഥ്യമരുളുന്ന പരിപാടിയില്‍ സ്വാഭാവികമായും ഗവര്‍ണറെ ഉദ്ഘാടകനാക്കി. എന്നാല്‍ ചരിത്ര കോണ്‍ഗ്രസ് സംഘാടകര്‍ തന്നെ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തിയതിനാല്‍ ഉദ്ഘാടകനായി ക്ഷണിച്ചുവരുത്തിയതുപോലും ആസൂത്രിതമായിരുന്നോ എന്നും സംശയിക്കാം.
ചടങ്ങിനെത്തിയ ഗവര്‍ണറെ കരിങ്കൊടി കാട്ടാനായിരുന്നു ആദ്യശ്രമം. അതു പോലീസ് വിഫലമാക്കി. കര്‍ശന സുരക്ഷാ പരിശോധനയോടെയാണ് സദസിലേക്ക് ആളെ പ്രവേശിപ്പിച്ചതെങ്കിലും പ്രതിനിധികളില്‍ നല്ലൊരു പങ്കും പ്രതിഷേധത്തിനു തയ്യാറായിത്തന്നെയാണ് എത്തിയത്. കെ.കെ. രാഗേഷ് എംപിയാണ് പ്രകോപനം തുടങ്ങിച്ചത്. ഉന്നത ഭരണഘടനാപദവി വഹിക്കുന്നവര്‍ ഗൂഢലക്ഷ്യത്തോടെയാണെന്നായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പരോക്ഷമായി വിമര്‍ശിച്ചു രാഗേഷിന്റെ പരാമര്‍ശം. ‘ഭരണഘടനയുടെ അടിസ്ഥാന ശിലകളെ തകര്‍ക്കാന്‍ നീക്കം നടക്കുന്ന ഘട്ടത്തിലാണ് ചരിത്ര കോണ്‍ഗ്രസ് നടക്കുന്നത്. മതേതരത്വവും ജനാധിപത്യവും ഭരണഘടനയുടെ അടിസ്ഥാന ശിലകളാണ്. ഇതിനെതിരായ ഏതു നീക്കത്തെയും പ്രതിരോധിക്കാനും ഭരണഘടന സംരക്ഷിക്കാനും ചരിത്രകാരന്മാര്ക്കു ചുമതലയുണ്ട്. സര്‍വ്വകലാശാലകളിലെ എതിര്‍ശബ്ദങ്ങളോടു പോലും അസഹിഷ്ണുത കാണിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കാളികളാകാതെ, ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കല്‍ തന്ത്രത്തിന്റെ ചട്ടുകമായി മാറി ജനങ്ങളെ വര്‍ഗീയമായി വിഭജിച്ചവര്‍ക്ക്, ചരിത്രം മാറ്റിയെഴുതണമെന്നുണ്ടാകാം. ചരിത്രത്തെ ഐതിഹ്യം കൊണ്ട് പകരംവയ്ക്കാനാണവര് ശ്രമിക്കുന്നത്.” രാഗേഷ് പ്രകോപനം തുടര്‍ന്നു. ഭരണഘടനയുടെ അന്തഃസത്ത ചോദ്യം ചെയ്യുന്ന നടപടികളാണ് കശ്മീരില്‍ നടക്കുന്നതെന്നായിരുന്നു ഇര്ഫാന് ഹബീബിന്റെ വിമര്‍ശനം.
ഇതെല്ലാം, തന്നെ ലക്ഷ്യമിട്ടാണെന്നു ബോധ്യമായ ഗവര്‍ണര്‍ എഴുതിതയ്യാറാക്കിയ പ്രസംഗമുണ്ടെങ്കിലും അതിനു മുന്നോടിയായി ചില കാര്യങ്ങള്‍ പറയുകയാണെന്ന മുഖവുരയോടെയാണ് ഉദ്ഘാടനപ്രസംഗം തുടങ്ങിയത്. 26-ാം വയസില്‍ പാര്‍ലമെന്റേറിയനായ തനിക്ക് രാഷ്ട്രീയ സ്വഭാവമുള്ള വിഷയങ്ങള്‍ പരാമര്‍ശിക്കുമ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയില്ല. ഭരണഘടനയെ സംരക്ഷിക്കുമെന്നു പ്രതിജ്ഞയെടുത്തയാളാണ് താന്‍. ഭരണഘടനക്കെതിരെ ഭീഷണിയുണ്ടാവുമെന്നു തോന്നിയ ഘട്ടങ്ങളില്‍ പദവി വലിച്ചെറിഞ്ഞ ചരിത്രവുമുണ്ട്. പൗരത്വഭേദഗതി വിഷയത്തില്‍ തനിക്കെതിരെ പ്രതിഷേധിച്ചവരെയെല്ലാം സംവാദത്തിനു ക്ഷണിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തില്‍ തന്നെ സംബന്ധിച്ചു തന്റെ വീക്ഷണമാണ് ശരി. എതിര്‍ക്കുന്നവര്‍ക്ക് അവരുടെ വീക്ഷണവും. അന്നത്തെ സംഭവത്തിനുശേഷം സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള സംശയം നിലനിന്നെങ്കിലും ഇപ്പോഴാണ് സര്‍ക്കാരിന്റെ കുരു പൊട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: