സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ 2021-22 വര്‍ഷത്തെ ഉന്നതവിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് അപേക്ഷകള്‍ ക്ഷണിച്ചു. ഒന്നാം വര്‍ഷം ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. 1000 സ്കോളര്‍ഷിപ്പുകള്‍ ലഭിക്കും.
ഗവണ്മെന്റ്/എയ്ഡഡ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹ്യുമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം. ഐഎച്ച്ആര്‍ഡി അപ്ലൈഡ് സയന്‍സ് കോളജുകളില്‍ സമാന ബിരുദകോഴ്സുകളില്‍ ഒന്നാം വര്‍ഷം പഠിക്കുന്നവരെയും പരിഗണിക്കും. പ്രൊഫഷണല്‍ കോഴ്സുകളിലെ വിദ്യാര്‍ത്ഥികള്‍ അപേക്ഷിക്കേണ്ടതില്ല.
പ്ലസ്ടു/യോഗ്യതാ പരീക്ഷയില്‍ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങളും വിജയിച്ചിരുന്നാല്‍ മതി. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സയന്‍സ്, ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങള്‍ക്ക് 55% മാര്‍ക്കില്‍ കുറാതെയും ബിസിനസ് സ്റ്റഡീസിന് 60% മാര്‍ക്കില്‍ കുറയാതെയുണ്ടാകണം. ഭിന്നശേഷിക്കാര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും 45% മതി. ബിപിഎല്‍, ഒബിസി വിഭാഗങ്ങളില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സയന്‍സ്-60% , ഹ്യുമാനിറ്റീസ് & സോഷ്യല്‍ സയന്‍സ് 55%, ബിസിനസ് സ്റ്റഡീസ് 65% എന്നിങ്ങനെ മാര്‍ക്കുണ്ടാകണം. പൊതുവിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് സയന്‍സ്, ബിസിനസ് സ്റ്റഡീസില്‍ 75%, ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങള്‍ക്ക് 60% മാര്‍ക്ക് നേടണം.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.kshec.kerala.gov.in ല്‍ ലഭ്യമാണ്. വെബ്സൈറ്റില്‍ ലഭ്യമാകുന്ന ഫോറത്തില്‍ വിവരങ്ങളില്‍ നല്കി ജനുവരി 10 നകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയുടെ ഹാര്‍ഡ് കോപ്പി എടുത്ത് ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ്/രേഖകളുടെ ശരിപ്പകര്‍പ്പുകള്‍ സഹിതം പഠിക്കുന്ന സ്ഥാപന മേധാവിയ്ക്ക് സമര്‍പ്പിക്കണം.
സ്കോളര്‍ഷിപ്പിന് തെരഞ്ഞെടുക്കപ്പെടുന്നവരുടെ ലിസ്റ്റ് കൗണ്‍സിലിന്റെ വെബ്സൈറ്റില്‍ യഥാസമയം പ്രസിദ്ധപ്പെടുത്തും. 50% സ്കോളര്‍ഷിപ്പുകള്‍ പൊതുവിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ്. മറ്റ് വിഭാഗങ്ങള്‍ക്ക്- എസ്സി/എസ്ടി -10%, ബിപിഎല്‍ 10%, ഒബിസി-27%, ഫിസിക്കലി ചലഞ്ച്ഡ്-3%.
ബിരുദ പഠനത്തിന് ഒന്നാം വര്‍ഷം 12000 രൂപ, രണ്ടാം വര്‍ഷം 18000 രൂപ, മൂന്നാം വര്‍ഷം 24000 രൂപ, പിജി തുടര്‍ പഠനത്തിന് ഒന്നാം വര്‍ഷം 40,000 രൂപ, രണ്ടാം വര്‍ഷം 60,000 രൂപ എന്നിങ്ങനെ സ്കോളര്‍ഷിപ്പ് ലഭിക്കും. ഈ വര്‍ഷം സ്കോളര്‍ഷിപ്പ് ലഭിക്കുന്ന വിദ്യാര്‍ത്ഥികളുടെ അക്കാദമിക് മികവ് വിലയിരുത്തിയാവും തുടര്‍ വര്‍ഷങ്ങളിലേക്കുള്ള സ്കോളര്‍ഷിപ്പിന് പരിഗണിക്കപ്പെടുന്നത്. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: