കൊല്ലം: അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ ഏറെ ദുരിതത്തിലാണ് ശതാബ്ദി പിന്നിടുന്ന ശാസ്താംകോട്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. 1000 കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ സ്ഥല പരിമിതിമൂലം ബുദ്ധിമുട്ടുകയാണ്. പുതിയ കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിച്ചെങ്കിലും പാതിവഴിയില്‍ നിലച്ചു. ഇതോടെ പ്രതീക്ഷകളെല്ലാം മങ്ങി. കൂടാതെ സ്കൂളില്‍ സ്റ്റേജ് നിര്‍മിക്കാനായി ഒരുകെട്ടിടം കൂടി പൊളിക്കുകയാണ്. ഇതോടെ ക്ലാസുകള്‍ നടത്തുന്നതും പ്രതിസന്ധിയിലാകും.
383 കുട്ടികള്‍ ഹൈസ്കൂള്‍ ക്ലാസുകളിലുണ്ട്. ഇത്രയും കുട്ടികള്‍ക്കാവശ്യമായ ഭൗതികസാഹചര്യമില്ല. കാലപ്പഴക്കംചെന്ന കെട്ടിടങ്ങളിലാണ് പഠനം. എട്ടു ബാച്ചുകളിലായി 480 കുട്ടികള്‍ പഠിക്കുന്ന ഹയര്‍ സെക്കന്‍ഡറി വിഭാഗം പരിമിതികളില്‍ നട്ടംതിരിയുകയാണ്. ടിന് ഷീറ്റു മേഞ്ഞ, കാലപ്പഴക്കംചെന്ന കെട്ടിടങ്ങളിലാണ് ക്ലാസുകള്‍. അതിനാല്‍ മഴയും വേനലും ദുരിതമാകുന്നു. സ്ഥലപരിമിതിമൂലം സയന്‍സ് ലാബും ലൈബ്രറിയും ചെറിയ ഒരു മുറിയിലാണ് പ്രവര്‍ത്തിക്കുന്നത്. ശൗചാലയങ്ങളുടെ കുറവും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. അധ്യാപകരും ഇതര ജീവനക്കാരും ഇരിക്കുന്ന ഹാളിന്റെ ഒരു കോണിലാണ് പ്രിന്സിപലിന്റെ ഇരിപ്പിടവും.
സ്കൂളിന്റെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിന് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പുതിയ കെട്ടിടത്തിന്റെ പണി ആരംഭിച്ചതാണ്. ഒരുകോടി രൂപ ചെലവിലാണ് ഇരുനിലകളിലായി പത്ത് ക്ലാസ് മുറികളുള്ള കെട്ടിടം പണിയുന്നത്. ജനുവരി ഒന്നിന് കെട്ടിടംപണി തുടങ്ങി. ഒക്ടോബറില്‍ പൂര്‍ത്തിയാക്കാനായിരുന്നു കാരാര്‍ വ്യവസ്ഥ. എന്നാല്‍, ഡിസംബറായിട്ടും ഒന്നാംനിലയുടെ കോണ്‍ക്രീറ്റ് മാത്രമാണ് നടന്നത്. മാസങ്ങളായി പണി മുടങ്ങിക്കിടക്കുകയാണ്. ഒരു വര്‍ഷമെടുത്താലും ഈ കെട്ടിടത്തില്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ കഴിയില്ല. ഇതുവരെയുള്ള പ്രവൃത്തികളുടെ ബില്‍ത്തുക കരാറുകാരന് ലഭിക്കാത്തതാണ് പണി മുടങ്ങാന്‍ കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: