കാസര്‍കോട്: പഞ്ചായത്തും മൃഗാശുപത്രിയും ചേര്‍ന്ന് ഉപഭോക്താക്കള്‍ക്ക് നല്കിയ മുട്ടക്കോഴികള്‍ ചാകുന്നു. പക്ഷിപ്പനിയെന്ന് സംശയം. എന്നാല്‍ സംഭവം അറിയിച്ചിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്നും ഉപഭോക്താക്കളുടെ പരാതി. മുളിയാര്‍ ഗ്രാമ പഞ്ചായത്തും ബോവിക്കാനം മൃഗാശുപത്രി അധികൃതരും ചേര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് 2000 മുട്ടകോഴികള്‍ വിതരണം ചെയ്തത്.
വെറ്റിനറി സര്‍ജന്റെ നേതൃത്വത്തില്‍ തൃശൂരിലെ ഫാമില്‍ നിന്നാണ് കോഴികളെ കൊണ്ടുവന്നത്. രണ്ട് ദിവസത്തിനകം തന്നെ കോഴികള്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയും ചത്തുവീഴുകയുമായിരുന്നുവെന്ന് ഉപഭോക്താക്കള്‍ പറഞ്ഞു. എന്നാല്‍ സംഭവം വെറ്റിനറി സര്‍ജനെ അറിയിച്ചിട്ടും കുഴിച്ച് മൂടാനായിരുന്നു നിര്‍ദേശം നല്‍കിയത്. സാമ്പിള്‍ എടുക്കാനോ മറ്റ് നടപടികള്‍ സ്വീകരിക്കാനോ തയ്യാറായില്ലെന്നും ഉപഭോക്താക്കള്‍ ആരോപണമുന്നയിക്കുന്നു. അതേ സമയം മൃഗസംരക്ഷണ വകുപ്പിനെ വിവരമറിയിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. പൊയിനാച്ചിയിലെ ഫാമില്‍ നിന്നും കോഴികളെ എത്തിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടത്. എന്നാല്‍ വെറ്റ്നറി സര്‍ജന്റ നേതൃത്വത്തില്‍ കോഴികളെ തൃശൂരില്‍ നിന്ന് എത്തിക്കുകയായിരുന്നു.
450 പേര്‍ക്കാണ് 5 വീതം കോഴികള്‍ വിതരണം ചെയ്തത്. 300 രൂപ മുന്‍കൂര്‍ അടച്ചാണ് കോഴികളെ വിതരണം ചെയ്തത്. അതേ സമയം കുടുംബശ്രീ വഴി വിതരണം ചെയ്ത കോഴികള്‍ക്ക് ആരോഗ്യ പ്രശ്നമൊന്നുമില്ലെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്. ആലപ്പുഴയില്‍ പടരുന്ന പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ ധൃതി പിടിച്ചെന്തിന് കോഴികളെ വിതരണം ചെയ്യ്തതെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: