കുന്നത്തൂര്‍: താലൂക്കിലെ പ്രധാന ജംഗ്ഷനിലൊന്നായ ചക്കുവള്ളിയില്‍ ഗതാഗത നിയന്ത്രണ സംവിധാനങ്ങളില്ലാത്തതിനാല്‍ അപകടങ്ങള്‍ പതിവാകുന്നു. കൊല്ലം-തേനി ദേശിയപാത കടന്നു പോകുന്ന ചക്കുവള്ളി ജംഗ്ഷന് പോരുവഴി, ശൂരനാട് വടക്ക്, ശൂരനാട് തെക്ക് പഞ്ചായത്തുകളുടെ സംഗമകേന്ദ്രമാണ്. പ്രധാന നാല് റോഡുകളില്‍ നിന്നും ഒരു ഗതാഗത നിയന്തണങ്ങളുമില്ലാതെ എത്തുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യതയേറെയാണ്.
ദിശയറിയാതെ വരുന്ന വാഹനങ്ങള്‍ ഉണ്ടാക്കുന്ന ചെറുതും വലുതുമായ അപകടങ്ങള്‍ ജംഗ്ഷനില്‍ നിത്യസംഭവമാണെന്ന് വ്യാപാരികളും ആട്ടോറിക്ഷ ഡ്രൈവര്‍മാരും പറയുന്നു. നിയന്ത്രണമില്ലാതെയുള്ള കാല് നടയാത്രയും റോഡു മുറിച്ചുകടക്കലുമെല്ലാമാവുമ്പോള് അപകടസാധ്യത ഇരട്ടിയാകും.
ചാരുംമൂട്, ഭരണിക്കാവ്, പുതിയകാവ്, കടമ്പനാട് പ്രധാന റോഡുകള്‍ക്കു പുറമെ ഗ്രാമീണ റോഡുകളില്‍ നിന്നു കൂടി വരുന്ന വാഹനങ്ങള്‍ യാതൊരു നിയന്ത്രണമില്ലാതെയാണ് പ്രവേശിക്കുന്നത്. ഇത് ഏറെ അപകട സാധ്യതയാണ് ഉണ്ടാക്കുന്നത്. പോലീസ് സ്റ്റേഷനും ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസും മീറ്ററുകള്‍ മാത്രം അകലെയാണ്. നിരവധി ബാങ്കുകളും സ്കൂളുകളും മാര്‍ക്കറ്റും പ്രവര്‍ത്തിക്കുന്ന ചക്കുവള്ളിയില്‍ ഗതാഗത നിയന്ത്രണത്തിനായി സിഗ്നല്‍ സംവിധാനമെരുക്കാന്‍ അധികൃതര്‍ക്കായില്ല. ഗതാഗതം നിയന്ത്രിക്കാന്‍ സ്ഥിരമായി പോലീസോ ഹോം ഗാര്‍ഡോ ഇവിടെ എത്താറില്ല. സ്വയം നിയന്ത്രിച്ചാണ് പലരും വാഹനങ്ങള്‍ അപകടത്തില്‍പ്പെടാതെ രക്ഷപ്പെടുന്നത്. അടുത്തിടെ മലനട റോഡില്‍ നിന്നും ജംഗ്ഷനിലേക്ക് കയറിയ സ്കൂട്ടറില്‍ ഭരണിക്കാവ് ഭാഗത്ത് നിന്നും അമിതവേഗതയില്‍ വന്ന കാറിടിച്ച് ദമ്പതികള്‍ മരിച്ചിരുന്നു.
പ്രധാന പ്രശ്നം പാര്‍ക്കിങ്
വിവിധ ആവശ്യങ്ങള്‍ക്കായി ചക്കുവള്ളിയിലെത്തുന്നവരുടെ പ്രധാനപ്രശ്നം വാഹന പാര്‍ക്കിംഗാണ്. ബാങ്കുകളിലും ആര്‍ടി ഓഫീസുകളിലും മറ്റും ഒട്ടേറെ ആവശ്യങ്ങള്‍ക്കായി വരുന്നവര്‍ വാഹനങ്ങള്‍ റോഡരികില്‍ നിര്‍ത്തുന്നത് തോന്നിയപോലെയാണ്. നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന റോഡരികിലാണ് കാര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്. ഇത് ഗതാഗതക്കുരുക്കിനും കാരണമാകുന്നു.
വ്യാപാര സ്ഥാപനങ്ങളുടെ മുന്നില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് കച്ചവടത്തെയും ബാധിക്കുന്നതായി വ്യാപാരികള്‍ പറയുന്നു. ചക്കുവള്ളിയില്‍ ശാശ്വതമായ ഗതാഗത നിയന്ത്രണം ഉറപ്പുവരുത്തണമെന്നുള്ളത് വര്‍ഷങ്ങളായുള്ള നാട്ടുകാരുടെ ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: