ചാരുംമൂട് :പാലമേല്‍ ഗ്രാമ പഞ്ചായത്തിലെ മറ്റപ്പള്ളി മേഖലക്കു പിന്നാലെ സമീപ പഞ്ചായത്തായ താമരക്കുളം ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിലെ ചത്തിയറ വാര്‍ഡിലും കാട്ടുപന്നികളുടെ ആക്രമത്തില്‍ ലക്ഷക്കണക്കിനു രൂപയുടെ കൃഷി നശിപ്പിച്ചു.
കഴിഞ്ഞ രാത്രിയിലായിരുന്നു കാട്ടുപന്നികള്‍ കൃഷിയിടങ്ങളില്‍ കയറി കര്‍ഷകര്‍ക്ക് നാശനഷ്ടമുണ്ടാക്കിയത്. ചത്തിയറ വാര്‍ഡില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ ഗ്രൂപ്പായി കൃഷി ചെയ്തിരുന്ന വാഴ, മരച്ചീനി, ചേമ്പ് തുടങ്ങിയവയാണ് നശിപ്പിച്ചത്. കൂടാതെ കാര്‍ത്തിക ഭവനം അനീഷിന്റെയടക്കം ഒട്ടനവധി വ്യക്തികളുടെ പുരയിടങ്ങളിലെ കൃഷികളും പന്നികള്‍ നശിപ്പിച്ചു.
അനീഷിന്റെ കൃഷിയിടത്തില്‍ വിളവെടുപ്പിന് പാകമായി വരുന്ന ഏത്തവാഴകളുടെ ചുവടുകളാണ് കുത്തിമറിച്ചിരിക്കുന്നത്. ഇവരുടെ മരച്ചീനിയും മറ്റു കൃഷികളും നശിപ്പിച്ചിട്ടുണ്ട്. പ്രദേശത്ത് ധാരാളം സ്ഥലം കാടു കയറി കിടക്കുന്നത് മൂലം കാട്ടുപന്നികള്‍ക്ക് തമ്പടിക്കാന്‍ കഴിയുമെന്ന് കര്‍ഷകര്‍ പറയുന്നു.കാട്ടുപന്നി ശല്യം ഒഴിവാക്കാന്‍ അധികൃതരും ഗ്രാമ പഞ്ചായത്തും ഇടപെടണമെന്നാണ് കര്‍ഷകരും പ്രദേശവാസികളും ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: