തിരുവനന്തപുരം: ജോലി അഭ്യര്‍ഥിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ ശയനപ്രദക്ഷിണം നടത്തി കായികതാരങ്ങള്‍. കേരളത്തിനായി വിവിധയിനങ്ങളില്‍ മെഡലുകള്‍ നേടിയ ഇരുപതോളം പുരുഷവനിതാ താരങ്ങളാണ് സര്‍ക്കാരിന്റെ അനീതിയില്‍ പ്രതിഷേധിച്ച് നടുറോഡില്‍ ഉരുണ്ടത്. തലമൊട്ടയടിച്ചും സത്യഗ്രഹമിരുന്നും മടുത്ത ശേഷമാണ് കായിക താരങ്ങള്‍ വ്യത്യസ്ഥമായ സമരത്തിന് മുതിര്‍ന്നത്. സെക്രട്ടേറിയറ്റിന് മുന്‍വശം റോഡിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെയാണ് താരങ്ങള്‍ ശയനപ്രദക്ഷിണം നടത്തിയത്. ഒരുമണിക്കൂറോളം നീണ്ടുനിന്ന പ്രതിഷേധത്തിനിടയില്‍ താരങ്ങളില്‍ പലര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉറപ്പുനല്‍കിയ ജോലി നല്‍കാത്തതില്‍ പ്രതിഷേധിച്ച് കായികതാരങ്ങള്‍ കഴിഞ്ഞ 12 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സമരത്തിലാണ്. പട്ടികയിലുള്‍പ്പെട്ട 249 പേരില്‍ 195 പേര്‍ക്ക് 2019ല്‍ ജോലി നല്കി. എന്നാല്‍ ഇതുവരെയും അതിലുള്‍പ്പെട്ട ഈ 54 പേരെ പരിഗണിച്ചില്ല. നിയമനം നല്‍കാനുള്ള തീരുമാനമായെങ്കിലും മാസങ്ങളായി ഫയല്‍ ധനവകുപ്പില്‍ കുരുങ്ങിക്കിടക്കുകയാണെന്ന് കായിക താരങ്ങള്‍ പറഞ്ഞു. പട്ടികയില്‍ മുന്നിലുള്ളവരെ മാറ്റി നിര്‍ത്തി താഴെയുള്ളവര്‍ക്ക് ജോലി നല്‍കിയത് നേരത്തെ വിവാദമായിരുന്നു. ജോലി കിട്ടാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് കായികതാരങ്ങളുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: