ആലപ്പുഴ: കുട്ടനാട്ടില്‍ പക്ഷിപ്പനി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതായി സൂചന. നെടുമുടി ,ചമ്പക്കുളം പഞ്ചായത്തുകളില്‍ നിരവധി താറാവുകള്‍ ചത്തതാണ് സംശയത്തിന് കാരണം. രോഗബാധ സ്ഥിരീകരിച്ച മേഖലകളില്‍ താറാവ്, കോഴി, കാട, വളര്‍ത്തുപക്ഷികള്‍ എന്നിവയുടെ വില്പനയും, ഇവയുടെ മുട്ടയുടെയും ഇറച്ചിയുടെയും ഉപയോഗവും നിരോധിച്ചു.
നെടുമുടി, ചമ്പക്കുളം പഞ്ചായത്തുകളിലും കൂട്ടത്തോടെ താറാവുകള്‍ ചത്തതിന്റെ കാരണം പക്ഷിപ്പനിയാകാമെന്ന് സംശയമുണ്ട്. ഇവയുടെ സാമ്പിള്‍ പരിശോധന ഫലം ഉടന്‍ ലഭ്യമാകും. പുറക്കാട്, തകഴി പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ചത്ത താറാവുകളുടെ സാംപിള്‍ ഭോപ്പാലിലെ ലാബില്‍ പരിശോധിച്ചപ്പോഴാണ് പക്ഷിപ്പനിയെന്ന സ്ഥിരീകരണം വന്നത്. നെടുമുടി പഞ്ചായത്തിലെ വൈശ്യംഭാഗത്ത് ബാബു, ഓമനക്കുട്ടന് എന്നീ കര്‍ഷകരുടെ അയ്യായിരത്തോളം തറാവുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചത്തു.
നെടുമുടിയില്‍ രണ്ടാഴ്ചക്കിടെ പതിനായിരത്തോളം താറാവുകള്‍ ചത്തൊടുങ്ങി. പുറക്കാട്, തകഴി ഭാഗങ്ങളില്‍ പന്ത്രണ്ടായിരത്തോളം താറാവുകളാണ് ചത്തത്. ഈ പ്രദേശങ്ങളില്‍ ബാക്കിയുള്ള താറാവുകളെ കഴിഞ്ഞ രാത്രി ദ്രുതകര്‍മസേനയുടെ നേതൃത്വത്തില്‍ കൊന്നു കത്തിച്ചു. രോഗബാധ സംശയിക്കുന്ന മേഖലകളില്‍ താറാവ്, കോഴി, കാട, വളര്‍ത്തുപക്ഷികള്‍ എന്നിവയുടെ വില്പനയും മുട്ട, ഇറച്ചി, എന്നിവയുടെ ഉപയോഗവും നിരോധിച്ചു.
താറാവ് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ എ. അലക്സാണ്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: