തിരുവനന്തപുരം : വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്കു വിട്ടതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗും സംസ്ഥാന സര്‍ക്കാരും തമ്മില്‍ പോരിലേക്ക്. നിയമനവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധത്തിനിടെ മന്ത്രി പി.എ.മുഹമ്മദ് റിയാസും പിണറായി വിജയന്റെ മകള്‍ വീണയും തമ്മിലുള്ള വിവാഹത്തെക്കുറിച്ച് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന് കല്ലായി വിവാദ പരാമര്‍ശം നടത്തിയിരുന്നു. ഇതോടെയാണ് പോര് മുറുകിയത്.
കോഴിക്കോട്ടെ വഖഫ് സംരക്ഷണ റാലിക്കിടെയാണ് ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന് കല്ലായി വിവാദ പരാമര്‍ശം നടത്തിയത്. ഇതിന് പിന്നാലെ സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി ലീഗിനെതിരെ രൂക്ഷ വിമര്‍ശം ഉയര്‍ത്തി. ‘നിങ്ങള്‍ ആദ്യം നിങ്ങള്‍ ആരാണെന്നു തീരുമാനിക്കൂ. ലീഗ് രാഷ്ട്രീയ പാര്‍ട്ടിയാണോ അതോ മതസംഘടനയോ. മുസ്ലിങ്ങളുടെയെല്ലാം അട്ടിപ്പേറവകാശം ലീഗ് ഏറ്റെടുക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. തൊട്ടുപിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ലീഗിനെതിരെ കടുത്തവിമര്‍ശനമുയര്‍ത്തി. മന്ത്രി റിയാസിനെയും ഭാര്യ വീണയെയും അപമാനിച്ചു നടത്തിയ പ്രസംഗം അപരിഷ്കൃതവും മതസൗഹാര്‍ദം തകര്‍ക്കുന്നതുമാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.
അതേസമയം പരാമര്‍ശം വിവാദമായതിനു പിന്നാലെ വിവാദ പരാമര്‍ശം നടത്തിയ ലീഗ് നേതാവ് അബ്ദുറഹ്മാന് കല്ലായി ഖേദം പ്രകടിപ്പിച്ചിരുന്നു. പിന്നാലെ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും റിയാസിനെ ഫോണില്‍ വിളിച്ച് ഖേദം പ്രകടിപ്പിച്ചു. അബ്ദുറഹ്മാന് കല്ലായിയുടെ പരാമര്‍ശനത്തിനെതിരെ ഹരിത മുന്‍ ഭാരവാഹികളും രംഗത്തെത്തി.
എന്നാല്‍ റിയാസിനെതിരെ വ്യക്തിപരമായി അധിക്ഷേപിച്ച സാഹചര്യത്തില്‍ ലീഗുമായി പെട്ടന്ന് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനം. വഖഫ് ബോര്‍ഡിന്റെ നിയമനം സംബന്ധിച്ച് സമസ്ത പ്രതിഷേധങ്ങളില്‍ നിന്നും പിന്മാറിയിരുന്നു. അതിനു പിന്നാലെയാണ് സംസ്ഥാന സെക്രട്ടറി തന്നെ വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്. ഇതോടെ ലീഗിനെതിരെ പൊതുജനങ്ങളില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: