തിരുവനന്തപുരം: വനംവകുപ്പ് പിസിസിഎഫും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനുമായ ബെന്നിച്ചന് തോമസിന്റെ സസ്പെന്ഷന് പിന്‍വലിച്ചു. വിവാദമായ മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവിന്റെ പേരില്‍ സസ്പെന്‍ഷനിലായിരുന്ന ബെന്നിച്ചന് തോമസിനെതിരായ നടപടി റിവ്യു കമ്മറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പിന്‍വലിച്ചത്.
വിവാദമായ മരംമുറി ഉത്തരവ് റദ്ദാക്കിയ പശ്ചാത്തലത്തില്‍ സസ്പെന്ഷന് തുടരേണ്ടതില്ല എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തെക്കുറിച്ച് ചീഫ് സെക്രട്ടറി നടത്തുന്ന അന്വേഷണറിപ്പോര്‍ട്ട് ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. വനംസെക്രട്ടറിയും ജലവിഭവ സെക്രട്ടറിയുമൊക്കെ അറിഞ്ഞുകൊണ്ടു നടന്ന നടപടിക്രമങ്ങളുടെ ഭാഗമായാണ് ബെന്നിച്ചന് തോമസ് മരംമുറി ഉത്തരവ് പുറത്തിറക്കിയതെന്ന് ആരോപണമുയര്‍ന്നിരുന്നു.
വനംവകുപ്പും ജലവിഭവ വകുപ്പും മുഖ്യമന്ത്രിയുടെ ഓഫീസും അറിയാതെ ഇത്തരമൊരു ഉത്തരവ് പുറത്തുവരില്ലെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയിരുന്നു, വിവാദ ഉത്തരവിന്റെ പേരില്‍ ഒരു ഉദ്യോഗസ്ഥനെ മാത്രം പ്രതിക്കുട്ടിലാക്കുന്നതിനെതിരെ ഉദ്യോഗസ്ഥര്‍ക്കിടയില്‍ അമര്‍ഷമുണ്ടായി. സസ്പെന്ഷന് നടപടിക്കെതിരെ പ്രതിഷേധവുമായി ഐഎഫ്എസ് അസോസിയേഷന് രംഗത്തെത്തുകയും ചെയ്തു. ഈ സാഹചര്യവും കൂടി കണക്കിലെടുത്താണ് സസ്പെന്ഷന് പിന്‍വലിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: