ഡെറാഡൂൺ: തന്റെ ഗ്രാമമായ ദ്വാരിഖാലിൽ സാധാരണകുട്ടികള്‍ക്ക് പഠിക്കാന്‍ ഒരു കേന്ദ്രീയ വിദ്യാലയം കൊണ്ടു വരിക- ഇതായിരുന്നു ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ബിപിന്‍ റാവത്തിന്റെ മോഹം. സംയുക്ത സേനാമേധാവിയുടെ വലിയ പദവി വഹിക്കുമ്പോഴും ഗ്രാമത്തില്‍ പോകാന്‍ കൊതിച്ച അദ്ദേഹത്തിന്റെ ലളിതമായ മനസ്സ് ബന്ധു ഭരത് സിംഗ് റാവത്താണ് മാധ്യമങ്ങളോട് പങ്കുവെച്ചത്. ഗ്രാമത്തിലെ വിദ്യാഭ്യാസ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ബിപിൻ റാവത്ത് അതിയായി ആഗ്രഹിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
വ്യത്യസ്തനായിരുന്നു ബിപിന്‍ റാവത്ത്. ‘വിരമിക്കലിന് ശേഷം ഉത്തരാഖണ്ഡിലെ ശാന്തമായ ഗ്രാമീണ അന്തരീക്ഷത്തിൽ താമസിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നത്. ഇതിനായി പൗരി ജില്ലയിലെ സൈനയിൽ അദ്ദേഹം സ്ഥലവും കണ്ട് വെച്ചിരുന്നു. ഇതിനെ തന്റെ വാർദ്ധക്യകാല വസതി എന്നാണ് അദ്ദേഹം വിളിക്കാൻ ആഗ്രഹിച്ചിരുന്നത്. വൈകാതെ ജന്മദേശം സന്ദർശിക്കുമെന്ന് പറഞ്ഞ അദ്ദേഹത്തെ സ്വീകരിക്കാന്‍ ഞങ്ങൾ ഏവരും കാത്തിരിക്കുകയായിരുന്നു.‘ ഭരത് സിംഗ് പറഞ്ഞു.
ബിപിൻ റാവത്തിന്റെ വിയോഗത്തിൽ ജന്മദേശമായ ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ മേഖല മുഴുവൻ കേഴുകയാണെന്ന് ഭരത് സിംഗ് റാവത്ത് പറഞ്ഞു.
‘നാടിന്റെ വികസനകാര്യങ്ങളിൽ അതീവ തല്‍പരനായിരുന്നു റാവത്ത്. ക്ഷേത്രകാര്യങ്ങളിലും ശ്രദ്ധാലുവായിരുന്നു. നാടിനെക്കുറിച്ച് അദ്ദേഹത്തിന് വലിയ സ്വപ്നങ്ങളുണ്ടായിരുന്നു. ഇപ്പോൾ എല്ലാം നഷ്ടമായി.‘ ഭരത് സിംഗ് റാവത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: