ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഥുരയില്‍ ശ്രീകൃഷ്ണന് ജനിച്ച സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തീര്‍ക്കണമെന്ന് രാജ്യസഭയില്‍ ആവശ്യപ്പെട്ട് ബിജെപി എംപി. ഹര്‍നാഥ് സിംഗ് യാദവ്. ഇക്കാര്യത്തില്‍ ഇപ്പോഴത്തെ സ്ഥിതി തുടരാന്‍ ആവശ്യപ്പെടുന്ന നിയമം റദ്ദാക്കാനും ബിജെപി എംപി ആവശ്യപ്പെട്ടു.
സീറോ അവറിലാണ് അദ്ദേഹം പ്രശ്നം ഉന്നയിച്ചത്. ആരാധനാലയ നിയമം 1991 ഭരണഘടനാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. 1947 ആഗസ്ത് 15ലെ തല്‍സ്ഥിതി ആരാധനാലയങ്ങളുടെ കാര്യത്തില്‍ തുടരണമെന്നാണ് 1991ലെ ആരാധനാലയ നിയമം പറയുന്നത്. നിലവിലെ ഒരു ആരാധനാലയത്തെ വേറൊന്നാക്കി മാറ്റുന്നത് ഈ നിയമം നിരോധിക്കുകയും ചെയ്യുന്നു.
അയോധ്യയിലെ രാം ജന്മഭൂമി പ്രശ്നത്തില്‍ ഈ നിയമം ബാധകമാക്കിയിരുന്നില്ല. മറ്റ് ഏതൊരു ആരാധനാലയം സംബന്ധിച്ച തര്‍ക്കവും 1991ലെ ആരാധനാലയ നിയമം റദ്ദാക്കുന്നു.
ശ്രീകൃഷ്ണന്റെ ജന്മസ്ഥലവും മറ്റ് നിരവധി ആരാധനാലയങ്ങളും വിദേശ ആക്രമണകാരികള്‍ കയ്യടക്കിയവയാണ്. എന്നാല്‍ ഈ കയ്യേറ്റങ്ങള്‍ക്ക് നിയമപരമായ സാധുത നല്‍കുകയാണ് 1991ലെ ആരാധനാലയനിയമം.
ഈ ഏകപക്ഷീയവും ഭരണഘടനാവിരുദ്ധവുമായ നിയമം ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും ജൈനന്മാര്ക്കും ബുദ്ധമതക്കാര്‍ക്കും അവരുടെ മതം പിന്തുടരാനോ പ്രചരിപ്പിക്കാനോ സാധിക്കാത്ത അവസ്ഥ വരുത്തിയിരിക്കുകയാണ്. ശ്രീരാമന്റെ ജന്മസ്ഥലം സംബന്ധിച്ച തര്‍ക്കത്തെ ഈ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നാല്‍ ശ്രീകൃഷ്ണന്റെ ജന്മസ്ഥലം സംബന്ധിച്ച തര്‍ക്കത്തിന് എന്തുകൊണ്ട് ഇതേ പരിഗണന നല്‍കുന്നില്ല. ശ്രീകൃഷ്ണനെയും ശ്രീരാമനെയും വേര്‍തിരിച്ചുകാണുകയാണ് ഈ നിയമം. എന്നാല്‍ ഇവര്‍ രണ്ടുപേരും ഭഗവാന് വിഷ്ണുവിന്റെ അവതാരങ്ങള്‍ തന്നെയാണ്. അതുകൊണ്ട് ശ്രീകൃഷ്ണന്റെ ജന്മസ്ഥലം സംബന്ധിച്ച തര്‍ക്കത്തിലും ഈ നിയമം ബാധകമാക്കരുത്- അദ്ദേഹം ആവശ്യപ്പെട്ടു.
ശ്രീകൃഷ്ണന്റെ ജന്മസ്ഥലമെന്ന് അവകാശപ്പെടുന്ന സ്ഥലത്ത് ഇപ്പോള്‍ ഒരു മുസ്ലിംപള്ളി നിലകൊള്ളുന്നു. ഷാഹി ഇദ്ഗാഹ്. ഈ മുസ്ലിംപള്ളി വര്‍ഷങ്ങളായി ഒരു നിയമയുദ്ധത്തിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഭഗവാന് കൃഷ്ണന് ജനിച്ച സ്ഥലത്താണ് പള്ളി ഉയര്‍ത്തിയിരിക്കുന്നുവെന്ന വാദമാണ് ഹിന്ദുക്കള്‍ ഉയര്‍ത്തുന്നത്. ഇക്കാര്യത്തില്‍ 1968ല്‍ പള്ളി ട്രസ്റ്റും ശ്രീകൃഷ്ണ ജന്മസ്ഥാന് സേവാ സംഘും തമ്മില്‍ ഒരു കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഒത്തുതീര്‍പ്പിലെത്തിയിരുന്നു. എന്നാല്‍ അയോധ്യപ്രക്ഷോഭത്തോടെ പ്രശ്നം വീണ്ടും സജീവമായിരിക്കുകയാണ്. കഴിഞ്ഞയാഴ്ച ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ മഥുരയില്‍ അയോധ്യയിലേതുപോലെ ക്ഷേത്രം പണിയുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡപ്യൂട്ടി ചെയര്മാന് ഹരിവംശ് രാജ്യസഭയില്‍ സബ്മിഷന് ഉന്നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: