മുംബൈ : കോവിഡ് വകഭേദമായ ഒമിക്രോണ്‍ മഹാരാഷ്ട്രയില്‍ സ്ഥിരീകരിച്ചയാള്‍ക്ക് രോഗം ഭേദമായി. രോഗം സ്ഥിരീകരിച്ചിരുന്ന 33-കാരനായ മറൈന്‍ എഞ്ചിനീയറുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. ബുധനാഴ്ച ആശുപത്രി വിട്ട ഇയാളെ വീട്ടില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കല്യാണ്‍- ഡോംബിവ്ലി പ്രദേശത്തെ താമസക്കാരനായ എഞ്ചിനീയര്‍ നവംബര്‍ 23-നാണ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് ദുബായ് വഴി ദല്‍ഹി വിമാനത്താവളത്തില്‍ എത്തി. അവിടെ സാംപിള്‍ നല്‍കിയശേഷം വിമാനമാര്‍ഗം തന്നെയാണ് മുംബൈയിലെത്തിയത്.
കോവിഡ് പരിശോധന പോസിറ്റീവായതിനെത്തുടര്‍ന്ന് കല്യാണ്‍- ഡോംബിവിലിയില്‍ ആശുപത്രിയിലായിരുന്നു. ഒരു സ്വകാര്യ കപ്പലില്‍ ജോലിക്കാരനായ ഇയാള്‍ ഈ വര്‍ഷം ഏപ്രിലില്‍ കോവിഡ് വ്യാപനഘട്ടത്തില്‍ രാജ്യം വിട്ടതിനാല്‍ ഇയാള്‍ വാക്സിന് എടുത്തിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
ബുധനാഴ്ച വൈകുന്നേരം ആറ് മണിക്ക് ഇയാളെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായി കല്യാണ്‍-ഡോംബിവ്ലി മുന്‍സിപ്പല്‍ കമ്മിഷണര്‍ ഡോ.വിജയ് സൂര്യവംശി അറിയിച്ചു. പരിശോധനാഫലം നെഗറ്റീവായതിനാലാണ് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തത്. അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണെന്നും രോഗ ലക്ഷണങ്ങളൊന്നുമില്ലെന്നും സൂര്യവംശി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: