സംപൗളോ: ഫുട്‌ബോള്‍ ഇതിഹാസം പെലെയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വന്‍കുടലില്‍ കണ്ടെത്തിയ ട്യൂമറുമായി ബന്ധപ്പെട്ട ചികിത്സയ്‌ക്കാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. സ്‌പെറ്റംബറില്‍ ട്യൂമര്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാല്‍ വീണ്ടും കീമോതെറാപ്പി ആവശ്യമായിവരുമെന്ന് ആശുപത്രി അധികൃതര്‍ അന്ന് പറഞ്ഞിരുന്നു.
ആരോഗ്യനില തൃപ്തികരമാണെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടാനാകുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. സംപൗളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലാണ് പെലെയെ പ്രവേശിപ്പിച്ചിരിപ്പിക്കുന്നത്. 81 വയസ്സുകാരനായ പെലെ “സ്ഥിരതയുള്ളവനാണെന്നും അടുത്ത കുറച്ച് ദിവസങ്ങളിൽ രോഗമുക്തി നേടാമെന്ന് പ്രതീക്ഷിക്കുന്നു” എന്നും ആൽബർട്ട് ഐൻസ്റ്റൈൻ ഹോസ്പിറ്റൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ആഗസ്റ്റ് അവസാനത്തിൽ പതിവ് ടെസ്റ്റിനിടെ കണ്ടെത്തിയ ട്യൂമർ ചികിത്സിക്കുന്നതിനായി പെലെയ്‌ക്ക് കീമോതെറാപ്പി സെഷനുകൾ ഉണ്ടെന്ന് പെലെയുടെ അസിസ്റ്റന്റായ പെപ്പിറ്റോ ഫോർനോസ് മാധ്യമങ്ങളോട് പറഞ്ഞു. സമീപകാലത്തായി നിരവധി ആരോഗ്യപ്രശ്നങ്ങൾ പെലെയെ അലട്ടുന്നുണ്ട്. 2019ൽ മൂത്രാശയ അണുബാധയെത്തുടർന്ന്ഫ്രാൻസിലെ ആശുപത്രിയിൽ ഏറെ നാൾ ചികിത്സയിലായിരുന്നു. പെലെ വിഷാദരോഗത്തിന് അടിമയാണെന്ന് മകൻ കഴിഞ്ഞ വർഷം പറഞ്ഞിരുന്നു. അനാരോഗ്യവും വീട്ടിൽനിന്ന് ഇഷ്ടാനുസരണം പുറത്തിറങ്ങാനാവാത്ത അവസ്ഥയുമാണ് എക്കാലത്തെയും മികച്ച കളിക്കാരനെന്നു വിശേഷിപ്പിക്കപ്പെടുന്ന പെലെയെ ഈ സ്ഥിതിയിലെത്തിച്ചതെന്ന് മകൻ എഡീഞ്ഞൊ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: