തൃശൂര്‍ : കൂനൂരിലെ ഹെലിക്കോപ്ടര്‍ അപകടത്തില്‍ കേരളത്തിന് നഷ്ടമായത് പ്രളയകാലത്ത് ഒട്ടേറെ ജീവന് രക്ഷിച്ച ധീര സൈനികനെ കൂടിയാണ്. പ്രളയകാലത്ത് കോയമ്പത്തൂര്‍ വ്യോമസേന താവളത്തില്‍ നിന്ന് രക്ഷാ പ്രവര്‍ത്തന സംഘത്തില്‍ തൃശൂര്‍ പുത്തൂര്‍ സ്വദേശിയായ എ. പ്രദീപും ഉള്‍പ്പെട്ടിരുന്നു. മലയാളികള്‍ക്ക് നികത്താന്‍ ആവാത്ത നഷ്ടമാണ് ഇത്.
ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ഉള്‍പ്പടെ 13 പേര് മരിച്ച ഹെലിക്കോപ്ടര്‍ അപകടത്തില്‍ ഫ്ളൈറ്റ് ഗണ്ണര്‍ ആയിരുന്നു പ്രദീപ്. 2004ലാണ് പ്രദീപ് സൈന്യത്തില്‍ ചേരുന്നത്. തുടര്‍ന്ന് എയര്‍ ക്രൂവായി തെരഞ്ഞെടുക്കുകയായിരുന്നു. രാജ്യത്തിന്റെ ഒട്ടുമിക്ക സ്ഥലങ്ങളിലും ചുരുങ്ങിയ കാലയളവില്‍ അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. ഛത്തീസ്ഗഢിലെ മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള ഓപ്പറേഷനിലും സന്ദീപ് പങ്കെടുത്തിട്ടുണ്ട്.
2018ല്‍ കേരളത്തിലെ പ്രളയ സമയത്ത് കോയമ്പത്തൂര്‍ വ്യോമസേന താവളത്തില്‍ നിന്ന് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി പുറപ്പെട്ട ഹെലികോപ്ടര്‍ സംഘത്തില്‍ എയര്‍ ക്രൂ ആയി പ്രദീപ് സ്വമേധയാ ചുമതല ഏറ്റെടുക്കുകയായിരുന്നു. ദൗത്യസംഘത്തില്‍ തന്നേയും ഉള്‍പ്പെടുത്തണമെന്ന് പ്രദീപ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ഉള്‍പ്പെടുന്നത്. പ്രളയകാലത്ത് നിരവധി ജീവനുകള്‍ രക്ഷപ്പെടുത്തിയ ദൗത്യസംഘത്തിന് രാഷ്ട്രപതിയുടെയും സംസ്ഥാന സര്‍ക്കാറിന്റേയും അഭിനന്ദനവും പ്രശംസയും നേടാനായി. ഉത്തരാഖണ്ഡിലെ പ്രളയ ദുരിതാശ്വസ പ്രവര്‍ത്തനങ്ങളിലും പ്രദീപ് പങ്കെടുത്തിട്ടുണ്ട്.
അതിനിടെ പൊന്നുകര ഗ്രാമത്തിലെ പ്രദീപിന്റെ വീട് റവന്യൂ മന്ത്രി കെ. രാജന് സന്ദര്‍ശിച്ചു. ധീര സൈനികനെയാണ് അപകടത്തിലൂടെ നഷ്ടമായത് എന്ന് മന്ത്രി പറഞ്ഞു. നാട്ടില്‍ സജീവമായ യുവാവാണ് ഇല്ലാതായത്. എല്ലാ ബഹുമതികളോടെയും പ്രദീപിന്റെ മൃതദേഹം സംസ്കരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: