കാസര്‍കോട്: കര്‍ഷകര്‍ക്ക് ആശ്വാസമേകുന്ന തരത്തില്‍ റബ്ബറിന് വിലകൂടിയിട്ടും ആശങ്ക തീരുന്നില്ല. കാലം തെറ്റി പെയ്ത മഴയും റബ്ബര്‍ കര്‍ഷകരെ സാരമായി ബാധിച്ചു. ഇപ്പോള്‍ റബ്ബറിന് 190 രൂപയോട് അടുത്ത് വി ലഭിക്കുന്നുണ്ട്. തൊഴിലാളി ക്ഷാമവും മുതല്‍ കാട്ടുപന്നികളുടെ ഭീഷണി വരെ കര്‍ഷകര്‍ക്ക് തലവേദനയാണ്. മലയോര മേഖലയായ പരപ്പ, വെള്ളരിക്കുണ്ട്, കൊന്നക്കാട് പ്രദേശങ്ങളിലും ഇടനാടന്‍ പ്രദേശമായ മടിക്കൈ പഞ്ചായത്തില്‍ പോലും കാട്ടുപന്നിയുടെ ആക്രമണമുള്ളതായി കര്‍ഷകര്‍ പറയുന്നു.
നിരന്തരമായ മഴ മരങ്ങള്‍ക്ക് പട്ടമരവിപ്പിന് ഇടയാക്കും. പാലിന്റെ അളവ് കൂടിയിരുന്ന സമയത്ത് പോലും മഴയാണ്. പുലര്‍ച്ചെ എഴുന്നേറ്റ് പോകാനുള്ള മടി കാരണം ചെറുപ്പക്കാരും ഈ മേഖലയിലേക്ക് കടന്ന് വരുന്നില്ല. അദ്ധ്വാനത്തിനനുസരിച്ച് ലാഭമില്ലാത്തതാണ് തടസം. വിദ്യാര്‍ത്ഥികള്‍ മനസ് വെച്ചാല്‍ രാവിലെ നൂറുമരം വരെ ടാപ്പ് ചെയ്യാനാകും. വീട്ടുകാരെ ആശ്രയിക്കാതെ സ്വന്തം വരുമാനവുമാകും. വീട്ടുകാര്‍ക്ക് ഷീറ്റടിക്കുന്ന ജോലി ചെയ്താല്‍ മതിയാകും.
കായ്ച്ച് നില്ക്കുന്ന തെങ്ങും കവുങ്ങും മുതല്‍ കശുമാവ് വരെ വെട്ടി റബ്ബര്‍ നട്ടുവളര്‍ത്തിയ കുന്നിന് ചെരുവുകളില്‍ പലയിടത്തും ഇന്ന് ടാപ്പിങ് പോലും നടക്കുന്നില്ല. ജില്ലയുടെ മലയോര മേഖല കേന്ദ്രീകരിച്ച് നിരവധി റബ്ബര്‍ ഉല്പാദക സംഘങ്ങളുണ്ട്. ഇതില്‍ രണ്ടായിരത്തോളം റബര്‍ മരം വരെയുള്ള കര്‍ഷകരുണ്ട്. പാട്ടത്തിനെടുക്കുന്നവരും ഇതോടൊപ്പമുണ്ട്. തെങ്ങും കവുങ്ങും മുറിച്ച് റബര്‍ വെച്ചവരില്‍ ചിലരൊക്കെ ഇന്ന് നിരാശരാണ്.
സര്‍ക്കാര്‍ നിശ്ചയിച്ച തറവിലയായ 170 രൂപയേക്കാള്‍ വിലയുണ്ട്. നേരത്തെ 120 രൂപയൊക്കെ വിലയുണ്ടായിരുന്നപ്പോള്‍ റബര്‍ ഉല്പാദക സംഘം വഴി 40 ലക്ഷം രൂപ വരെ സബ്സിഡി തുക കര്‍ഷകര്‍ക്ക് വിതരണം ചെയ്തിരുന്നു. റബ്ബര്‍ ഒഴിവാക്കി മറ്റേതെങ്കിലും കൃഷിയിലേക്ക് മാറിയാലോ എന്ന് ചിന്തിക്കുന്ന കര്‍ഷകരുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: