തൊടുപുഴ: പാതിരാത്രിയില്‍, ഉറക്കത്തിനിടെ, വെള്ളം ജീവനെടുക്കുമോയെന്ന ഭീതിയിലാണ് വണ്ടിപ്പെരിയാര്‍, ഉപ്പുതറ, ഏലപ്പാറ, പെരിയാര്‍, മഞ്ചുമല, അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ ആനവിലാസം ഭാഗങ്ങളിലെ ആയിരക്കണക്കിനാളുകള്‍. ഈ മാസം ഇത് മൂന്നാമത്തെ തവണയാണ് മുന്നറിയിപ്പില്ലാതെ തമിഴ്നാട് മുല്ലപ്പെരിയാര്‍ ഡാമിലെ വെള്ളം വലിയ തോതില്‍ തുറന്നുവിടുന്നത്, അതും രാത്രിയില്‍.
ഏഴ് വില്ലേജുകളിലായി 300 കുടുംബങ്ങളാണ് വെള്ളം കയറുന്ന മേഖലയിലുള്ളത്. വള്ളക്കടവ്, മഞ്ചുമല, ആറ്റോരം എന്നിവിടങ്ങളിലാണ് കൂടുതല്‍ വീടുകളും. ഈ മേഖലകളിലെ വീടുകളില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മൂന്നു തവണയാണ് വെള്ളം കയറിയത്. വെള്ളമുയരുമ്പോള്‍ അടുത്തുള്ള ഉയര്‍ന്ന പ്രദേശങ്ങളില്‍ കുഞ്ഞുകുട്ടികളും തുണികളുമായി ജനങ്ങള്‍ ചേക്കേറും. താഴുമ്പോള്‍ മടങ്ങും. വീട്ടിലെ ചളിയും മണ്ണും വളരെ കഷ്ടപ്പെട്ടാണ് വാരിക്കളയുന്നത്. മാലിന്യങ്ങളും ഇക്കൂട്ടത്തിലുണ്ട്. എല്ലാം ഒരുവിധം ശരിയാക്കി വരുമ്പോഴാണ് വീണ്ടും വെള്ളം കയറുന്നത്.
ഈ പ്രദേശത്തുള്ളവരുടെ സ്വസ്ഥവും സുരക്ഷിതവുമായ ജീവിതം തന്നെ ഇല്ലാതായി. പലപ്പോഴും രാത്രി 10 മണിയോടെ വെള്ളമെത്തും. മനസമാധാനത്തോടെ ഉറങ്ങിയിട്ട് മാസങ്ങളായി, നാട്ടുകാര്‍ പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ പെരിയാര്‍ തീരദേശവാസികളുടെ ദുരിതം കണ്ടമട്ടില്ല.
രാത്രിയില്‍ വലിയ തോതില്‍ വെള്ളം തുറന്നുവിടുമ്പോള്‍ 10 മിനിറ്റ് മുമ്പ് മാത്രമാണ് മുന്നറിയിപ്പ് നല്‍കുക. ഈ സമയത്ത് പ്രായമായവരും കുട്ടികളും അടക്കമുള്ളവരുമായി രക്ഷപ്പെടാനാവില്ല. വീട്ടുസാധനങ്ങളും വെള്ളത്തിലാകും. ചിലര്‍ മഴ മാറുന്നത് വരെ ബന്ധുവീടുകളിലേക്ക് മാറി. മറ്റെവിടെയും പോകാന്‍ ഇടമില്ലാത്തവര്‍ വെള്ളമുയരുമ്പോള്‍ സമീപത്തെ തേയിലത്തോട്ടത്തിലേക്ക് മാറും. പലരും പടുത കെട്ടി താത്കാലിക സംവിധാനമൊരുക്കി. ജോലിക്കു പോലും പോകാതെ ബുദ്ധിമുട്ടുകയാണ് ജനങ്ങള്‍.
കഴിഞ്ഞയാഴ്ച പ്രതിഷേധിച്ചവര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. അതോടെ ജനങ്ങള്‍ക്ക് പ്രതിഷേധിക്കാനും ഭയമാണ്. 2015ല്‍ ഇത്തരത്തില്‍ പ്രതിഷേധിച്ച പലരും ഇപ്പോഴും കേസുമായി നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: