ഉദുമ: കെഎസ്ടിപി റോഡ് കൈയ്യേറി അനധികൃതമായി നിര്‍മ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് നീക്കാനെത്തിയ അധികൃതരെ തടഞ്ഞ് സിപിഎം നേതാക്കള്‍. ഉദുമ ടൗണില്‍ കെഎസ്ടിപി റോഡ് കൈയ്യേറിയാണ് ഡിവൈഎഫ്‌ഐയുടെ പേരില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ചിട്ടുള്ളത്. തിങ്കളാഴ്ച ഉച്ചയോടെയാണ് ബസ്‌കാത്തിരിപ്പ് കേന്ദ്രം പൊളിക്കാന്‍ ഡപ്യൂട്ടി കലക്ടര്‍ അജേഷിന്റെ നേതൃത്വത്തില്‍ കെഎസ്ടിപി അധികൃതരും പോലീസും എത്തിയത്.
സിപിഎം ഏരിയ സെക്രട്ടറിയുടേയും ഡിവൈഎഫ്‌ഐ നേതാക്കളുടേയും ഭീഷണിയെ തുടര്‍ന്ന് പൊളിച്ച് നീക്കാന്‍ സാധിക്കാതെ മടങ്ങുകയായിരുന്നു. ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ നിര്‍മ്മിച്ച ഭാസ്‌ക്കര കുമ്പള സ്മാരക ബസ് കാത്തിരുപ്പ് കേന്ദ്രം പൊളിക്കണമെന്ന് ഹൈക്കോടതി ഉത്തരവ് നേരത്തെ നിലവിലുണ്ടായിട്ടും അത് നടപ്പിലാക്കാന്‍ അധികൃതര്‍ക്ക് സാധിക്കാത്തതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. തിങ്കളാഴ്ച രാവിലെ കലക്‌ട്രേറ്റില്‍ ഉന്നതതല യോഗം ചേരുകയും ബസ്‌കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുനീക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഡപ്യൂട്ടി കലക്ടറും റവന്യു – പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയത്.
സിപിഎമ്മുകാരുടെ ഭീഷണിക്ക് വഴങ്ങി ഇന്ന് മൂന്ന് മണിവരെ സമയം അനുവദിച്ച് അവര്‍ മടങ്ങുകയായിരുന്നു. റോഡരികിലുള്ള അനധികൃത കെട്ടിടങ്ങളും ബാനറുകളും നീക്കം ചെയ്യാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് സര്‍വകക്ഷി യോഗം ചേര്‍ന്ന് നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പൊതു സ്ഥലങ്ങള്‍ കൈയ്യേറി സിപിഎം സ്ഥാപിച്ച സ്തൂപങ്ങളും രക്തസാക്ഷി മണ്ഡപങ്ങളും കൊടിമരങ്ങളും ഇപ്പോഴും പല സ്ഥലത്തും നീക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: