തൃശ്ശൂര്‍: കോര്‍പ്പറേഷന്‍ വൈദ്യുതി വിഭാഗത്തെ കമ്പനിയാക്കാന്‍ കരട് രേഖ തയ്യാറാക്കി അസിസ്റ്റന്റ് സെക്രട്ടറിക്ക് നല്‍കിയ മേയറുടെ നടപടിയില്‍ സിപിഎം നേതൃത്വത്തിന് കടുത്ത അതൃപ്തി. കൂടിയാലോചനകളില്ലാതെയും പ്രാഥമിക ചര്‍ച്ചകളിലേക്ക് പോലും കടന്നിട്ടില്ലാത്ത കാര്യത്തിലാണ് മേയര്‍ വൈദ്യുതി വിഭാഗത്തെ കമ്പനിയാക്കുന്നതിനുള്ള കരട് രേഖ തയ്യാറാക്കിയത്. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോഴാണ് സിപിഎം നേതൃത്വം പോലും ഇക്കാര്യമറിഞ്ഞത്.
കോര്‍പ്പറേഷന്‍ വൈദ്യുതി വിഭാഗത്തിലെ വലിയ യൂണിയനായ സിഐടിയു നിയന്ത്രണത്തിലുള്ള സംഘടനയും ഇക്കാര്യമറിഞ്ഞത് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ്. സിപിഎം നേതൃത്വത്തെ ബന്ധപ്പെട്ടപ്പോള്‍ അത്തരമൊരു ആലോചനപോലും നടന്നിട്ടില്ലെന്നും ഇത്തരമൊരു കാര്യത്തെ കുറിച്ച് അറിഞ്ഞിട്ടില്ലെന്നുമാണ് മറുപടി ലഭിച്ചതെന്ന് ഇടത് യൂണിയന്‍ നേതൃത്വം അവരുടെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗങ്ങള്‍ക്കായി പങ്കുവച്ച അറിയിപ്പില്‍ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് വൈദ്യുതി വിതരണത്തിന് അധികാരമുള്ള ഏക തദ്ദേശ സ്ഥാപനമാണ് തൃശ്ശൂര്‍ കോര്‍പ്പറേഷന്‍. ഇതിനെ മേയര്‍ ചെയര്‍മാനായി തൃശൂര്‍ കോര്‍പ്പറേഷന്‍ ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ലിമിറ്റഡ് (ടിസിഇഡിഎല്‍) എന്ന കമ്പനി രൂപവല്‍ക്കരിക്കാനാണ് മേയര്‍ കരട് രേഖ തയ്യാറാക്കിയത്. മേയറുടെ നടപടികള്‍ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്ന നിലപാടെടുക്കുന്നത് തുടര്‍ച്ചയാവുകയാണ്. നേരത്തെ പോലീസ് സല്യൂട്ട് നല്‍കുന്നില്ലെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഡിജിപിക്ക് മേയര്‍ കത്ത് നല്‍കിയത് സിപിഎം നേതൃത്വത്തില്‍ തന്നെ വലിയ വിവാദമുണ്ടാക്കിയിരുന്നു. പ്രതികരണങ്ങളിലേക്ക് കടക്കാതെയായിരുന്നു സിപിഎം ഇതിനെ നേരിട്ടത്. എന്നാല്‍ വൈദ്യുതി വിഭാഗത്തെ കമ്പനിയാക്കാനുള്ള തീരുമാനം ഏറെ ഗൗരവകരവും നയപരമാവും എടുക്കേണ്ട വിഷയമാണ്.
വിവിധ തലങ്ങളില്‍ ചര്‍ച്ചയും കൂടിയാലോചനകളും നടത്തേണ്ടതുണ്ടെന്നിരിക്കെ മേയര്‍ തിടുക്കപ്പെട്ട് നടത്തിയ നീക്കത്തില്‍ നേതാക്കള്‍ കടുത്ത അമര്‍ഷത്തിലാണ്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ.ഷാജന്‍, ജില്ലാ കമ്മിറ്റിയംഗം വര്‍ഗീസ് കണ്ടംകുളത്തി, ഏരിയാ കമ്മിറ്റിയംഗം അനൂപ് ഡേവിസ് കാട എന്നിവരാണ് കോര്‍പ്പറേഷന്‍ ഭരണം നിയന്ത്രിക്കുന്നത്. ഇവരുമായി കൂടിയാലോചിച്ച് വേണം ഫയലുകളില്‍ തീരുമാനമെടുക്കാനും പ്രതികരണം നടത്താനുമെന്നുമാണ് മേയര്‍ക്ക് സിപിഎം നല്‍കിയിട്ടുള്ള നിര്‍ദേശം. എന്നാല്‍ ഇവരാരും വൈദ്യുതി വിഭാഗത്തെ കമ്പനിയാക്കാനുള്ള പദ്ധതി അറിഞ്ഞിട്ടില്ല.
തീരുമാനത്തിനെതിരേ കോണ്‍ഗ്രസ് രംഗത്ത് വന്നു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ മേയര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കണമെന്ന ആവശ്യം നേതാക്കളില്‍ ഉയര്‍ന്നിട്ടുണ്ട്. അടുത്ത ദിവസം തന്നെ മേയറെ വിളിച്ച് ഇക്കാര്യത്തിലുള്ള അതൃപ്തി നേരിട്ട് അറിയിക്കാനും അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നുമുള്ള നിര്‍ദേശം നല്‍കാനുമാണ് സിപിഎം ആലോചിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: