കണ്ണൂര്‍: ഭിക്ഷാടനമുക്ത വിശപ്പുരഹിത നഗരം എന്ന ലക്ഷ്യവുമായി നഗരത്തില്‍ സ്ഥാപിച്ച അക്ഷയപാത്രത്തില്‍ ഭക്ഷണമില്ല. കൊവിഡിന് ശേഷം അക്ഷയപാത്രം പ്രവര്‍ത്തന രഹിതമാണ്. നഗരത്തിലെത്തുന്ന വിശക്കുന്ന മനുഷ്യര്‍ക്ക് കൈയില്‍ പണമില്ലെങ്കിലും വിശപ്പടക്കാനുള്ള ആശ്രയമായിരുന്നു കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷന് സമീപം സ്ഥാപിച്ച അക്ഷയപാത്രം. ഭിക്ഷാടകര്‍ക്ക് പുറമെ മറ്റുള്ളവരും ഇവിടെ ഭക്ഷണത്തിനെത്തുമായിരുന്നു. 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞ ഇവിടെ നിലവില്‍ ഒരു നേരം പോലും നല്‍കാനുള്ള ഭക്ഷണമില്ല.
കൊവിഡിന് ശേഷം കോര്‍പറേഷന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ തെരുവില്‍ അലയുന്നവരെ പുനരധിവസിപ്പിച്ചിരുന്നു. ആ സമയത്ത് അവര്‍ക്ക് ഭക്ഷണം ക്യത്യമായി ലഭിക്കുകയും ചെയ്തു. എന്നാല്‍ കൊവിഡ് ഭിതിയൊഴിഞ്ഞ് എല്ലാ മേഖലകളും സജീവമായപ്പോള്‍ ഇവരെ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചിലരെ സ്വന്തം നാട്ടില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ നിലവില്‍ നഗരത്തില്‍ അലഞ്ഞു തിരിയുന്നവര്‍ കുറവല്ല. അതില്‍ മക്കള്‍ ഉപേക്ഷിച്ച മാതാപിതാക്കളും മറ്റു ശാരീരികാസ്വസ്ഥകളും ഉള്ളവരുണ്ട്. ഇവര്‍ക്കുള്ള പ്രധാന ആശ്രയമായിരുന്നു പോലീസിന്റെ അക്ഷപാത്രം. കഴിഞ്ഞ ജനുവരിയില്‍ ഇതിന്റെ പ്രവര്‍ത്തനം വീണ്ടും തുടങ്ങിയെങ്കിലും പിന്നെയും അടച്ചിട്ടു.
2017 ഡിസംബറില്‍ ഇപ്പോഴത്തെ എസിപി പി.പി. സദാനന്ദന്റെ നേതൃത്വത്തിലാണ് പദ്ധതി ആവിഷ്ക്കരിച്ചത്. പദ്ധതിക്കായി ഒരു ലക്ഷം രൂപ ചെലവിട്ടിരുന്നു. ദുരുപയോഗം ചെയ്യാതിരിക്കാന്‍ സിസിടിവി കാമറയും സ്ഥാപിച്ചു. ഭക്ഷണം മാത്രമല്ല ആവശ്യക്കാര്‍ക്ക് പുതുവസ്ത്രവും ഇവിടെ നിന്ന് ലഭിക്കും. ജനമൈത്രി പോലീസാണ് ക്യാബിനും ഭക്ഷണം കേട് കൂടാതെ സൂക്ഷിക്കുന്ന ഫുഡ് ചില്ലറും ഒരുക്കിയത്. സ്കൂളുകള്‍, സന്നദ്ധ സംംഘടനകള്‍, വ്യാപാരി സംഘടനകള്‍. സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ച് അത്താഴക്കൂട്ടം എന്ന വാട്സ് ആപ് കൂട്ടായ്മയാണ് ഭക്ഷണവും വ സ്ത്രങ്ങളുമെത്തിച്ചു നല്‍കിയത്. ഇപ്പോഴും അക്ഷയപാത്രത്തില്‍ ഭക്ഷണമുണ്ടാകുമെന്ന പ്രതീക്ഷയില്‍ ചിലരെങ്കിലും ഇവിടെ വന്നു നോക്കിപ്പോകാറുണ്ട്. അതേ സമയം ഭിക്ഷാടകര്‍ക്ക് അവര്‍ ഇരിക്കുന്ന സ്ഥലങ്ങളില്‍ ഭക്ഷണമെത്തിച്ചുകൊടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സംഘാടകര്‍ പറയുന്നു. എന്നാല്‍ ഭിക്ഷാടകര്‍ മിക്കവരും ഒരേ സ്ഥലത്ത് കേന്ദ്രീകരിക്കുന്നവരല്ല. ഈ സാഹചര്യത്തില്‍ ഇവര്‍ക്ക് എങ്ങനെ ഭക്ഷണമെത്തിക്കുമെന്ന കാര്യത്തില്‍ വ്യക്തതയുമില്ല.
അടുത്ത മാസം ഒന്ന് മുതല്‍ അക്ഷയപാത്രത്തില്‍ ഭക്ഷണമെത്തിക്കാനുള്ള പ്രവര്‍ത്തനം ആരംഭിക്കാന്‍ ശ്രമിക്കുമെന്നാണ് അത്താഴക്കൂട്ടം ഭാരവാഹികള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: