ജനീവ: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ 38 രാജ്യങ്ങളിലേക്ക് വ്യാപിച്ചെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ചില രാജ്യങ്ങളില്‍ പ്രാദേശികമായി ഒമിക്രോണ്‍ പടര്‍ന്ന് തുടങ്ങി. യുഎസിലും ഓസ്ട്രേലിയയിലും ഇത്തരത്തില്‍ പടരുന്നു. എന്നാല്‍ ഇതുവരെ ഒമിക്രോണ്‍ മൂലം മരണം സംഭവിച്ചിട്ടില്ലെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി.
ഒമിക്രോണ്‍ സ്ഥീരികരിച്ച് ആഴ്ചകള്‍ പിന്നിട്ടിട്ടും മരണം റിപ്പോര്‍ട്ട് ചെയ്യാത്തത് വലിയ ആശ്വാസമായാണ് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നത്. ദക്ഷിണാഫ്രിക്കയില്‍ വന്‍തോതില്‍ വ്യാപിച്ചിട്ടും ആര്‍ക്കും മരണം സംഭവിച്ചിട്ടില്ല. മൂന്ന് ലക്ഷത്തിലധികം പേരാണ് ഇതുവരെ വൈറസ് ബാധിതരായത്. ആശുപത്രിയിലെത്തുന്നവരുടെ എണ്ണത്തിലും ക്രമാതീതമായ വര്‍ധനയുണ്ടായിട്ടില്ല.
എന്നാല്‍, വാക്സിനുകള്‍ക്ക് എത്രത്തോളം ഒമിക്രോണിനെ പ്രതിരോധിക്കാനാകുമെന്നതില് സ്ഥിരീകരണമില്ല. ഇതുവരെയുള്ള റിപ്പോര്‍ട്ട് അനുസരിച്ച് വാക്സിന് സ്വീകരിച്ചവരില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നില്ലെന്നാണ് വിവരം.
മരണം സംഭവിക്കുന്നില്ലെങ്കിലും ഒമിക്രോണ്‍ വ്യാപനം അതിരൂക്ഷമാണെന്നും അടുത്ത മാസങ്ങളില്‍ ലോകരാജ്യങ്ങളെ ബാധിച്ചേക്കാമെന്നും ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നല്കുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ അഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ കൂടുതലായി ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വാക്സിന് സ്വീകരിക്കാത്തതാകും കുട്ടികളെ കാര്യമായി ബാധിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: