ഡെറാഡൂണ്‍: ദല്‍ഹി-ഡെറാഡൂണ്‍ സാമ്പത്തിക ഇടനാഴി പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭംകുറിക്കും. പ്രധാനമന്ത്രിയുടെ ഉത്തരാഖണ്ഡ് സന്ദര്‍ശനത്തിന്റെ ഭാഗമായാണ് 18,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഇന്ന് തുടക്കംകുറിക്കുന്നത്. യാത്രയുടെ ഭാഗമായി ഡെറാഡൂണിലെ മെഗാ റാലിയും അദ്ദേഹം അഭിസംബോധന ചെയ്യും.
ഏകദേശം 8,300 കോടി രൂപയുടെ പദ്ധതിയാണ് ദല്‍ഹി- ഡെറാഡൂണ്‍ സാമ്പത്തിക ഇടനാഴി. പുതിയ എക്സ്പ്രസ് വേ വരുന്നത്തോടെ രണ്ട് നഗരങ്ങള്‍ക്കിടയിലുള്ള യാത്രാ സമയം നാലു മണിക്കൂറായി കുറയ്ക്കാന്‍ സാധിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ദല്‍ഹി- സഹാരന്‍പൂര്‍- ഡെറാഡൂണ്‍ സാമ്പത്തിക ഇടനാഴി രണ്ട് നഗരങ്ങള്‍ക്കിടയിലുള്ള ദൂരം 235 കിലോമീറ്ററില്‍ നിന്ന് 210 കിലോമീറ്ററായും യാത്രാ സമയം 6.5 മണിക്കൂറില്‍ നിന്ന് 2.5 മണിക്കൂറായും കുറയ്ക്കും. വന്യജീവി സംരക്ഷണത്തിനായി 12 കിലോമീറ്റര്‍ നീളമുള്ള എലിവേറ്റഡ് കോറിഡോര്‍ സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യത്തെ ഹൈവേകൂടിയാണിത്.
ഡെറാഡൂണിലെ ദത് കാളി ക്ഷേത്രത്തിന് സമീപത്തായി 340 മീറ്റര്‍ നീളത്തില്‍ നിര്‍മ്മിക്കുന്ന പാത ഇവിടേക്കെത്തുന്ന ഭക്തര്‍ക്കും വലിയ ആശ്വസമാകും. വാഹനങ്ങള്‍ മൃഗങ്ങളെ ഇടിച്ചുണ്ടാകുന്ന അപകടങ്ങള്‍ വലിയ തോതില്‍ ഒഴിവാക്കാനും ഇതിലൂടെ കഴിയും. ബദരീനാഥില്‍ നിന്നും ധാമിലേക്കുള്ള വഴിയിലെ ലംബാഗഡില്‍ മണ്ണിടിച്ചില്‍ പോലുള്ള പ്രകൃതിക്ഷോഭങ്ങളില്‍ റോഡ് ഗതാഗതം തടസ്സപ്പെടുന്നതിന് നിയന്ത്രണം വരുത്തുന്നതിനായി മണ്ണിടിച്ചില്‍ ലഘൂകരണ പദ്ധതിയും നടപ്പാക്കും.
എന്‍എച്ച് 58ലുള്ള സകനിധര്‍, ശ്രീനഗര്‍, ദേവപ്രയാഗ് തുടങ്ങിയ സ്ഥലങ്ങളെല്ലാം ഗുരുതരമായ മണ്ണുവീഴ്ച പ്രശ്നങ്ങള്‍ നേരിടുന്ന സ്ഥലങ്ങളാണ്. ഈ പ്രദേശങ്ങളിലെ മണ്ണിടിച്ചിലിനെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടപ്പാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പ്രദേശത്തെ റോഡ്, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ക്കാണ് ഇന്ന് ആരംഭംകുറിക്കുക. ടൂറിസം വികസനത്തിനും ഇത് ഏറെ സഹായകമാകും. 2021നും 2023നും ഇടയില്‍ ദേശീയപാതാ വികസനം ലക്ഷ്യമിട്ടുള്ള 83ഓളം പ്രൊജക്ടുകളാണ് സര്‍ക്കാര്‍ ആവിഷ്കരിച്ചിരിക്കുന്നതെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചു. ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കും പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: