മുംബൈ: വാങ്കഡെയില്‍ ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്റെ മായാജാലം. മായങ്കിന്റെ ബാറ്റിലേറി ഇന്ത്യ മികച്ച സ്കോറിലേക്ക് കുതിക്കുകയാണ്. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് എടുത്തു. തുടക്കം മുതല്‍ ബാറ്റു ചെയ്തുന്ന മായങ്ക് സെഞ്ച്വറിയും കടന്ന് (120) കീഴടങ്ങാതെ നില്‍ക്കുകയാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് വുദ്ധിമാന്‍ സാഹ (25) യാണ് അഗര്‍വാളിന് കൂട്ട്.
246 പന്ത് നേരിട്ട അഗര്‍വാള്‍ പതിനാലു ഫോറും നാലു സിക്സറും സഹിതമാണ് 120 റണ്‍സ് എടുത്തത്. മായങ്കിന്റെ നാലാം ടെസ്റ്റ് സെഞ്ച്വറിയാണിത്.
ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യക്ക് ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാളും ശുഭ്മന്‍ ഗില്ലും ഗംഭീര തുടക്കം സമ്മാനിച്ചു. ആദ്യ വിക്കറ്റില്‍ ഇവര്‍ 80 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. അര്‍ധ ശതകത്തിലേക്ക നീങ്ങിയ ഗില്ലനെ വീഴ്ത്തി ഇന്ത്യന്‍ വംശജനായ അജാസ് പട്ടേല്‍ ഈ പാര്‍ട്നര്‍ഷിപ്പ് തകര്‍ത്തു. പട്ടേലിന്റെ പന്തില്‍ ഗില്‍ ടെയ്ലറുടെ കൈപ്പിടിയിലമര്‍ന്നു. 71 പന്ത് നേരിട്ട ഗില്‍ ഏഴു ഫോറും ഒരു സിക്സറും അടക്കം 44 റണ്‍സ് എടുത്തു.
ഗില്ലിന് പിന്നാലെ ക്രീസിലെത്തിയ ചേതേശ്വര്‍ പൂജാരയും ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും അജാസ് പട്ടേലിന് മുന്നില്‍ അനായാസം ബാറ്റ് താഴ്ത്തിയതോടെ ഇന്ത്യ മൂന്ന് വിക്കറ്റിന് 80 റണ്‍സെന്ന നിലയില്‍ തകര്‍ച്ചയിലേക്ക് നീങ്ങി. പൂജാരയ്ക്കും കോഹ്ലിക്കും സ്കോര്‍ബോര്‍ഡ് തുറക്കാനായില്ല. സംപൂജ്യരായി മടങ്ങി.
ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി കുറിച്ച ശ്രേയസ് അയ്യര്‍ മായങ്കിനൊപ്പം പൊരുതിന്നതോടെ ഇന്ത്യ കരകയറി. നാലാം വിക്കറ്റില്‍ ഇവര്‍ 80 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ അജാസിന്റെ പന്തില്‍ ബ്ലെന്‍ഡലിന് ക്യാച്ച് നല്കി അയ്യര്‍ മടങ്ങി. 41 പന്ത് നേരിട്ട അയ്യരുടെ സമ്പാദ്യം 18 റണ്‍സ് മാത്രം.
അയ്യര്‍ക്കുശേഷം ക്രീസിലെത്തിയ വൃദ്ധിമാന്‍ സാഹ മായങ്കിനൊപ്പം പിടിച്ചുനിന്നു. വേര്‍പിരിയാത്ത അഞ്ചാം വിക്കറ്റില്‍ ഇവര്‍ 61 റണ്‍സ് എടുത്തിട്ടുണ്ട്. സാഹ 53 പന്തില്‍ മൂന്ന് ഫോറും ഒരു സികസറും അടക്കം 25 റണ്‍സ് എടുത്തു.
ന്യൂസിലന്‍ഡിനായി ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ അജാസ് പട്ടേല്‍ 73 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലി ബാറ്റിങ് തെരഞ്ഞെടുത്തു. പരിക്കേറ്റ കെയ്ന്‍ വില്യംസണിന് പകരം ഓപ്പണര്‍ ടോം ലാഥമാണ് ന്യൂസിലന്‍ഡിനെ നയിച്ചത്.
ഇന്ത്യ മൂന്ന് മാറ്റങ്ങളുമായാണ് ഇറങ്ങിയത്. ഇഷാന്ത് ശര്‍മ്മ, അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക്് പകരം മുഹമ്മദ് സിറാജ്, ശ്രേയസ് അയ്യര്‍, ജയന്ത് യാദവ് എന്നിവരെ ഉള്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: