മോസ്കോ: സോയൂസ് എംഎസ്09 എന്ന ബഹിരാകാശ പേടകത്തില്‍ നാസയുടെ ബഹിരാകാശയാത്രിക ദ്വാരമുണ്ടാക്കിയെന്ന ആരോപണത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലിലേക്ക്. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്കോസ്മോസ് നാസയ്ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ 2018ല്‍ ഡോക്ക് ചെയ്ത സോയൂസ് എംഎസ്09 എന്ന ബഹിരാകാശ പേടകത്തില്‍ നാസയുടെ ബഹിരാകാശയാത്രിക രണ്ട് മില്ലിമീറ്റര്‍ വലുപ്പമുള്ള ദ്വാരമുണ്ടക്കിയെന്ന റഷ്യന്‍ ഏജന്‍സിയുടെ ആരോപണത്തെ തുടര്‍ന്നാണ് സംഭവങ്ങളുടെ തുടക്കം.
നാസയുടെ ബഹിരാകാശ യാത്രിക സെറീനയ്ക്ക് കടുത്ത മാനസിക സമ്മര്‍ദങ്ങള്‍ ഉണ്ടായിരുന്നെന്നും കാമുകനെ കാണാനായി തിരികെ ഭൂമിയില്‍ എത്താന്‍ വേണ്ടിയാണ് പേടകത്തില്‍ ഇവര്‍ ദ്വാരമുണ്ടാക്കിയെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളും റഷ്യന്‍ മാധ്യമങ്ങളും ആരോപിക്കുന്നത്. എന്നാല്‍ നാസയുടെ ബഹിരാകാശ യാത്രികരുടെ മേല്‍ റഷ്യ അവരുടെ പിഴവ് വെച്ച് ചുമത്തുകയാണെന്ന് അമേരിക്കന്‍ മാധ്യമങ്ങളടക്കം അവകാശപ്പെടുന്നു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്ത സോയൂസ് എംഎസ്09 പേടകത്തിന്റെ ഒരു മൊഡ്യൂളില്‍ 2018 ഓഗസ്റ്റിലാണ് രണ്ട് മില്ലിമീറ്റര്‍ ദ്വാരം കണ്ടെത്തിയത്. അമേരിക്കന്‍ ബഹിരാകാശയാത്രികര്‍ക്കോ റഷ്യന്‍ ബഹിരാകാശയാത്രികര്‍ക്കോ സംഭവത്തില്‍ അപകടമൊന്നും സംഭവിച്ചിരുന്നില്ല.
എന്നിരുന്നാലും റഷ്യന്‍ ബഹിരാകാശ ഉദ്യോഗസ്ഥര്‍ വിഷയത്തെ വളരെ ഗൗരവമായാണ് കാണുന്നത്. റഷ്യന്‍ ബഹിരാകാശയാത്രികയായ സെര്‍ജി പ്രോകോപിയേവ്, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ബഹിരാകാശയാത്രികന് അലക്സാണ്ടര്‍ ഗെര്‍സ്റ്റ്, നാസയുടെ സെറീന ഓന്ചാന്സലര് എന്നിവരാണ് അന്ന് സോയൂസ് എംഎസ്09 എന്ന ബഹിരാകാശ പേടകത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്.
നിര്‍മാണത്തിലോ പരിശോധനയിലോ ഉണ്ടായ പിഴവാണ് ‘ദ്വാരത്തിന്’ കാരണമായതെന്നാണ് ആദ്യം ചില റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ നാസയുടെ ബഹിരാകാശയാത്രികയായ സെറീന ഔണ്ചാന്സലര്ക്ക് കടുത്ത മാനസിക പ്രതിസന്ധിയുണ്ടായിരുന്നെന്നും എത്രയും വേഗം ഭൂമിയിലേക്ക് മടങ്ങാന്‍ ദ്വാരം തുരന്നെന്നും റഷ്യന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ന്യൂസ് സര്‍വീസായ ടിഎഎസ്എസ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്ത നിഷേധിച്ച നാസ അന്ന് തന്നെ വിശദീകരണവുമായി രംഗത്തെത്തി.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ റോസ്കോസ്മോസിലെ വിദഗ്ധര്‍ നടത്തിയ അന്വേഷണം അവസാനിച്ചതായി ഏജന്‍സി മാധ്യമങ്ങളെ അറിയിച്ചു. സോയൂസ് എംഎസ്09 ബഹിരാകാശ പേടകത്തിന്റെ ആവാസ മൊഡ്യൂളിലെ ദ്വാരത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ വിശദമായ റിപ്പോര്‍ട്ടുകള്‍ നിയമനിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതായി റോസ്കോസ്മോസ് മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണത്തിന്റെ മറ്റ് വിശദാംശങ്ങളൊന്നും ബഹിരാകാശ ഏജന്‍സി ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: