ന്യൂദല്‍ഹി: ജവാദ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ റെഡ് അലെര്‍ട്ടുമായി കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. ദക്ഷിണ ആന്‍ഡമാന്‍ കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാദ്ധ്യതയുണ്ടെന്നും ശനിയാഴ്ചയോടെ ഇത് ഒഡീഷ തീരത്ത് ചുഴിക്കാറ്റിന്റെ രൂപത്തില്‍ എത്തിപ്പെടുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
മണിക്കൂറില്‍ 45 കിലോമീറ്റര്‍ മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് തീരപ്രദേശത്ത് വീശുമെന്നാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നതെന്ന് ഒഡീഷ റിലീഫ് കമ്മീഷണര്‍ പി.കെ ജന പറഞ്ഞു. വെളളിയാഴ്ചയോടെ ഇത് മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കാം. ശനിയാഴ്ച രാവിലെയോടെ ആന്ധ്ര ഒഡീഷ തീരത്തേക്ക് കാറ്റ് കടക്കുമെന്നാണ് മുന്നറിയിപ്പ്. കരയിലേക്ക് എത്തുന്നതോടെ കാറ്റിന് 80 മുതല്‍ 90 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാം.
മുന്നറിയിപ്പ് തുടരുന്ന തീരപ്രദേശങ്ങളിലുളള 13 ജില്ലകളിലെ കളക്ടര്‍മാരോട് തയ്യാറെടുപ്പ് നടത്താന്‍ ഒഡീഷ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ഒഴിപ്പിക്കുന്നത് അടക്കമുളള മുന്നൊരുക്ക നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദ്ദേശം. അടിയന്തിര ഘട്ടത്തില്‍ ദുരന്ത നിവാരണപ്രവര്‍ത്തനങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി പ്രത്യേക രൂപരേഖ തയ്യാറാക്കിയതായി അധികൃതര്‍ അറിയിച്ചു. ദേശീയ ദുരന്ത പ്രതികരണ സേനയോടും ഒഡീഷ ദുരന്ത ദ്രുതകര്‍മ്മസേനയോടും തയ്യാറെടുക്കാനും കേന്ദ്രം നിര്‍ദ്ദേശം നല്കി.
ജവാദ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് ഉള്ളതിനാല്‍ ഇന്ന് പുറപ്പെടേണ്ട രണ്ടു ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി. തിരുവനന്തപുരം- ഷാലിമാര്‍ ബൈ വീക്ലി സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ (നമ്പര്‍ 22641), കന്യകുമാരി- ദിബ്രുഗഡ് വീക്കിലി വിവേക് എക്സ്പ്രസ്സ് (നമ്പര്‍ 15905) എന്നിവയാണ് റദ്ദാക്കിയത്.
ന്യൂനമര്ദ്ദംരൂപപ്പെടുന്നതും സഞ്ചാരപഥവും കൂടുതല്‍ കൃത്യമായി വിലയിരുത്തി വരികയാണെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. ദേശീയ ദുരന്ത നിവാരണ കമ്മിറ്റി യോഗം ചേര്‍ന്ന് തയ്യാറെടുപ്പുകള്‍ വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: