തിരുവനന്തപുരം : ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഡാമിലെ ഷട്ടര്‍ തുറന്ന് വെള്ളം ഒഴുക്കിയ തമിഴ്നാടിന്റെ നടപടി കോടതിയലക്ഷ്യമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്. റൂള്‍കര്‍വ് പാലിക്കാതെയായിരുന്നു തമിഴ്നാടിന്റെ നടപടി. ഇത് ഗൗരവകരമാണെന്ന് മന്ത്രി പ്രതികരിച്ചു.
കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തിയ നടപടി അത്യധികം ദൗര്‍ഭാഗ്യകരമാണ്. ഒരു സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കാത്ത നടപടിയാണ് തമിഴ്നാടില്‍ നിന്നുമുണ്ടായത്. മുല്ലപ്പെരിയാറില്‍ 142 അടി ജലം നിലനിര്‍ത്താന്‍ തമിഴ്നാട് സര്‍ക്കാരിന് വ്യഗ്രതയാണ്. ഇക്കാര്യം കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ട് സംസാരിക്കും. മുന്നറിയിപ്പ് നല്‍കാതിരുന്നത് ഗൗരവരകരമാണെന്നും തമിഴ്നാടിനെ കേരളം അറിയിക്കുമെന്നും റോഷി അഗസ്റ്റിന് അറിയിച്ചു.
ഡാമിലെ ജലനിരപ്പ് 142 അടിയായി നിലനിര്‍ത്താന്‍ നടപടി എടുക്കണം. രാത്രിയില്‍ മുന്നറിയിപ്പില്ലാതെ വെള്ളം ഒഴുക്കുന്ന സാഹചര്യം ഇനി ഉണ്ടാക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. കേരളത്തിലെ ഗുരുതര സാഹചര്യം എംപിമാര്‍ പാര്‍ലമെന്റിലും രാജ്യസഭയിലും അറിയിക്കുമെന്നും റോഷി അഗസ്റ്റിന് പറഞ്ഞു.
മേല്‍നോട്ട സമിതി ഉടന്‍ ചേരണം. നിലവില്‍ വിവിധ വകുപ്പുകള്‍ ജാഗ്രതയിലാണ്. പുതിയ ഡാം വേണമെന്നത് കേരളത്തിന്റെ ആവശ്യമാണ്. തമിഴ്നാടിന്റെ ഈ പ്രവൃത്തി തുടരുമോ ഇല്ലയോ എന്നുറപ്പില്ലാത്തതിനാല് പോലീസ്, അഗ്നിശമന സേന അടക്കമുള്ള പ്രതിരോധ നടപടികള്‍ കേരളം ശക്തമാക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു.
കഴിഞ്ഞ ദിവസം ഡാമിലെ ജലനിരപ്പ് 142 അടി എത്തിയതോടെയാണ് അര്‍ധരാത്രി മുന്നറിയിപ്പില്ലാതെ 10 സ്പില്‍വേ ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വീതം തമിഴ്നാട് ഉയര്‍ത്തിയത്. ഈ സീസണില്‍ ആദ്യമായാണ് ഇത്രയധികം ഷട്ടറുകള്‍ ഒരുമിച്ച് തുറക്കുന്നത്. ഇതേത്തുടര്‍ന്ന് പെരിയാര്‍ തീരത്ത് വള്ളക്കടവിലെ അഞ്ച് വീടുകളില്‍ വെള്ളം കയറി.
എന്നാല്‍ തുറന്ന 10 ഷട്ടറുകളില്‍ ഏഴെണ്ണം ഇപ്പോള്‍ അടച്ചു. മൂന്നു ഷട്ടറുകളിലൂടെ 30 സെന്റിമീറ്റര്‍ വീതം തുറന്ന് 1,261.83 ഘനയടി വെള്ളം ഇപ്പോള്‍ ഒഴുക്കുന്നുണ്ട്. ജലനിരപ്പ് 142 അടിയില്‍ തുടരുകയാണെങ്കിലും ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: