കുണ്ടറ: നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിലപൊത്താറായ ഓടിട്ട കെട്ടിടവുമായി എഴുകോണ്‍ വില്ലേജ് ഓഫീസ്. മരണഭയത്താലാണ് ഏഴു ജീവനക്കാര്‍ ഇവിടെ ജോലി നോക്കുന്നത്. പല ആവശ്യങ്ങള്‍ക്കായി വില്ലേജ് ഓഫീസില്‍ എത്തുന്നവര്‍ പേടിയോടെയാണ് ഓഫീസിനുള്ളില്‍ കയറുന്നത്.
എഴുകോണ്‍ വില്ലേജ് ഓഫീസ് കെട്ടിടം കണ്ടാല്‍ ആര്‍ക്കും ഭയം തോന്നും. നൂറിലധികം വര്‍ഷം പഴക്കമുള്ള ഓടിട്ട കെട്ടിടവും രേഖകള്‍ സൂക്ഷിക്കാനായി പിന്നീട് നിര്‍മിച്ച മുറിയും ചേര്‍ന്നതാണ് എഴുകോണ്‍ വില്ലേജ് ഓഫീസ്. ഓടുകള്‍ പലതും നഷ്ടപ്പെട്ട് താത്ക്കാലികമായി പ്ലാസ്റ്റിക് ഷീറ്റ് ഇട്ടിരിക്കുകയാണ്.
ഓടിനു മുകളില്‍ പുല്ലുകള്‍ വളര്‍ന്നതിനാല്‍ ചോര്‍ച്ചയുണ്ട്. ഓഫീസിനുള്ളില്‍ കയറിയാല്‍ ഇതിലും ഭയാനകമാണ് കാഴ്ച. ഓടിന് കീഴില്‍ പലക കൊണ്ട് സ്ഥാപിച്ച തട്ട് ഇളകി മാറി നിലംപൊത്താറായി. ഈര്‍പ്പവും ചോര്‍ച്ചയും കാരണം പായല്‍ പിടിച്ച് നനവ് മാറാതെ അപകടാവസ്ഥയിലായ ഭിത്തി. ഇതിനു സമീപമാണ് പല രേഖകളും സൂക്ഷിച്ചിരിക്കുന്നത്.
ഓരോ ദിവസത്തെയും ജീവനക്കാരുടെ ആദ്യ ജോലി മേശയിലെയും ഇരിപ്പിടങ്ങളിലെയും മരപ്പട്ടി വിസര്‍ജ്യങ്ങള്‍ നീക്കം ചെയ്യുക എന്നതാണ്. 22000ലധികം കൈവശരേഖകളും അനുബന്ധ രേഖകളും സൂക്ഷിക്കുന്ന ഓഫീസില്‍ ചോര്‍ച്ചയും ഈര്‍പ്പവും കാരണം പലതും നശിക്കുന്നു. മുന്നോഫീസില് ഇരിക്കാന്‍ സൗകര്യമില്ലാതെ വന്നതോടെ രേഖകള്‍ സൂക്ഷിക്കുന്ന മുറിയുടെ ഒരു ഭാഗത്താണ് വില്ലേജ് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇരിപ്പിടമാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: