അപ്രതീക്ഷിതമായെത്തുന്ന കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഇത്തവണ ശബരിമലയിലും പമ്പയിലും തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോള്‍ നിലതെറ്റുന്നത് പ്രധാന ബേസ് ക്യാമ്പായ നിലയ്ക്കലിന്. കൂടാതെ സന്നിധാനത്ത് തിരക്ക് കൂടിയാലും നിലയ്ക്കലില്‍ നിന്നും ശബരിമലയിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും.
മണ്ഡലകാലം തുടങ്ങി പതിനഞ്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും നിലയ്ക്കലില്‍ പകരം സംവിധാനം ഒരുക്കാന്‍ പോലീസിനും ദേവസ്വം ബോര്‍ഡിനും കഴിയാത്തത് ഏറെ ബുദ്ധിമുട്ടുകളാണ് അയ്യപ്പന്മാര്ക്ക് ഉണ്ടാക്കുന്നത്. നിലയ്ക്കലില്‍നിന്ന് നാമമാത്രമായ വാഹന സര്‍വ്വീസുകളാണ് ഇപ്പോഴും നടക്കുന്നത്. ഇതുകാരണം നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വ്വീസിനായി തീര്‍ത്ഥാടകര്‍ ഏറെ നേരം കാത്തുനില്‍ക്കേണ്ട ഗതികേടിലാണ്. മാത്രമല്ല തിരക്ക് നിയന്ത്രണം മുതല്‍ അടിസ്ഥാന സൗകര്യം വരെയുള്ള കാര്യങ്ങള്‍ എങ്ങും എത്തിയിട്ടില്ല.
ചെറിയ വാഹനങ്ങള്‍ക്ക് നിലയ്ക്കല്‍ വരെ മാത്രമാണ് പ്രവേശനം. തുടര്‍ന്ന് കെഎസ്ആര്‍ടിസിയുടെ ചെയിന്‍ സര്‍വ്വീസിനെ ആശ്രയിക്കണം. ദീര്‍ഘദൂര സര്‍വ്വീസുകള്‍ നിലയ്ക്കല്‍ എത്തിയ ശേഷം പമ്പയിലേക്ക് പോകുമെങ്കിലും ഇതില്‍ മറ്റ് വാഹനങ്ങളില്‍ നിലയ്ക്കല്‍ എത്തിയ തീര്‍ത്ഥാടകരെ കയറ്റാറില്ല. കൊവിഡ് നിയന്ത്രണമുളളതിനാല്‍ രാത്രി എട്ടിനും പുലര്‍ച്ചെ ഒന്നിനും ഇടയില്‍ പമ്പയിലേക്ക് തീര്‍ത്ഥാടകരെ കയറ്റിവിടാറില്ല. ഈ സമയങ്ങളില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ പൂര്‍ണ്ണമായും നിലയ്ക്കലില്‍ തങ്ങേണ്ട അവസ്ഥയാണ്.
നിലയ്ക്കലില്‍ ആവശ്യത്തിന് ഹോട്ടലുകളും ലഘുഭക്ഷണ ശാലകളും പ്രവര്‍ത്തിക്കാത്തതിനാല്‍ തീര്‍ത്ഥാടകര്‍ക്ക് ആവശ്യത്തിന് ഭക്ഷണവും ലഭിക്കുന്നില്ല. ഒരു ഹോട്ടലും രണ്ട് ടീസ്റ്റാളുകളും മാത്രമാണ് ഇപ്പോഴുമുള്ളത്. ദേവസ്വം ബോര്‍ഡിന്റെ അന്നദാനമുണ്ടെങ്കിലും ഇതിന്റെ പ്രയോജനം നിലയ്ക്കലില്‍ തങ്ങുന്ന മിക്ക തീര്‍ത്ഥാടകര്‍ക്കും ലഭിക്കുന്നില്ല. കുടിവെള്ളത്തിനും ബുദ്ധിമുട്ടുണ്ട്. വാട്ടര്‍ കിയോസ്കുകള്‍ ചിലയിടങ്ങളില്‍ മാത്രമാണ് സ്ഥാപിച്ചിട്ടുള്ളത്. ദേവസ്വം ബോര്‍ഡിന്റെ കുടിവെള്ള വിതരണം മൂന്നിടങ്ങളില്‍ മാത്രമാണുള്ളത്.
ശൗചാലയങ്ങള്‍ തുറക്കാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു. ബയോടോയ്ലെറ്റുകള് മാത്രമാണ് നിലവിലുള്ളത്. തീര്‍ത്ഥാടകരുടെ വരവ് കൂടുന്നതിനനുസരിച്ച് ക്രമീകരണങ്ങള്‍ വിപുലീകരിച്ചില്ലങ്കില് ഇത്തവണത്തെ തീര്‍ത്ഥാടനകാലവും ദുരിതത്തിലാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: