ദുബായ്: യുഎഇയില്‍ സിവില്‍, ക്രിമിനല്‍ നിയമങ്ങളില്‍ 50 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ നിയമ പരിഷ്‌ക്കരണത്തിന് യുഎഇ പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കി. പുതിയ പരിഷ്‌കാരങ്ങള്‍ പ്രകാരം വിവാഹേതര ലൈംഗിക ബന്ധത്തിനുണ്ടായിരുന്ന വിലക്ക് ഇനി കുറ്റകരമല്ല. പുതിയ നിമയ പ്രകാരം 18ന് വയസ്സിന് മുകളിലുള്ളവരുമായി പരസ്പര സമ്മതത്തോടെ വിവാഹേതര ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമല്ല. എന്നാല്‍ ഭര്‍ത്താവോ, ഭാര്യയോ, രക്ഷിതാവോ പരാതിപ്പെടുന്ന പക്ഷം മാത്രമേ ഇത് കുറ്റകരമാവൂ. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആറു മാസത്തില്‍ കുറയാത്ത തടവ് ശിക്ഷ ലഭിക്കാം. അതോടൊപ്പം പ്രതിക്കെതിരായ ശിക്ഷ വേണ്ടെന്നു വയ്‌ക്കാന്‍ ഭാര്യയ്‌ക്കും ഭര്‍ത്താവിനും രക്ഷിതാക്കള്‍ക്കും അധികാരമുണ്ടെന്നും പുതിയ നിയമം പറയുന്നു. വിവാഹേതര ലൈംഗിക ബന്ധത്തില്‍ പുറക്കുന്ന കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുമെന്നും പുതിയ നിയമം വ്യക്തമാക്കുന്നു.
അതേസമയം, ബലാല്‍സംഗത്തിനും അനുവാദത്തോടെയല്ലാത്ത ലൈംഗിക ബന്ധത്തിനും ജീവപര്യന്തം തടവാണ് ശിക്ഷ. എന്നാല്‍ ബലാല്‍സംഗത്തിന് ഇരയായത് 18 വയസ്സിന് താഴെയുള്ളവരോ ഭിന്നശേഷിക്കാരോ ചെറുത്തുനില്‍ക്കാന്‍ കഴിവില്ലാത്തവരോ ആണെങ്കില്‍ വധശിക്ഷ വരെ ലഭിച്ചേക്കാം. ആളുകളോട് സഭ്യേതരമായി പെരുമാറിയാല്‍ 10,000 ദിര്‍ഹം പിഴയും തടവുമാണ് ശിക്ഷ. കുറ്റകൃത്യത്തിനിടയില്‍ ഭീഷണിയോ ശക്തിയോ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ 20 വര്‍ഷം വരെ തടവ് ലഭിച്ചേക്കും. അതേസമയം, സ്വകാര്യ ഇടങ്ങളിലെ മദ്യപാനം ഇനി മുതല്‍ കുറ്റകരമല്ല. പൊതു ഇടങ്ങളിലും മറ്റ് നിയമം മൂലം അനുവദിക്കപ്പെട്ട ഇടങ്ങളിലും വച്ച് മദ്യപാനം നടത്തുന്നത് പുതി നിയമ പ്രകാരം കുറ്റകരമാണ്. 21 വയസ്സില്‍ താഴെയുള്ളവര്‍ക്ക് മദ്യം നല്‍കുന്നതും, അവരെ അത് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണ്.
സാമൂഹിക മാധ്യമങ്ങള്‍ വഴി ഉള്‍പ്പെടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും നിയമം കര്‍ശനമായി തടയുന്നു. ഓണ്‍ലൈന്‍ വഴിയുള്ള വ്യാജ പരസ്യങ്ങള്‍ക്കും കടിഞ്ഞാണ്‍ ഇടുന്നതാണ് പുതിയ നിയമ പരിഷ്‌ക്കാരം. തെറ്റായ പരസ്യങ്ങള്‍, ഇല്ലാത്ത പ്രൊമോഷനുകള്‍, ലൈസന്‍സില്ലാതെയും ക്രിപ്‌റ്റോ കറന്‍സികളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും വില്‍പ്പന തുടങ്ങിയവയും നിയമത്തിന്റെ പരിധിയില്‍ വരും. വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതും അത് പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. 40 പുതിയ നിയമങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയത്. സ്ത്രീകള്‍, ഗാര്‍ഹിക ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കുന്നതാണ് നിയമപരിഷ്‌കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: