കാണ്‍പൂര്‍: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയത്തിനരികില്‍. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ന്യൂസിലന്‍ഡ് രണ്ടാം ഇന്നിങ്സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ നാല് റണ്‍സ് എന്ന നിലയിലാണ്. അവസാന ദിനം ന്യൂസിലന്‍ഡിന് വിജയിക്കാന്‍ 280 റണ്‍സ് വേണം. ഒമ്പത് വിക്കറ്റ് കൂടി നേടിയാല്‍ ഇന്ത്യക്ക് വിജയിക്കാം.
രണ്ടാം ഇന്നിങ്സില്‍ തകര്‍ച്ചയോടെയാണ് ഇന്ത്യയുടെ ബാറ്റിങ് ആരംഭിച്ചത്. 14 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ വിക്കറ്റ് നഷ്ടമായി. താരതമ്യേന വേഗത്തില്‍ ബാറ്റ് ചെയ്ത പൂജാര 22 റണ്‍സിന് പുറത്തായി. 33 പന്തിലാണ് പൂജാര 22 റണ്‍സെടുത്തത്. പിന്നാലെ നായകന് അജിങ്ക്യ രഹാനെ നാല് റണ്‍സിനും പുറത്തായി. പിടിച്ചുനില്‍ക്കുമെന്ന് തോന്നിച്ച മായങ്ക് അഗര്‍വാള്‍ 17 റണ്‍സിനും പുറത്തായി. ഇതോടെ പതറിയ ഇന്ത്യയെ ശ്രേയസ് അയ്യര്‍ മുന്നോട്ട് കൊണ്ടുപോയി. അയ്യര്‍ 65 റണ്‍സെടുത്ത് സൗത്തിക്ക് മുന്നില്‍ കുടുങ്ങി. 125 പന്തുകളില്‍ നിന്നാണ് അയ്യര്‍ 65 റണ്‍സെടുത്തത്. രവീന്ദ്ര ജഡേജ പൂജ്യത്തിന് പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. പിന്നാലെയെത്തിയ രവിചന്ദ്ര അശ്വിന് അയ്യര്‍ക്കൊപ്പം പൊരുതിയതോടെയാണ് ഇന്ത്യന്‍ സ്കോര്‍ മികച്ച നിലയിലെത്തിയത്. അശ്വിന് 32 റണ്‍സെടുത്തു. വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാന് വൃദ്ധിമാന്‍ സാഹയും അര്‍ധസെഞ്ചുറിയോടെ ഇന്ത്യയെ ഇരുനൂറ് കടത്തി. അവസാന ഓവറുകളില്‍ മികച്ച രീതിയില്‍ കളിച്ച അക്സര്‍ പട്ടേല്‍ 28 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. സാഹ 61 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇതോടെ ഇന്ത്യ 234 റണ്‍സിന് ഏഴ് വിക്കറ്റ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു.
ടിം സൗത്തയുടെയും കൈല്‍ ജാമിസണിന്റെയും ബൗളിങ്ങാണ് ഇന്ത്യയെ പിന്നോട്ടടിച്ചത്. ഇരുവരും മൂന്ന് വീക്കറ്റ് വീതം വീഴ്ത്തി. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെയും പൂജാരയെയും വീഴ്ത്തി തുടക്കത്തില്‍ തന്നെ ന്യൂസിലന്‍ഡിന് പ്രതീക്ഷ നല്‍കിയത് ജാമിസനാണ്. അശ്വിന്റെ വിക്കറ്റും ജാമിസണ് വീഴ്ത്തി. മധ്യനിരയെ തകര്‍ത്താണ് സൗത്തി കളിയില്‍ നിറഞ്ഞത്. ശ്രേയസ് അയ്യരെയും ജഡേജയെയും പുറത്താക്കിയ സൗത്തി മായങ്ക് അഗര്വാളന്റെയും വിക്കറ്റ് എടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് നാലാം ദിനം അവസാനിക്കുമ്പോള്‍ നാല് റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. വില്‍ യങ്ങാണ് ന്യൂസിലന്‍ഡ് നിരയില്‍ പുറത്തായത്. ഇന്ത്യക്കായി അശ്വിന് എല്‍ബിയില്‍ കുരുക്കി. ടോം ലാഥവും വില്യം സോമര്വൈലുമാണ് ക്രീസില്‍. സ്പിന്നിനെ തുണയ്ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ വിജയത്തിലേക്കെത്തുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: