തളിപ്പറമ്പ് (കണ്ണൂര്‍): തളിപ്പറമ്പില്‍ സിപിഎം വിമത വിഭാഗം സിപിഐയിലേക്ക്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ ഏരിയ കമ്മിറ്റിയംഗവും നഗരസഭ മുന്‍ വൈസ് ചെയര്‍മാനുമായ കോമത്ത് മുരളീധരനും അനുകൂലികളും മന്ത്രി എം.വി. ഗോവിന്ദനെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. കടുത്ത അച്ചടക്കലംഘനം ആരോപിച്ച് മുരളീധരനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയതിനു ശേഷമാണ് മുരളീധരന് തുറന്നുപറച്ചില്‍ നടത്തിയത്.
എം.വി. രാഘവന് പാര്‍ട്ടി വിട്ട് പോയപ്പോള്‍ കൂടെ പോയ ആളാണ് എം.വി. ഗോവിന്ദന്. മറുകണ്ടം ചാടി തിരിച്ചുവന്നയാള് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗവും ഇപ്പോള്‍ മന്ത്രിയുമായി. അങ്ങനെയുള്ളവരാണ് പാര്‍ട്ടി അണികള്‍ക്ക് ക്ലാസ്സെടുക്കുന്നത്. പാര്‍ട്ടി നേതൃത്വത്തിലെ കൊള്ളരുതായ്മകള്‍ ചോദ്യം ചെയ്തു കൂട. ചോദ്യം ചെയ്യുന്നവരെ പാര്‍ട്ടിയില്‍ വാഴിക്കില്ല. അതിനുദാഹരണമാണ് തന്റെ പുറത്താക്കലെന്നും മുരളി പറഞ്ഞു.
എം.വി. ഗോവിന്ദന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗമായിരുന്നപ്പോള്‍ ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്സണായിരുന്നു ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമള. പാര്‍ത്ഥാസ് കണ്വെന്ഷന് സെന്റര്‍ ഉടമ സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ചെയര്‍പേഴ്സണെതിരെയും പാര്‍ട്ടിയിലെ ചില ഉന്നതര്‍ക്കെതിരെയും മുരളീധരന് വിമര്‍ശനം ഉന്നയിച്ചിരുന്നു. പാര്‍ട്ടിയിലെ ചിലരുടെ താന്തോന്നിത്തത്തെ ചോദ്യം ചെയ്തതിനാണ് തളിപ്പറമ്പിലെ ഏതാനും പാര്‍ട്ടി പ്രവര്‍ത്തകരെ നേതൃത്വം തഴഞ്ഞതും അവര്‍ക്കെതിരെ നടപടിക്ക് മുതിര്‍ന്നതും. ജീവന് തുല്യം സ്നേഹിച്ച പാര്‍ട്ടിയില്‍ നിന്ന് ഒരിക്കലും നീതികേട് പ്രതീക്ഷിച്ചില്ലെന്നും മുരളീധരന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: