ബെംഗളൂരു : സംസ്ഥാനത്തെയ്ക്കെത്തിയ കൂടുതല്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കര്‍ശ്ശന നിയന്ത്രണങ്ങളുമായി കര്‍ണ്ണാടക. കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും വിദ്യാത്ഥികള്‍ക്ക് രണ്ടാഴ്ച്ച ക്വാറന്റീനും നിര്‍ബന്ധമാക്കി.
ഇതിനായി കേരള അതിര്‍ത്തികളില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചു. ക്വാറന്റീന് കഴിഞ്ഞ് പതിനാറാം ദിവസം കോവിഡ് പരിശോധന നടത്തിയ ശേഷമേ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസിലേക്ക് പ്രവേശനം അനുവദിക്കൂ. ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശ്ശന നടപടികള്‍ ഉണ്ടാകുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
അതേസമയം ബെംഗ്ലൂരു ഹൊസൂര്‍ വെറ്റിനറി കോളേജിലെ ഏഴ് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പുതിയ ആശങ്കയുടെ പശ്ചാത്തലത്തില്‍ ബെംഗളൂരുവിലെത്തിയ രണ്ട് ആഫ്രിക്കന്‍ സ്വദേശികളെ നിരീക്ഷിച്ചിരുന്നെങ്കിലും ഇരുവര്‍ക്കും ഒമ്രികോണ്‍ വകഭേദമില്ലെന്ന് സ്ഥിരീകരിച്ചു. ഈ മാസം 20 ന് ബെംഗളൂരു വിമാനത്താവളത്തിലെത്തിയ ഇരുവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഓമിക്രോണ്‍ ഭീതിയിലാണ് ഇവരെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയത്.
മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കര്‍ണ്ണാടക വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഐടി പാര്‍ക്കുകളിലടക്കം ജോലിക്കെത്തുന്നവര്‍ക്ക് രണ്ട് ഡോസ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ആള്‍ക്കൂട്ടം ഉണ്ടാകുന്ന പരിപാടികള്‍ക്ക് എല്ലാം വിലക്ക് ഏര്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: