അങ്കാര: ചൈനയുടെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ഹു ബിന്ചെനെ ഇന്റര്‍പോള്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. തുര്‍ക്കിയില്‍ നടന്ന ഇന്റര്‍പോളിന്റെ (ഇന്റര്‍നാഷണല്‍ ക്രിമിനല്‍ പൊലീസ് ഓര്ഗനൈസേഷന്) 89ാം പൊതുയോഗത്തിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇന്റര്‍പോളില്‍ പിടിമുറുക്കി തങ്ങളുടെ അധികാരവും സ്വാധീനവും വര്‍ധിപ്പിക്കാനുള്ള ചൈനയുടെ നീക്കങ്ങള്‍ക്കെതിരെ 20 രാജ്യങ്ങളിലെ 50 സഭാസാമാജികര്‍ ഉള്‍പ്പെടെ അംഗങ്ങളായുള്ള ഇന്റര്‍ പാര്‍ലമെന്ററി അലയന്‍സ് ചൈന (ഐപിഎസി) അതത് രാജ്യങ്ങളെ ആശങ്ക അറിയിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍ കഴിയുന്ന ഉയ്ഗുര് മുസ്ലിങ്ങളെ വരെ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് എന്ന സൗകര്യമുപയോഗിച്ച് ചൈനയ്ക്ക് വേട്ടയാടാന്‍ എളുപ്പമാണെന്നും ഐപിഎസി ആരോപിക്കുന്നു.
ചൈനയുടെ പൊതു സുരക്ഷാ മന്ത്രാലയത്തിലെ ഡപ്യൂട്ടി ഡയറക്ടര്‍ ജനറലാണ് ഹു ബിന്‍ചെന്‍. ഈ മന്ത്രാലയമാണ് ചൈനയുടെ ഒപ്പറേഷന് ഫോക്സ് ഹണ്ട് എന്ന രഹസ്യപദ്ധതി നടപ്പാക്കുന്നത്. അഭയാര്‍ത്ഥികളായി രാജ്യം വിട്ടുപോകുന്ന സാമ്പത്തിക കുറ്റവാളികളെ രാജ്യത്തിന് തിരിച്ചുകിട്ടാന്‍ വേണ്ടി 2014ല്‍ ഷീ ജിന്‍പിങാണ് ഓപ്പറേഷന് ഫോക്സ് ഹണ്ട് ആരംഭിച്ചത്. ഈ ഓപ്പറേഷന് ഫോക്സ് ഹണ്ടിനെ സുഗമമാക്കാന്‍ വേണ്ടിയാണ് ഹു ബിന്‍ചെന്‍ ഇന്റര്‍പോളില്‍ കടന്നുകൂടിയതെന്നും അഭിപ്രായമുണ്ട്.
ഹു ബിന്‍ചെന്‍ ഇന്റര്‍പോളിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി തെരഞ്ഞെടുത്ത കാര്യം ഇന്റര്‍പോള്‍ തന്നെ ട്വിറ്ററില്‍ കുറിച്ചു. എന്തായാലും ഹു ബിന്‍ചെനിന്റെ തെരഞ്ഞെടുപ്പ് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇന്റര്‍പോള്‍ പുറപ്പെടുവിക്കുന്ന റെഡ് കോര്‍ണര്‍ നോട്ടീസ് മുതലെടുത്ത് ചൈന വിട്ടുപോകുന്ന വിമതരെ പിടികൂടി രാജ്യത്തെത്തിക്കാന്‍ ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പതിവായി ശ്രമിക്കാറുണ്ട്. ഇപ്പോള്‍ ഹു ബിന്‍ചെന്‍ എക്സിക്യൂട്ടീവ് അംഗമായതോടെ വിമതരെ അമര്‍ച്ച ചെയ്യാന്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനും ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് അനായാസം കഴിയുമെന്നും ഇന്റര്‍ പാര്‍ലമെന്ററി അലയന്‍സ് ചൈന (ഐപിഎസി) പറയുന്നു.
ഹോങ്കോംഗുകാരെയും തിബറ്റുകാരെയും തയ് വാന്‍കാരെയും ചൈനീസ് വിമതരെയും അടിച്ചമര്‍ത്താനുള്ള ചൈനയുടെ നയങ്ങള്‍ക്ക് ഇന്റര്‍പോളിനെ ദുരുപയോഗം ചെയ്യാന്‍ ഹു ബിന്‍ചെനിന്റെ തെരഞ്ഞെടുപ്പ് സഹായകരമാകുമെന്നും ഐപിഎസി പറഞ്ഞു.
കുറ്റവാളികളെ കൈമാറാന്‍ ചൈനയുമായും ഹോങ്കോങുമായി ഉണ്ടാക്കിയ കരാറുകള്‍ പുതിയ സാഹചര്യത്തില്‍ എല്ലാ രാജ്യങ്ങളും അടിയന്തിരമായി റദ്ദാക്കാനും ഐപിഎസി വിവിധ രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചു. നേരത്തെ 40 മനുഷ്യാവകാശ സംഘടനകളും ഇന്റര്‍പോളില്‍ അംഗങ്ങളായ രാഷ്ട്രങ്ങളോട് ഹു ബിന്‍ചെനിന്റെ തെരഞ്ഞെടുപ്പ് ദൂരവ്യാപകഫലം ഉണ്ടാക്കുമെന്ന് ഒരു കത്തിലൂടെ
താക്കീത് ചെയ്തിരുന്നു. ഇതുവഴി ചൈനയ്ക്ക് പുറത്ത് ജീവിക്കുന്ന ചൈനീസ് വിമതരുടെയും ഹോങ്കോങ്കാരുടെയും തയ് വാന്‍ കാരുടെയും ചൈനീസ് മനുഷ്യാവകാശപ്രവര്‍ത്തകരുടെയും ജീവന് ഭീഷണിയുണ്ടെന്നും കത്ത് ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: