തിരുവനന്തപുരം : സഹകരണ സംഘങ്ങള്‍ ബാങ്ക് ഇനിമുതല്‍ ബാങ്ക് എന്ന് ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശം കടുപ്പിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ അല്ലാത്തവരില്‍ നിന്നും നിക്ഷേപം സ്വീകരിക്കരുതെന്നും സംബന്ധിച്ച് ഇന്ന് പത്രപരസ്യം പുറത്തിറക്കി. ആര്‍ബിഐയുടെ അനുമതി വാങ്ങാതെ സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന് പ്രയോഗിക്കരുതെന്ന് നേരത്തെ തന്നെ നിര്‍ദ്ദേശം പുറത്തിറക്കിയതാണ്.
2020 സെപ്തംബര്‍ 29ന് നിലവില്‍ വന്ന ബാങ്കിങ് നിയന്ത്രണ ഭേദഗതി നിയമ പ്രകാരം റിസര്‍വ് ബാങ്ക് അനുമതിയില്ലാത്ത സഹകരണ സംഘങ്ങള്‍ക്ക് ബാങ്ക്, ബാങ്കര്‍ എന്നീ വാക്കുകള്‍ അവരുടെ പേരുകളുടെ ഭാഗമായി ഉപയോഗിക്കാന്‍ പാടില്ല. ചില സഹകരണ സംഘങ്ങള്‍ പേരിന്റെ കൂടെ ബാങ്കര്‍ എന്ന് ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം ബാങ്കുകള്‍ക്ക് ബിആര്‍ ആക്ട് 1949 പ്രകാരം ലൈസന്‍സ് നല്‍കിയിട്ടില്ലെന്നും ഇവയെ ബാങ്കിങ് ബിസിനസ് നടത്തുന്നതിന് ആര്‍ബിഐ അധികാരപ്പെടുത്തിയിട്ടില്ലെന്നും റിസര്‍വ് ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ യോഗേഷ് ദയാലിന്റെ പേരില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്.
ഇത്തരത്തിലുള്ള സഹകരണ സംഘങ്ങളില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പേറേഷന്റെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല ജാഗ്രത പാലിക്കണമെന്നും ആര്‍ബിഐ അറിയിച്ചു. സുപ്രീംകോടതി അംഗീകരിച്ച വസ്തുതകളെ മറികടക്കാനാണ് ആര്‍ബിഐ ശ്രമിക്കുന്നതെന്നും പുതിയ വ്യവസ്ഥകള്‍ സംബന്ധിച്ച് നിയമജ്ഞരുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി വി.എന്‍. വാസവന്‍ വിഷയത്തില്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: