പരാന്ന ഭോജികളുടെ സമരം ഒരു വര്‍ഷം തികഞ്ഞു. ഇതിന്റെ ആഘോഷ വാര്‍ത്തകള്‍ക്കൊപ്പമാണ് കേരളത്തില്‍ പച്ചക്കറികളെത്തിയ വാര്‍ത്തയും നിരന്നത്. പച്ചക്കറി വിലവര്‍ധനവിന് കാരണം പെട്രോള്‍-ഡീസല്‍ വില വര്‍ധനയും മഴയുമാണെന്നായിരുന്നു കഴിഞ്ഞ ദിവസം വരെ സര്‍ക്കാര്‍ ന്യായം. കേന്ദ്രം ഇന്ധനവില കാര്യമായി കുറയ്ക്കുകയും നിയന്ത്രിക്കുകയും ചെയ്തു. കരുതല്‍ ശേഖരം പുറത്തിറക്കി ഇനിയും വിലകുറയ്ക്കാനുള്ള നടപടികളും തുടങ്ങി. അതിനെ സര്‍വ്വ മേഖലകളില്‍ നിന്നും പ്രശംസിക്കുകയും ചെയ്യുന്നു. അപ്പോഴും കേന്ദ്രനിലപാടനുസരിച്ച് ഇന്ധനവിലയുടെ വില താഴുന്ന സമീപനം സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന് മാത്രമല്ല ആ പ്രശ്നം ഉദിക്കുന്നേ ഇല്ലെന്ന് ധനമന്ത്രി ഭീഷണിപ്പെടുത്തുന്നു. മഹാമാരി കുറഞ്ഞെങ്കിലും പെരുമഴമൂലം പാവപ്പെട്ടവര്‍ വലയുന്നു. പണിക്ക് പോകാന്‍ കഴിയുന്നില്ല. വരുമാനവുമില്ല. പച്ചക്കറിക്കൊപ്പം പലചരക്ക് വിലയും ഉയരുന്നു. അപ്പോഴും സര്‍ക്കാരിന്റെ നിലപാട് വിചിത്രം. ഇനി കിറ്റ് നല്‍കില്ല. കേന്ദ്രസര്‍ക്കാര്‍ 80 കോടി പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യധാന്യം സൗജന്യമായും, സൗജന്യ നിരക്കിലും നല്‍കാനെടുത്ത തീരുമാനം കണ്ടഭാവം നടിക്കുന്നില്ല. കേരളത്തിലെ പകുതി ജനങ്ങള്‍ ഈ സൗജന്യത്തിന് അര്‍ഹരാണ്.
നാല്‍പ്പത്തൊന്ന് ടണ്‍ പച്ചക്കറി കേരളത്തിലെത്തിച്ചു എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. പച്ചക്കറി സാധനങ്ങള്‍ സൗജന്യമായല്ല നല്‍കുന്നത്. അതുമാത്രമല്ല പച്ചക്കറിമാത്രം കഴിച്ച് ജീവിക്കാന്‍ കഴിയുമോ ? കേന്ദ്രത്തിനെതിരെ സമരം നടത്തുന്നതിനെ പൂര്‍ണമായും പിന്തുണയ്ക്കുന്ന സര്‍ക്കാരും പ്രതിപക്ഷവും ജനങ്ങളെ രക്ഷിക്കാനും സഹായിക്കാനും മനസ്സുവയ്ക്കുന്നില്ല. ഇരുപക്ഷവും ചേര്‍ന്നാണല്ലൊ കൃഷി ഇല്ലാതാക്കിയതും ഇറക്കുമതിയെ ആശ്രയിക്കേണ്ട അവസ്ഥയിലേക്കും കേരളത്തെ എത്തിച്ചത്. കര്‍ഷകര്‍ക്കുവേണ്ടി മുതലക്കണ്ണീര് മാത്രമാണിവിടെ. ഒരിക്കല്‍ ട്രാക്ടറിനെതിരെ സമരം നടത്തിയവര്‍ ,സമരത്തിന് ട്രാക്ടറുകളെ ആശ്രയിക്കുന്ന വിചിത്ര നിലപാടെടുക്കുന്നു. കേരളത്തിലെ വിളഞ്ഞു നില്ക്കുന്ന പാടങ്ങള്‍ കണ്ട് കര്‍ഷകര്‍ മാറത്തടിക്കുന്നു. കൊയ്യാനാളില്ല. ട്രാക്ടര്‍ ഇറക്കാന്‍ സര്‍ക്കാര്‍ സഹായവുമില്ല. ആര്‍ക്കുവേണ്ടിയാണ് കേരളത്തിലെ ഭരണമെന്ന് ആരും ചിന്തിച്ചുപോകും.
കൃഷി ഇറക്കാന്‍ സര്‍ക്കാരിന്റെ സഹായമില്ല. ഇറക്കുമതിയെ ആശ്രയിക്കുന്നതിന് പകരം ഉല്പാദനം കൂട്ടാന്‍ വ്യവസ്ഥയില്ല. ഉല്പന്നങ്ങള്ക്ക് ന്യായവില ഉറപ്പുമില്ല. കൃഷിയിടത്തിന്റെ വിസ്തീര്‍ണം കുറയുന്നു. 1987ല്‍ കൃഷി വകുപ്പ് രൂപപ്പെട്ടെങ്കിലും രണ്ടായിരത്തിന് ശേഷമാണ് ഒട്ടനവധി സ്ഥാപനങ്ങള്‍ കാര്‍ഷിക മേഖലക്കുണ്ടായത്. അതിന് മുമ്പും കര്‍ഷകര്‍ ഇവിടെ കൃഷി ചെയ്തിരുന്നു. അവര്‍ ഇവിടുത്തെ ജനത്തെ തീറ്റി പോറ്റിയിരുന്നു. കേരളത്തില്‍ കൃഷി വകുപ്പ് ആരംഭിക്കുമ്പോള്‍ ഒന്‍പത് ലക്ഷത്തോളം ഹെക്റ്ററില്‍ ഉണ്ടായിരുന്ന നെല്‍കൃഷി ഇന്ന് 1.97 ലക്ഷം ഹെക്റ്ററിലേക്കാണ് ചുരുങ്ങിയത്. സൂക്ഷ്മ സ്ഥൂല ഗവേഷണ സ്ഥാപനങ്ങളും വിജ്ഞാന കേന്ദ്രങ്ങളും തുടങ്ങി നൂറില്‍ പരം സ്ഥാപനങ്ങളും അനുബന്ധ സംവിധാനങ്ങളും പതിനായിരക്കണക്കിന് ജീവനക്കാരും കോടിക്കണക്കിന് രൂപയും ചിലവഴിച്ചിട്ടും കൃഷിക്ക് എന്ത് നേട്ടം ? കര്ഷകന് എന്ത് നേട്ടം ? എന്ന ചോദ്യമാണ് പരക്കെ. ഈ വിഷയങ്ങളെല്ലാം തുറിച്ച് നോക്കുമ്പോഴാണ് ബസ് യാത്രാനിരക്ക് കൂട്ടാനും വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നത്.
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി തന്നെ വ്യക്തമാക്കിയിരിക്കുന്നു വൈദ്യുതി ബോര്‍ഡിന്റെ സാമ്പത്തിക ബാധ്യത നികത്തണമെങ്കില്‍ ഇതേ മാര്‍ഗ്ഗമുള്ളു എന്നാണ് മന്ത്രിയുടെ വാദം. റഗുലേറ്ററി കമ്മീഷനോട് കുറഞ്ഞത് 10ശതമാനം വരെ വര്‍ധന ബോര്‍ഡ് ആവശ്യപ്പെടുമെന്നാണ് സൂചന. നിരക്ക് വര്‍ധന എത്ര വേണമെന്ന് വ്യക്തമാക്കിയുള്ള താരിഫ് പെറ്റീഷന് ഡിസംബര്‍ 31ന് മുമ്പ് നല്കാന് ബോര്‍ഡിന് നിര്‍ദേശം കിട്ടിയിട്ടുണ്ട്. തുടര്‍ന്ന് ഹിയറിങ് നടത്തി റഗുലേറ്ററി കമ്മിഷനാണ് അന്തിമ തീരുമാനമെടുക്കുക. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പുതുക്കിയ നിരക്ക് ഏപ്രില്‍ ഒന്നിന് നിലവില്‍ വരും.
പീക്ക് അവറില്‍ ഉപയോഗിക്കുന്ന വൈദ്യുതിക്ക് കൂടുതല്‍ ചാര്‍ജ്ജ് ഈടാക്കാനാണ് തീരുമാനം. അനാവശ്യ വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ ചാര്‍ജ് വര്‍ദ്ധനയിലൂടെ സാധിക്കുമെന്ന വാദം ഉയര്‍ത്തിയാണ് ഇത് സാധ്യമാക്കുന്നത്. വൈകീട്ട് 6 മണി മുതല്‍ 10 മണി വരെയുള്ള സമയമാണ് പീക്ക് അവറായി കണക്കാക്കുന്നത്. ഈ സമയത്താണ് സാധാരണക്കാരന് വൈദ്യുതി വേണ്ടതും. അതിനാല്‍ തന്നെ ഈ സമയത്തെ വൈദ്യുതിചാര്‍ജ്ജ് വര്‍ധന സാധാരണക്കാരെയാകും ബാധിക്കുക.
വൈദ്യുതി വിറ്റ് കോടികള്‍ ലാഭമുണ്ടാക്കുമ്പോളാണ് കെഎസ്ഇബി രാത്രി വൈദ്യുതിക്കു വില കൂട്ടി ഉപഭോക്താക്കളെ കൊള്ളയടിക്കുന്നത്. കല്‍ക്കരി ക്ഷാമം മൂലം രാജ്യത്തു വൈദ്യുതി പ്രതിസന്ധി ഏറ്റവും രൂക്ഷമായ ഒക്ടോബറില്‍ പോലും കെഎസ്ഇബി 161.36 കോടി രൂപയ്ക്കു വൈദ്യുതി വിറ്റു. ഇതേമാസം വൈദ്യുതി വാങ്ങാന്‍ വേണ്ടിവന്നത് 12.07 കോടി രൂപയും. നവംബര്‍ 17 വരെ 65.17 കോടി രൂപയ്ക്കു വൈദ്യുതി വിറ്റ കെഎസ്ഇബി, പുറത്തുനിന്നു വൈദ്യുതി വാങ്ങാന്‍ ചെലവിട്ടത് 39.68 ലക്ഷം രൂപ മാത്രം.
എന്നിട്ടും മുടന്തന്‍ ന്യായങ്ങള്‍ നിരത്തി ജനങ്ങളെ ദ്രോഹിക്കാന്‍ തുനിയുകയാണ്. ഇടിവെട്ടേറ്റവനെ പാമ്പും കടിച്ചു എന്നപോലെയാകും കേരളീയരുടെ ജീവിതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: