ബിച്ചു തിരുമലയും യാത്രയായി. ലോകം അടച്ചിരിക്കാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ രണ്ടുവര്‍ഷം തികയുന്നു. ഈ രണ്ടുവര്‍ഷം നമ്മളില്‍ നിന്നും കവര്‍ന്നുകൊണ്ടുപോയത് വിലപ്പെട്ട നിരവധി ജീവനുകള്‍. ഇക്കാലത്തുതന്നെ ബിച്ചുവെന്ന ‘ഗാനനിപുണനും’ വിട പറഞ്ഞു. അയ്യായിരത്തിലധികം പാട്ടുകള്‍ ഒരു ജീവിതകാലംകൊണ്ട് എഴുതിത്തീര്‍ക്കുക! ഏകദേശം അറുപതിനായിരത്തിലധികം വരികള്‍ പാട്ടില്‍ മാത്രം ബിച്ചുവിന്റെ പേരില്‍ തീര്‍ത്തു. കവിതകളും കുറച്ചൊക്കെ എഴുതിയെങ്കിലും പാട്ടുകള്‍ പോലെ അവ ശ്രദ്ധേയങ്ങളായില്ല.
1984 ല്‍ എന്റെ സുഹൃത്തും ബന്ധുവുമായ ഗായകന് കല്ലറ ഗോപന് ഞങ്ങളുടെ സൗഹൃദസദസ്സിലേക്ക് ഒരു കാസറ്റുമായി കയറിവന്നു. തരംഗിണിയുടെ ‘വസന്തഗീതങ്ങള്‍’ എന്ന ഗാനസമാഹാരം ആയിരുന്നു അത്. ബിച്ചു തിരുമല എഴുതി രവീന്ദ്രന് സംഗീതം നിര്‍വഹിച്ചു യേശുദാസും ചിത്രയും ചേര്‍ന്ന് പാടിയ അതിലെ ഗാനങ്ങള്‍ ഞങ്ങളെ അത്ഭുതസ്തബ്ധരാക്കി. ‘അഭോഗി’ രാഗത്തില്‍ രവീന്ദ്രന് ചിട്ടപ്പെടുത്തിയ ‘മാമാങ്കം പലകുറി കൊണ്ടാടി’ എന്നു തുടങ്ങുന്ന ഗാനം എത്രപ്രാവശ്യം കേട്ടുവെന്നു ഞങ്ങള്‍ക്കുതന്നെ നിശ്ചയമില്ല. പൊതുവെ ചരിത്രാന്വേഷികളും കേരളത്തിന്റെ ഗതകാലചരിത്രത്തില് അഭിമാനിക്കുന്നവരുമായ ഞങ്ങള്‍ക്ക് ആ ഗാനം നല്കിയ ആനന്ദം അനിര്‍വചനീയമായിരുന്നു. ‘കണ്ണാടിയില്ലാത്ത തീരങ്ങളോട്’ മാമാങ്കത്തിന്റെ ചോര പുരണ്ട ചരിത്രം പറയാന്ആശ്ചര്യപ്പെടുന്ന കവിമനസ്സിനോട് അന്നുതന്നെ ആദരവ് തോന്നിയിരുന്നു.
മലയാളിയുടെ സംഗീതാസ്വാദനം എല്ലാക്കാലത്തും ചലച്ചിത്രഗാനങ്ങളിലൊതുങ്ങിനിന്നു. പാശ്ചാത്യ രാജ്യങ്ങളിലുള്ളതുപോലെ സംഗീത ട്രൂപ്പുകള്‍ക്കും ആല്‍ബങ്ങള്‍ക്കും ഇവിടെ വലിയ പ്രസക്തയില്ല. എന്നാല്‍ തരംഗിണി ആ പതിവിന് ഇടയ്ക്ക് കുറേക്കാലം മാറ്റം വരുത്തി. ആ മാറ്റത്തില്‍ ഏറ്റവും വലിയ പങ്കു വഹിച്ച ആല്‍ബമാണ് ‘വസന്തഗീതങ്ങള്‍.’ മലയാള ഗാനങ്ങള്‍ ഉള്‍പ്പെട്ട ആ ആല്‍ബത്തിലെ എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചമായിരുന്നു. ആലാപനത്തിലും സംഗീതത്തിലും സാഹിത്യഭംഗിയിലും അവ നമ്മെ അത്ഭുതപ്പെടുത്തി. ചലച്ചിത്രഗാന നിരൂപകന്മാര് ബിച്ചുവിന്റെ അപൂര്‍വ്വം ചില മോശം പാട്ടുകളെ മുന്‍നിര്‍ത്തി അദ്ദേഹത്തിലെ ഗാനരചയിതാവിനെ ഇകഴ്ത്തിയ കാലമായിരുന്നു അത്. പക്ഷെ വസന്തഗീതങ്ങള്‍ കേട്ട ഞാന്‍ ഗാനനിരൂപകരോടു ശക്തമായി വിയോജിച്ചു.
അന്തരിച്ച സംഗീത സംവിധായകന് എം.ജി. രാധാകൃഷ്ണന് സംഗീതം നിര്‍വഹിച്ച, മണിച്ചിത്രത്താഴിലെ ‘പഴംതമിഴ് പാട്ടിഴയും ശ്രുതിയില്‍…’ എന്ന ഗാനം ബിച്ചുവിന്റെ തൂലികയില്നിന്നുതിര്ന്ന അപൂര്‍വ്വ ഗാനങ്ങളില്‍ ഒന്നാണ്. ചലച്ചിത്രഗാനങ്ങള്‍ പലപ്പോഴും സാഹിത്യത്തോടല്ല കൂടുതല്‍ നീതി പുലര്‍ത്തേണ്ടത്, സന്ദര്‍ഭത്തോടാണ്. ആഹരി രാഗത്തില്‍ ചിട്ടപ്പെടുത്തിയ ആ പാട്ട് ചിത്രത്തിന്റെ കഥാസന്ദര്‍ഭവുമായി എത്രമാത്രം പൊരുത്തപ്പട്ടുവെന്ന് പ്രേക്ഷകര്‍ക്ക് ബോധ്യപ്പെടും. മുന്‍കൂട്ടി ഈണം നല്‍കിയശേഷം അതിനസുരിച്ച് എഴുതുക എന്നത് സംഗീതജ്ഞാനം കൂടിയുള്ളവര്‍ക്കേ അനായാസം സാധിക്കൂ. ബിച്ചു തിരുമല എന്നറിയപ്പെട്ട ബി.ശിവശങ്കരന് നായര്‍ക്ക് സംഗീതത്തിന്റെയും സാഹിത്യത്തിന്റെയും പാരമ്പര്യം തന്നെയുണ്ടായിരുന്നതിനാല്‍ അത് നിഷ്പ്രയാസം കഴിഞ്ഞു. അദ്ദേഹത്തിന്റെ സഹോദരി സുശീലാദേവി പ്രശസ്ത ഗായികയാണല്ലോ. മുത്തച്ഛന് ഭാഷാപണ്ഡിതനുമായിരുന്നു.
ഗാനരചനയുടെ പ്രൊഫഷണല്‍ സ്വഭാവത്തോടു യോജിച്ചുപോകാന്‍ കഴിയാത്തതുകൊണ്ട് പല പ്രമുഖ കവികളും ആ രംഗത്തു പരാജയപ്പെട്ടുപോകുന്നു. എന്നാല്‍ സംഗീത പരിചയമുള്ള ബിച്ചു അതിവേഗം ഈണത്തിനനുസരിച്ച് പാട്ടുകള്‍ സൃഷ്ടിച്ചിരുന്നു. എ.ആര്. റഹ്മാനെപ്പോലെ ഈണം മുന്‍കൂട്ടി നല്കി മാത്രം സംഗീതം നിര്‍വഹിച്ചിരുന്ന സംഗീത സംവിധായകര്‍ക്ക് ഉടന്‍ ഗാനം എഴുതിക്കൊടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ആ പ്രതിഭാശാലിയായ ഗാനരചയിതാവിന്റെ കഴിവു തെളിയിച്ച പാട്ടായിരുന്നു യോദ്ധയിലെ ‘പടകാളി ചണ്ഡി ശങ്കരി പോര്‍ക്കലി മാര്‍ക്കലി…’ എന്നു തുടങ്ങുന്ന പാട്ട്. പ്രത്യക്ഷത്തില്‍ വെറും നിരര്‍ത്ഥക പദങ്ങള്‍ ചേര്ത്തുവച്ചിരിക്കുന്നുവെന്നു തോന്നുന്ന ഗാനത്തിന്റെ പല്ലവി മുഴുവന്‍ കാളിദേവിയുടെ പര്യായപദങ്ങളാണ് നിറച്ചിരിക്കുന്നത്. സാഹിത്യത്തില്‍ ഒരു പിടിപാടുമില്ലാത്ത റഹ്മാന് വാക്കുകളൊക്കെ തെറ്റായി പാട്ടില്‍ ഉപയോഗിച്ചതായി പിന്നെ പറഞ്ഞുകേട്ടിരുന്നു. സങ്കീര്‍ണമായ ആ ഈണത്തിനൊപ്പിച്ച് ‘എഴുതിപ്പറ്റിക്കുക’ എന്നത് അസാമാന്യ സിദ്ധികൊണ്ടു മാത്രമേ സാധ്യമാകൂ!
ഭജഗോവിന്ദം എന്ന ചിത്രത്തില്‍ ഉള്‍പ്പെടുത്തിയ ‘ബ്രാഹ്മമുഹൂര്‍ത്തത്തില്‍’ എന്നു തുടങ്ങുന്ന ലളിതഗാനത്തിലെ വരികള്‍ പരിശോധിച്ചാല്‍തന്നെ മനസിലാകും സംഗീതത്തില്‍ ഈ കവിക്കുള്ള അവഗാഹം. ഗുരുഗുഹദാസന്‍ ദീക്ഷിതരെഴുതിയ ചരണത്തെക്കുറിച്ചും ഹരികാംബോജി രാഗത്തെക്കുറിച്ചും കാമുകിയുടെ അധരത്തില്‍ തങ്ങിനില്ക്കുന്ന കൈശികി നിഷാദത്തെക്കുറിച്ചുമൊക്കെ ആ സൃഷ്ടിയില്‍ ബിച്ചു അവതരിപ്പിക്കുന്നു. ഒരു ഗാനരചയിതാവെന്ന നിലയില്‍ ബിച്ചുവിനെ പ്രശസ്തനാക്കാന്‍ ജയന് (ജയവിജയ) സംഗീതസംവിധാനം നിര്‍വഹിച്ച ഈ ഗാനം കാരണമായെന്നു പറയാം.
‘വലംപിരിശംഖില്‍ തുളസീതീര്‍ത്ഥം മലയജകുങ്കുമ മഹാപ്രസാദം പ്രദക്ഷിണവഴിയില്‍ അഴകിന്നഴകേ നിന്റെ മനോഹര രൂപം…’ ചുറ്റമ്പലത്തിലെ ചുവര്‍ചിത്രഭംഗിയില്‍ സുന്ദരി തേടുവതാരേ… എന്നിങ്ങനെ പോകുന്ന ഗാനം കേരളത്തിലെ ലളിതഗാന മത്സരവേദിയില്‍ വിരിഞ്ഞുല്ലസിക്കുന്ന മനോഹര ഗാനമാണ്. പിന്നെയുമെത്രയോ ലളിതഗാനങ്ങള്‍. ‘രവിവര്‍മ്മ നിന്നെയെഴുതിപ്പതിച്ച പടമുടനടിത്തരുമിവന് അതിനൊരു പ്രതിഫലമായ്’ എന്നെഴുതാന്‍ നമ്മുടെ കലാപാരമ്പര്യത്തോടു കൂറും താല്പര്യവുമുള്ള ഒരാള്‍ക്കേ കഴിയൂ. രവീന്ദ്രന്റെ സംഗീതംകൂടി ചേര്‍ന്നപ്പോള്‍ ഇവയൊക്കെ അനശ്വരങ്ങളായിത്തീരുന്നു. പി. ഭാസ്കരന്, വയലാര്‍, ഒഎന്‍വി, ശ്രീകുമാരന്‍ തമ്പി എന്നിവരുടെ ഗണത്തിലേക്ക് ഗാനങ്ങള്‍ മാത്രം പരിഗണിച്ചാല്‍ ബിച്ചുവിനും കടന്നിരിക്കാം. അവര്‍ക്ക് കവിതയില്‍ ചെയ്യാന്‍ കഴിഞ്ഞതൊന്നും ബിച്ചു തിരുമലയ്ക്ക് ചെയ്യാനാവില്ല. എന്നാല്‍ ഗാനങ്ങളുടെ കാര്യത്തില്‍ അദ്ദേഹത്തിനും മെച്ചമായ സ്ഥാനമുണ്ട്. ഗാനനിരൂപകരില് ചിലര്‍ പ്രചരിപ്പിച്ചപോലെ നിലവാരം കുറഞ്ഞ ഗാനങ്ങള്‍ മാത്രമല്ല, നല്ല നിലവാരം പുലര്‍ത്തുന്ന ഗാനങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. നിരന്തരം എഴുതിയ ഒരാള്‍ക്കു സംഭവിച്ചുപോകാവുന്ന ചില വെള്ളം ചേര്ക്കലുകള് ചിലയിടത്ത് ഉണ്ടായിട്ടുണ്ടെങ്കിലും മഹത്തായ എത്രയോ പാട്ടുകള്‍ ആ തൂലികയില്‍ നിന്നും ഉതിര്ന്നീവുണു. നമ്മുടെ ബാല്യകൗമാരങ്ങളെ സമ്പന്നമാക്കിയ ബിച്ചുവിന്റെ ഗാനങ്ങള്‍ നമ്മുടെ വാര്‍ധക്യത്തെയും വരും തലമുറയേയും ആനന്ദിപ്പിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: