ഇസ്ലാമബാദ്: പാകിസ്ഥാന്റെ കടം ചരിത്രത്തിലെ ഏറ്റവും ഉയരത്തിലെന്ന് റിപ്പോര്‍ട്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന് പുറത്തുവിട്ട സപ്തംബര്‍ 2021 വരെയുള്ള കണക്കുകളുടെ റിപ്പോര്‍ട്ട് പ്രകാരമാണിത്.
പുതിയ കണക്കുകള്‍ പ്രകാരം പാകിസ്ഥാന്റെ മൊത്തം കടം ഇപ്പോള്‍ 50.5 ട്രില്ല്യണ്‍ രൂപയാണ്. കടത്തിന്റെ ഈ വര്‍ധന മൂലം അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) പാകിസ്ഥാന് ഇനി കടം കൊടുക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന് അര്‍ത്ഥവത്തായ ഒരു വിശ്വാസ്യതയുമില്ലെന്നും ഐഎംഎഫ് പറയുന്നു.
ഇമ്രാന് ഖാന് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മൊത്തം കടവും പൊതുകടവും വളരെ ശോചനീയാവസ്ഥയിലാണ്. കഴിഞ്ഞ 39 മാസങ്ങള്‍ക്കുള്ളില്‍ മാത്രം 20.7 ട്രില്ല്യണ്‍ രൂപയുടെ പുതിയ കടമാണ് പാകിസ്ഥാന് വരുത്തിവെച്ചിരിക്കുന്നത്. രാജ്യത്തെ കടത്തില്‍ 70 ശതമാനത്തിന്റെ വര്‍ധനയാണ് ഈ കാലഘട്ടത്തിലുണ്ടായതെന്ന് എക്സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വളരുന്ന കടം ഒരു ദേശീയ സുരക്ഷാപ്രശ്നമായിത്തന്നെ മാറിയിരിക്കുകയാണെന്നും ഇമ്രാന്ഖാന് ഈയിടെ അഭിപ്രായപ്പെട്ടിരുന്നു.
2018 ജൂലായ് മുതല്‍ 2021 ജൂണ്‍ വരെയുള്ള കാലയളവില്‍ രാജ്യത്തിന്റെ പൊതുകടത്തില്‍ 14.9 ട്രില്ല്യണ്‍ രൂപയുടെ വര്‍ധവുണ്ടായതായി ധനകാര്യ-റവന്യൂ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. പണത്തിലെ മൂല്യത്തിലുണ്ടായ വീഴ്ച തന്നെ ഏകദേശം 20 ശതമാനം പൊതുകടം വര്‍ധിപ്പിച്ചതായി പറയുന്നു.
മാത്രമല്ല, പാകിസ്ഥാന് സര്‍ക്കാരിന് കേന്ദ്രബാങ്കില്‍ നിന്നും കടമെടുക്കാന്‍ സാധിക്കുന്നില്ല. പകരം കമേഴ്സ്യല്‍ ബാങ്കുകളുടെ ദയാവായ്പിലാണ് രാജ്യമിപ്പോള്‍. മാത്രമല്ല, കമേഴ്സ്യല്‍ ബാങ്കുകള്‍ തന്നെ കൊള്ളപ്പലിശയ്ക്കാണ് ഇനി കടം തരാന്‍ സാധിക്കൂ എന്നും പാകിസ്ഥാന് സര്‍ക്കാരിനെ അറിയിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: