തിരുവനന്തപുരം :മലയാളത്തിലെ പ്രമുഖ ഗാനരചയിതാവ് ബിച്ചു തിരുമല ( 80) അന്തരിച്ചു.ഗാനരചന, സംഗീതസംവിധാനം എന്നിവയ്ക്ക് പുറമെ, ‘ശക്തി’ എന്ന സിനിമയുടെ കഥയും സംഭാഷണവും, ‘ഇഷ്ടപ്രാണേശ്വരി’ എന്ന സിനിമയുടെ തിരക്കഥയും രചിച്ചിട്ടുണ്ട്. നിരവധി ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. സിനിമാഗാനങ്ങളും ഭക്തിഗാനങ്ങളുമടക്കം ഏകദേശം അയ്യായിരത്തോളം ഗാനങ്ങള്‍ മലയാളികള്‍ക്ക് മൂളി നടക്കാനായി ബിച്ചുവിന്റെ തൂലികയില്‍ നിന്നു പിറന്നു.1994 ല്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് ഏറെനാള്‍ സംഗീതലോകത്തു നിന്ന് വിട്ടു നിന്നു
മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് രണ്ടുതവണ ലഭിച്ചു.1981 ലും (തൃഷ്ണ,’ശ്രുതിയില്‍നിന്നുയരും…’, തേനും വയമ്പും ‘ഒറ്റക്കമ്പി നാദം മാത്രം മൂളും…’ ), 1991 ലും (കടിഞ്ഞൂല്‍ കല്യാണം ‘പുലരി വിരിയും മുമ്പേ…’, ‘മനസില്‍ നിന്നു മനസിലേക്കൊരു മൗന സഞ്ചാരം…’).
1942 ഫെബ്രുവരി 13ന് ചേര്‍ത്തല അയ്യനാട്ടുവീട്ടില്‍ സി.ജി ഭാസ്കരന് നായരുടെയും പാറുക്കുട്ടിയുടെയും മൂത്തമകനായാണ് ബിച്ചു തിരുമല എന്ന ബി.ശിവശങ്കരന് നായരുടെ ജനനം. അറിയപ്പെടുന്ന പണ്ഡിതന് കൂടിയായിരുന്ന മുത്തച്ഛന് വിദ്വാന് ഗോപാലപിള്ള സ്നേഹത്തോടെ വിളിച്ച വിളിപ്പേരാണ് ബിച്ചു. തിരുവനന്തപുരം തിരുമലയിലേക്ക് താമസം മാറിയതോടെ അദ്ദേഹം ബിച്ചു തിരുമലയായി.
യൂണിവേഴ്സിറ്റി കോളജില്‍ നിന്നു ധനതത്വശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം സിനിമാ സംവിധാന മോഹവുമായി ചെന്നൈയിലേത്തി. സംവിധായകന് എം. കൃഷ്ണന് നായരുടെ സഹായിയായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു. ‘ശബരിമല ശ്രീധര്‍മശാസ്താവ്’ എന്ന ചിത്രത്തില്‍ സംവിധാനസഹായി ആയി. ബിച്ചു വാരികയില്‍ എഴുതിയ കവിത ‘ഭജഗോവിന്ദം’ എന്ന സിനിമയ്ക്കുവേണ്ടി ഉപയോഗിച്ചു. സിനിമ പുറത്തിറങ്ങിയില്ലെങ്കിലും ‘ബ്രാഹ്മമുഹൂര്‍ത്തത്തില്‍ പ്രാണസഖീ നീ പല്ലവി പാടിയ നേരം…’ എന്നു തുടങ്ങുന്ന ആ പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു.
നടന് മധു സംവിധാനം ചെയ്ത ‘അക്കല്ദാമ’ എന്ന ചിത്രമാണ് ബിച്ചു തിരുമല എഴുതിയ ഗാനങ്ങളുമായി ആദ്യം പുറത്തിറങ്ങിയത്. ഈ ചിത്രത്തില്‍ ശ്യാം സംഗീതം നല്കി ബ്രഹ്മാനന്ദന് പാടിയ ‘നീലാകാശവും മേഘങ്ങളും…’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു . എ.ആര് റഹ്മാന് മലയാളത്തില്‍ സംഗീതം നല്കിയ ‘യോദ്ധ’യിലെ വരികളെഴുതിയതും ബിച്ചുവാണ്. ‘പടകാളി ചണ്ഡി ചങ്കരി പോര്‍ക്കലി…’, ‘കുനുകുനെ ചെറു കുറുനിരകള്‍…’, ‘മാമ്പൂവേ മഞ്ഞുതിരുന്നോ…’ എന്നിങ്ങനെ ‘യോദ്ധ’യിലെ മൂന്നു പാട്ടുകളും സൂപ്പര്‍ഹിറ്റായി.
‘ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ, ‘ആരാരോ ആരിരാരോ അച്ഛന്റ മോളാരാരോ…’, ‘ഉണ്ണിയാരാരിരോ തങ്കമാരാരിരോ….’, ‘രാവു പാതി പോയ് മകനേ ഉറങ്ങു നീ…’, ‘കണ്ണനാരാരോ ഉണ്ണി കണ്‍മണിയാരാരോ…’, ‘പച്ചക്കറിക്കായത്തട്ടില്‍ ഒരു മുത്തശ്ശി പൊട്ടറ്റോ ചൊല്ലി…’ ‘ആളൊരുങ്ങി അരങ്ങൊരുങ്ങീ….’, ‘ചിന്നക്കുട്ടി ചെല്ലക്കുട്ടി തങ്കക്കട്ടീ….’, ‘തത്തപ്പെണ്ണേ തഞ്ചത്തില്‍ വാ….’, ‘കട്ടുറുമ്പേ വായാടി നെയ്യുറുമ്പേ….’, ‘എട്ടപ്പം ചുടണം ചുട്ടപ്പം വരണം….’, ‘ചെപ്പടിക്കാരനല്ലാ അല്ലല്ലാ….’, ‘കാക്കാ പൂച്ച കൊക്കരക്കോഴി വാ ഒട്ടകം ആന മൈനേ….”കണ്ണോടു കണ്ണോരം നീ കണിമലരല്ലേ…’, ‘എന്‍പൂവേ പൊന്‍പൂവേ ആരീരാരം പൂവേ…’ ഇത്തരത്തില്‍ മലയാളചലച്ചിത്രങ്ങളിലെ മാധുര്യമൂറുന്ന നിരവധി താരാട്ടുപാട്ടുകളും ബിച്ചുവിന്റേതായുണ്ട്.
പിന്നണി ഗായിക സുശീലാദേവിയും സംഗീത സംവിധായകന് ദര്ശന് രാമനും സഹോദരങ്ങളാണ്. പ്രസന്നയാണ് ഭാര്യ. ഏക മകന് സുമന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: