മാഡ്രിഡ്: മാഞ്ചസ്റ്റര്‍ സിറ്റിയും റയല്‍ മാഡ്രിഡും ചാമ്പ്യന്‍സ് ലീഗിന്റെ നോക്കൗട്ടില്‍ പ്രവേശിച്ചു. പാരീസ് സെന്റ് ജര്‍മനെ(പിഎസ്ജി) തോല്‍പ്പിച്ചാണ് മാഞ്ചസ്റ്റര്‍ സിറ്റി നോക്കൗട്ടില്‍ കടന്നത്. സിറ്റിയോട് തോറ്റെങ്കിലും പിഎസ്ജിയും പ്രീ ക്വാര്‍ട്ടറിലെത്തി.
ഗ്രൂപ്പ് എ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റി പിഎസ്ജിയെ മറികടന്നത്. രണ്ടാം പകുതിയിലാണ് മൂന്ന്് ഗോളുകളും പിറന്നത്. അമ്പതാം മിനിറ്റില്‍ കിലിയന്‍ എംബാപ്പെയുടെ ഗോളില്‍ പിഎസ്ജി ലീഡ് എടുത്തു. പിന്നീട് മിന്നുന്ന പ്രകടനം കാഴ്ചവച്ച സിറ്റി രണ്ട് ഗോള്‍ തിരിച്ചടിച്ച് വിജയം നേടുകയായിരുന്നു. 63-ാം മിനിറ്റില്‍ റഹീം സ്റ്റെര്‍ലിങ് ഗോള്‍ അടിച്ചതോടെ സിറ്റി പിഎസ്ജിക്ക് ഒപ്പം എത്തി (1-1). പതിമൂന്നു മിനിറ്റുകള്‍ക്കുശേഷം സിറ്റി രണ്ടാം ഗോളും നേടി. ഇത്തവണ ഗബ്രീല് ജീസസാണ് സ്കോര്‍ ചെയ്തത്. ഈ വിജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി അഞ്ചു മത്സരങ്ങളില്‍ 12 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. എട്ട് പോയിന്റുമായി പിഎസ്ജി രണ്ടാം സ്ഥാനത്താണ്.
മള്‍ഡോവന്‍ ഫുട്ബോള്‍ ക്ലബ്ബായ ഷെറീഫിനെ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് റയല്‍ മാഡ്രിഡ് പ്രീ ക്വാര്‍ട്ടറില്‍ കടന്നത്. അലാബ, ടോണി ക്രൂസ്, കരീം ബെന്‍സേമ എന്നിവരാണ്് ഗോളുകള്‍ നേടിയത്. ഈ വിജയത്തോടെ റയല്‍ മാഡ്രിഡ് ഗ്രൂപ്പ് ഡി യില്‍ ഒന്നാം സ്ഥാനത്തെത്തി. അഞ്ചു മത്സരങ്ങളില്‍ അവര്ക്ക്് 12 പോയിന്റുണ്ട്.
ശക്തര്‍ ഡൊനെറ്റ്സ്ക്കിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക്് തോല്‍പ്പിച്ച്് ഇന്റര്‍ മിലാനും ഗ്രൂപ്പ് ഡിയില്‍ നിന്ന് നോക്കൗട്ടില്‍ കടന്നു. മൂന്ന്് തവണ യൂറോപ്യന്‍ ചാമ്പ്യന്മാരായ ഇന്റര്‍ പത്തുവര്‍ഷത്തിനുശേഷമാണ് നോക്കൗട്ടില്‍ കടക്കുന്നത്.
പതിമൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനുശേഷം പോര്‍ച്ചുഗല്‍ ക്ലബ്ബായ സ്പോര്‍ട്ടിങ്ങും പ്രീ ക്വാര്‍ട്ടറിലെത്തി. ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ ഒന്നിനെതിരെ മൂന്ന്് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് സ്പോര്‍ട്ടിങ് ഗ്രൂപ്പ് സി യില്‍ നിന്ന് നോക്കൗട്ടിലെത്തിയത്. ഈ വിജയത്തോടെ സ്പോര്‍ട്ടിങ് അഞ്ചു മത്സരങ്ങളില്‍ ഒമ്പത് പോയിന്റുമായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തെത്തി.
ഗ്രൂപ്പ് ഘട്ടത്തില്‍ ആധിപത്യം തുടരുന്ന അയാക്സും ലിവര്‍പൂളും തുടര്‍ച്ചയായി അഞ്ചാം വിജയം നേടി. ഗ്രൂപ്പ്് സിയില്‍ അയാക്സ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബെസിക്ടാസിനെ തോല്‍പ്പിച്ചു. ഗ്രൂപ്പ് ബി യില്‍ ലിവര്‍പൂള്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പോര്‍ട്ടോയെ പരാജയപ്പെടുത്തി. അഞ്ചു മത്സരങ്ങളില്‍ പതിനഞ്ച് പോയിന്റുമായി ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: