തിരുവനന്തപുരം : ദത്ത് വിവാദത്തില്‍ അനുപമയുടെ അച്ഛനും കേസിലെ ഒന്നാം പ്രതിയുമായ പി.എസ്. ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. സ്റ്റേഷന് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍ മാത്രമാണ് പോലീസ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിന്റെ ആവശ്യം ഇല്ലന്നും കേസ് പരിഗണിച്ച തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി അറിയിച്ചു.
കുഞ്ഞിനെ ദത്ത് നല്കിയ സംഭവത്തില്‍ അനുപമയുടെ അച്ഛനും അമ്മയും ബന്ധുക്കളും അടക്കം ആറ് പേരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. സ്റ്റേഷന് ജാമ്യം ലഭിക്കാനുള്ള കുറ്റങ്ങള്‍മാത്രമാണ് ജയചന്ദ്രനെതിരെ ചുമത്തിയിരിക്കുന്നതെന്ന ജഡ്ജിയുടെ പ്രസ്താവന പുറത്തുവന്നതോടെ കേസില്‍ ഇയാളെ സംരക്ഷിക്കാന്‍ ശ്രമം നടന്നെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. നേരത്തെ പ്രതികള്‍ക്കെതിരെ ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് പേരൂര്‍ക്കട പോലീസ് ചുമത്തിയിരുന്നത്. ഇതോടെ പോലീസും പ്രതികളെ സംരക്ഷിക്കാന്‍ നീക്കം നടത്തിയതായും സംശയം ഉയര്‍ന്നിട്ടുണ്ട്.
അതേസമയം അനുപമയുടെ അമ്മയുള്‍പ്പെടെ അഞ്ച് പേര്‍ക്ക് നേരത്തെ കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചിട്ടുണ്ട്. കേസില്‍ ശിശുക്ഷേമ സമിതിക്കും സിഡബ്ല്യൂസിയുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായതായി വകുപ്പ് തല അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അതിനു പിന്നാലെയാണ് പ്രതികളുമായി പോലീസ് ഒത്തുകളിച്ചെന്ന ആരോപണം ഉയരുന്നത്.
കുഞ്ഞിന്റെ ദത്ത് നടപടിയില്‍ വീഴ്ചകള്‍ പുറത്തുവന്നിട്ടും ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെ സംരക്ഷിക്കുന്ന നിലപാട് തന്നെയാണ് സിപിഎം ഇപ്പോഴും തുടരുന്നത്. ശിശുക്ഷേമ സമിതിക്കും സിഡബ്ല്യൂസിക്കും തെറ്റ് പറ്റിയിട്ടില്ല. കഴിഞ്ഞ ദിവസത്തെ കോടതി ഉത്തരവില്‍ ഇതുസംബന്ധിച്ച് യാതൊന്നും പറയുന്നില്ല. കുറ്റം തെളിയുന്നത്വരെ ഷിജുഖാനെതിരെ നടപടി ഉണ്ടാകില്ലെന്നും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് പറഞ്ഞു. എന്നാല്‍ കുഞ്ഞിനെ ദത്ത് നല്‍കിയവര്‍ക്കെതിരെ നടപടി കൈക്കൊള്ളുന്നത് വരെ സമര പരിപാടിപാകളുമായി മുന്നോട്ട് പോകാനാണ് അനുപമയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: