കരുതല്‍ ശേഖരത്തില്‍ നിന്ന് 50 ലക്ഷം വീപ്പ അസംസ്കൃത എണ്ണ പുറത്തെടുക്കാനുള്ള ഭാരതത്തിന്റെ തീരുമാനം നിര്‍ണായകമാണ്. ലോകത്ത് ഏറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്യുന്നതും ഉപയോഗിക്കുന്നതുമായ രാജ്യങ്ങളിലൊന്നാണ് ഭാരതം. ആ നിലയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനം ആഭ്യന്തര എണ്ണ വിപണിയില്‍ വലിയ മാറ്റങ്ങളുണ്ടാക്കും. രാജ്യത്തിന്റെ മൂന്നിടങ്ങളിലായി 38 ദശലക്ഷം ടണ്‍ ബാരല്‍ എണ്ണയാണ് ഭാരതത്തിന് കരുതല്‍ ശേഖരമായിട്ടുള്ളത്. ഇതില്‍നിന്നാണ് അഞ്ച് ദശലക്ഷം ബാരല്‍ പുറത്തെടുക്കുന്നത്. അമേരിക്ക, ചൈന, ബ്രിട്ടന്, ജപ്പാന് എന്നീ രാജ്യങ്ങളുമായി ചേര്‍ന്ന് ഭാരതം ഇങ്ങനെയൊരു നടപടിക്കൊരുങ്ങുന്നത് ആദ്യമായാണ്. 5 കോടി വീപ്പ അസംസ്കൃത എണ്ണ പുറത്തെടുക്കാനാണ് അമേരിക്കയുടെയും തീരുമാനം. അമേരിക്ക ഇത് രണ്ടാമത്തെ തവണയാണ് ഇങ്ങനെ ചെയ്യുന്നത്. ഒരു പതിറ്റാണ്ടു മുന്‍പ് സിറിയന്‍ യുദ്ധത്തിനുശേഷം അന്നത്തെ അമേരിക്കന്‍ ഭരണകൂടം ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരുന്നു. അസംസ്കൃത എണ്ണ വന്‍തോതില്‍ ഉപയോഗിക്കുന്ന ഭാരതമുള്‍പ്പെടെയുള്ള രാജ്യങ്ങളോട് അമേരിക്കയാണ് ഇങ്ങനെയൊരു നിര്‍ദ്ദേശം വച്ചത്. മറ്റ് കാര്യങ്ങളിലുള്ള അഭിപ്രായ ഭിന്നതകള്‍ മാറ്റിവച്ച് ഈ രാജ്യങ്ങള്‍ അത് അംഗീകരിക്കുകയായിരുന്നു. സമീപകാല ചരിത്രത്തില്‍ ഇങ്ങനെയൊരു സമവായം ഉണ്ടായിട്ടില്ല. അപ്രതീക്ഷിതമായ ഈ സംയുക്ത നീക്കത്തിന്റെ അനന്തര ഫലങ്ങള്‍ എന്തൊക്കെയായിരിക്കുമെന്ന് നയതന്ത്ര വിദഗ്ദ്ധരും സാമ്പത്തിക വിദഗ്ധരും വിലയിരുത്തുകയാണ്.
റഷ്യ ഉള്‍പ്പെടുന്ന രാജ്യങ്ങളോട് കൂടുതല്‍ എണ്ണ ഉത്പാദനം നടത്താന്‍ അമേരിക്കയും മറ്റും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് അവര്‍ തയ്യാറായില്ല. ഇപ്പോഴത്തെ വിപണി സാഹചര്യത്തില്‍ ഇതിന്റെ ആവശ്യമില്ലെന്നാണ് അവര്‍ പ്രതികരിച്ചത്. എണ്ണ ഉത്പാദനം വര്‍ധിപ്പിക്കില്ലെന്ന് അറബ് രാജ്യങ്ങളും വ്യക്തമാക്കുകയുണ്ടായി. അസംസ്കൃത എണ്ണയുടെ ഉത്പാദനം കുറച്ച് അന്താരാഷ്ട്ര വിപണിയില്‍ വില വര്‍ധിപ്പിക്കുകയാണ് ഒപെക് സഖ്യത്തില്‍പ്പെടുന്ന ഈ രാജ്യങ്ങളുടെ തന്ത്രം. ഇതിന് നിന്നുകൊടുക്കാനാവില്ലെന്ന പ്രഖ്യാപനമാണ് കരുതല്‍ ശേഖരം പുറത്തെടുക്കാനുള്ള ഉപഭോക്തൃ രാജ്യങ്ങളുടെ തീരുമാനം. അടിയന്തര സാഹചര്യമോ വിതരണ തടസ്സമോ ഇല്ലാതിരിക്കെ ഇങ്ങനെയൊരു തീരുമാനം ഒപെക് രാജ്യങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്. ഒപെക് രാജ്യങ്ങളുടെ ഏകാധിപത്യത്തെ അംഗീകരിക്കാനാവില്ലെന്ന മുന്നറിയിപ്പും ഇതിലുണ്ട്. അതേസമയം ഇതൊരു പ്രതീകാത്മക നടപടിയാണ്. തങ്ങളുടെ താത്പര്യങ്ങളോട് അനുഭാവപൂര്‍വം പ്രതികരിച്ചില്ലെങ്കില്‍ ഒറ്റക്കെട്ടായി കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്ന വ്യക്തമായ സൂചനയാണ് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ നല്‍കുന്നത്. അമേരിക്കയും ചൈനയും ഭാരതവും ബ്രിട്ടനും ജപ്പാനുമടങ്ങുന്നതാണ് ഈ കൂട്ടായ്മയെന്നത് ഒപെക് രാജ്യങ്ങളെ സമ്മര്‍ദ്ദത്തിലാക്കുകയും, മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. കരുതല്‍ ശേഖരത്തില്‍ നിന്ന് അസംസ്കൃത എണ്ണ പുറത്തെടുക്കാനുള്ള തീരുമാനത്തോട് ഒപെക് രാജ്യങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്നാണ് അമേരിക്കയും മറ്റും ഉറ്റുനോക്കുന്നത്.
അന്താരാഷ്ട്ര വിപണിയിലെ അസംസ്കൃത എണ്ണയുടെ വിലയെ ആശ്രയിച്ചാണ് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലെ ഇന്ധനവില നിര്‍ണയിക്കുക. അസംസ്കൃത എണ്ണയുടെ വില വര്‍ധിച്ചാല്‍ സ്വാഭാവികമായും ഇന്ധനവിലയും വര്‍ധിക്കും. കഴിഞ്ഞ കുറേക്കാലമായി ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് ഇന്ധനവില അടിക്കടി വര്‍ധിപ്പിക്കേണ്ടിവന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ഭാരതം. ഇന്ധനവില വര്‍ധന സമ്പദ്വ്യവസ്ഥയെ തന്നെ ബാധിക്കും. വില നിര്‍ണയത്തിന് അധികാരമില്ലാത്തതിനാല്‍ അടുത്തിടെ ഇന്ധന നികുതി കുറച്ച് നരേന്ദ്ര മോദി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കിയിരുന്നു. കരുതല്‍ ശേഖരത്തില്‍ നിന്ന് അസംസ്കൃത എണ്ണ വിപണിയിലെത്തുന്നതോടെ ഇന്ധന വില വീണ്ടും കുറയും. ഇത് ചരക്കു നീക്കത്തെ സഹായിക്കുകയും, വിലക്കയറ്റത്തെ കുറച്ചുകൊണ്ടുവരികയും ചെയ്യും. അന്താരാഷ്ട്ര വിപണിയിലെ എണ്ണ വില മറച്ചുപിടിച്ച് ഇന്ധനവില വര്‍ധനയില്‍ മോദി സര്‍ക്കാരിനെ ജനവിരുദ്ധമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നവര്‍ കരുതല്‍ ശേഖരം പുറത്തെടുക്കാനുള്ള തീരുമാനത്തില്‍ നിശ്ശബ്ദരാണ്. ഇന്ധനവില വര്‍ധന ചര്‍ച്ചയാക്കിയ മാധ്യമങ്ങള്‍ ഈ തീരുമാനത്തിന് പ്രാമുഖ്യം നല്‍കാത്തത് ജനവിരുദ്ധമായ സങ്കുചിത രാഷ്ട്രീയമാണെന്ന് കാണാന്‍ പ്രയാസമില്ല. ആദ്യം ഇന്ധനനികുതി കുറച്ചു. പിന്നീട് വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു. ഇപ്പോള്‍ വീണ്ടും ഇന്ധനവില കുറയാനുള്ള നടപടികള്‍ എടുക്കുന്നു. കേന്ദ്ര സര്‍ക്കാരിനെതിരെ പ്രയോഗിക്കാനുള്ള ആയുധങ്ങള്‍ പ്രതിപക്ഷത്തിന് ഒന്നൊന്നായി നഷ്ടപ്പെടുകയാണ്. ഇതോടെ ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ജനസമ്മതി ഒന്നുകൂടി കുതിച്ചുയരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: