ന്യൂദല്‍ഹി: ക്രിക്കറ്റ് താരം ഗൗതം ഗംഭീറിന് തുടര്‍ച്ചയായി ഇ-മെയില്‍ വഴി രണ്ടാം വധഭീഷണി. ഐഎസ് ഐഎസ് കശ്മീര്‍ @ ജിമെയില്‍ എന്ന ഇമെയില്‍ വിലാസത്തില്‍ നിന്നാണ് വധഭീഷണി എത്തിയിരിക്കുന്നത്.
‘താങ്കളെ കൊല്ലാന്‍ ഉദ്ദേശിച്ചിട്ടുണ്ട്. പക്ഷെ ഇന്നലെയെ താങ്കള്‍ അതിജീവിച്ചു’- ഇമെയില്‍ പറയുന്നു.
‘താങ്കള്‍ കുടുംബത്തോടൊപ്പമുള്ള ജീവിതത്തെ സ്‌നേഹിക്കുന്നുവെങ്കില്‍ രാഷ്‌ട്രീയത്തില്‍ നിന്നും കശ്മീര്‍ പ്രശ്‌നത്തില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുക,’- ഇമെയില്‍ തുടരുന്നു.
രണ്ടാമത്തെ ഇ-മെയിലിനോടൊപ്പം ഗൗതം ഗംഭീറിന്റെ ദല്‍ഹിയിലുള്ള വീടിന്റെ മുന്‍വശത്തെ വീഡിയോയും അറ്റാച്ച് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച ഇ-മെയില്‍ വഴി വധഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് ഗൗതം ഗംഭീര്‍ പൊലീസിനെ സമീപിച്ചിരുന്നു. ‘ഞങ്ങള്‍ താങ്കളെയും കുടുംബത്തെയും കൊല്ലാന്‍ പോകുന്നു,’ എന്നായിരുന്നു ആദ്യത്തെ ഇ-മെയില്‍. ബിജെപി എംപി കൂടിയായ ഗൗതം ഗംഭീറിന്റെ പരാതിയില്‍ കേസെടുത്തതായി ഡിസിപി (സെന്‍ട്രല്‍) ശ്വേത ചൗഹാന്‍ പറഞ്ഞു.
ഗൗതം ഗംഭീറിനുള്ള സുരക്ഷ പൊലീസ് കര്‍ശനമാക്കിയിട്ടുണ്ട്.
ഭീഷണിപ്പെടുത്തിയവരെ ഉടന്‍ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്ന് സെന്‍ട്രല്‍ ഡി.സി.പി ശ്വേത ചൗഹാന്‍ അറിയിച്ചു. ഇന്ത്യയ്‌ക്ക് വേണ്ടി രണ്ട് ലോകകപ്പ് കിരീടങ്ങള്‍ നേടിയ ഗംഭീര്‍ 2018-ല്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു.
ടി20 ലോകകപ്പിലെ പാകിസ്ഥാന്റെ വിജയം പടക്കം പൊട്ടിച്ച് ആഘോഷിച്ചവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗൗതം ഗംഭീര്‍ രംഗത്ത് വന്നിരുന്നു. ഇത്തരക്കാര്‍ക്ക് ഇന്ത്യക്കാരായി തുടരാന്‍ അര്‍ഹതയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ മൂത്ത സഹോദരന്‍ എന്ന് വിളിച്ച നവജ്യോത് സിംഗ് സിദ്ദുവിന്റെ പ്രസ്താവനയ്‌ക്കെതിരെയും ഗൗതം ഗംഭീര്‍ പ്രതകരിച്ചിരുന്നു. സ്വന്തം കുട്ടികളെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ കൊണ്ടുപോയിനിര്‍ത്തി തീവ്രവാദ രാഷ്‌ട്രത്തിന്റെ നേതാവായ ഇമ്രാന്‍ ഖാനെ മൂത്ത ജ്യേഷ്ഠന്‍ എന്ന് വിളിക്കണമെന്നായിരുന്നു ഗൗതം ഗംഭീറിന്റെ വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: